ബീറ്റ്റൂട്ട് കഴിക്കാൻ 8 കാരണങ്ങൾ

നാട്ടിൽ സുലഭമായി ലഭിക്കുന്ന ഫലപ്രദവും ആരോഗ്യസംപുഷ്ടവുമായ ഒരു പച്ചക്കറിയാണ് ബീറ്റ്്റൂട്ട്. നമ്മിൽ പലരും അറിയാതെ പോകുന്ന ഒരുപാട് സവിശേഷതകൾ ബീറ്റ്്റൂട്ടിനുണ്ട്.

1. ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. നിത്യവും ആഹാരത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഏറെ സഹായകമാണ്.

2. രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകൾ. കളറുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്സിഡന്റുകൾ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്റൂട്ടിൽ ബീറ്റാ സിയാനിൻ അടങ്ങിയിരിക്കുന്നു. ഇതാകട്ടെ, വളരെ നല്ല ആന്റിഓക്സിഡന്റാണ്. ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ ഇതേറെ സഹായകവുമാണ്.

3. നിത്യേന ഡയറ്റിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

4. പോഷകസംപുഷ്ടമായ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷിയെ പരിപോഷിപ്പിക്കുകയും പുതിയ രക്തകോശങ്ങളുടെ ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. പാചകം ചെയ്യാത്ത ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ്, അയൺ, സിങ്ക്, കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഗർഭാവസ്ഥയിലുള്ള ശിശുക്കളുടെ സ്പൈനൽകോഡിന് ഉറപ്പുവരുത്തുകയും കോശവളർച്ചയെ സഹായിക്കുകയും ചെയ്യുന്നതിന് ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്. ദഹനക്കേടിന് ഉത്തമപ്രതിവിധി കൂടിയാകുന്നു ബീറ്റ്റൂട്ട്. ഇരുമ്പിന്റെ അംശം ഉള്ളതിനാൽത്തന്നെ അനീമിയയെ ചെറുക്കാനും സാധിക്കും.

5. വ്യായമം ചെയ്യുന്നതിനു മുൻപ് 250 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ ശരീരത്തിലെ രക്തകോശങ്ങൾ ഉത്തേജിക്കപ്പെടുകയും അതുവഴി പ്രവർത്തി ചെയ്യാനുള്ള ഊർജം ലഭിക്കുകയും ചെയ്യുന്നു.

6. ബീറ്റ്റൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും ഉത്തമമാണ്.

7. ബീറ്റ്റൂട്ടിൽ ഫൈബറിന്റെ അളവ് കൂടുതലും കാലറി കുറവുമാണ്. ഈ ഫൈബറുകൾ ശരീരത്തിലെ കൊഴുപ്പിനെതിരെ പ്രവർത്തിക്കുന്നതു വഴി ശരീരഭാരം കുറയാൻ ഒരുപരിധി വരെ സഹായകവുമാണ്. കൂടാതെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. അതുകൊണ്ട് ബീറ്റ്റൂട്ട് ധാരാളം കഴിക്കുന്നവരുടെ ശരീരത്തിന്റെ തിളക്കം വർധിക്കുന്നതായി കാണുന്നുണ്ട്.

8. ഔഷധഗുണമുള്ള ഒന്നായി വളരെ മുൻപു തന്നെ ബീറ്റ്റൂട്ടിനെ പരിഗണിച്ചു വരുന്നുണ്ട്. കുടൽ കാൻസർ, ലിവർ കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് നിത്യേന കുടിക്കുന്നത് ഫലപ്രദമാണ്.

ഈ ഗുണങ്ങൾ എല്ലാം ഉള്ളതുകൊണ്ടു തന്നെ ഉത്തമസുഹൃത്തായി ബീറ്റ്റൂട്ടിനെ കൂട്ടിക്കോളൂ, എന്നിട്ട് രോഗങ്ങളോട് ഗുഡ്ബൈ അടിച്ചോളൂ