ഭാരം കുറയ്ക്കാൻ നാരങ്ങാവെള്ളം കുടിക്കാം

ഭാരം കുറയ്ക്കാൻ എളുപ്പവഴി ആലോചിച്ച് സങ്കടപ്പെടുന്നവരാണോ നിങ്ങൾ? വ്യായാമം ചെയ്ത് ശരീരഭാരം കുറയ്ക്കാനും മടിയാണോ? എന്നാൽ ഇനി നിരാശപ്പെടേണ്ട, നാരങ്ങാജ്യൂസ് ഇഷ്ടമില്ലാത്തവരായി ആരും കാണില്ലല്ലോ! നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാമെന്നാണ് ന്യൂട്രീഷനിസ്റ്റുകളുടെ അവകാശവാദം. മാത്രമല്ല ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും വ്യവസ്ഥപ്പെടുത്തുന്നു. ഇതുവഴി ഭാരം കുറയ്ക്കാനും സാധിക്കുന്നു. കൂടാതെ ശരീരത്തിൽ നിന്നു മാലിന്യത്തെ പുറംതള്ളുകയും പെട്ടെന്ന് ഉത്സാഹഭരിതരാക്കുകയും ചെയ്യും.

നാരാങ്ങാ ജ്യൂസ് പ്രകൃതിദത്ത ഉൽപന്നങ്ങളായ നാരങ്ങയുടെയും വെള്ളത്തിന്റെയും ചേരുവയാണ്. ഏതെങ്കിലും തരത്തിലുള്ള അധിക ചേരുവയോ പ്രിസർവേറ്റീവുകളോ ഇതിൽ ഇല്ലാത്തതിനാൽത്തന്നെ ശരീരത്തെ ആരോഗ്യദായകമാക്കാനും ഉത്തമമത്രേ. അതിനാൽത്തന്നെ ഓരോ തവണ കുടിക്കുമ്പോഴും ശരീരത്തിൽ അധിക കാലറി ഉൽപാദിപ്പിക്കപ്പെടുന്നില്ല എന്ന ധൈര്യത്തോടെ കുടിക്കാനും സാധിക്കും. നാരങ്ങാ ഒരു സീറോ കാലറി ഡ്രിങ്ക് ആണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിർവീര്യമാക്കുന്നതിനു സഹായിക്കും.

ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിൻ ഫൈബർ വിശപ്പിനെ ശമിപ്പിക്കുന്നു. വെറ്റമിൻ സി ജലദോഷം, ചെസ്റ്റ് ഇൻഫെക്ഷൻ, കുത്തിയുള്ള ചുമ എന്നിവ തടയുന്നു. പൊട്ടാസ്യം തലച്ചോറിന്റെയും ധമനികളുടെയും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യും.

ഒന്നോർത്തോളൂ, നാരങ്ങാജ്യൂസിൽ പഞ്ചസാര ചേർക്കരുത്. പഞ്ചസാര ചേർത്തു കഴിഞ്ഞാൽ തികച്ചും വിപരീതഫലമാകും ലഭ്യമാകുക. മധുരം നിർബന്ധമാണെങ്കിൽ അൽപം തേൻ ചേർത്ത് കുടിക്കാവുന്നതാണ്. എന്നാൽ ഇന്നുതന്നെ ഇതു പരീക്ഷിക്കാൻ തയാറായിക്കൊള്ളൂ.