പ്രമേഹ രോഗികളേ, ഈ 5 ഭക്ഷണങ്ങൾ കഴിക്കരുതേ

SHARE

ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ മരുന്നിനോടൊപ്പംതന്നെ ജീവിതശൈലി, ഭക്ഷണം, ഫിറ്റ്നസ് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഭക്ഷണം പ്രശ്നക്കാരാകാറുണ്ട്. ആരോഗ്യകരമെന്നു തോന്നുന്ന പല ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. വയറിൽ കൊഴുപ്പ് അധികം അടിഞ്ഞു കൂടാൻ കാരണമാകും. ഒപ്പം ശരീരഭാരവും വ്യത്യാസപ്പെടും. 

നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ എന്തു കഴിക്കണം, കഴിക്കേണ്ട എന്നോർത്ത് ആശങ്കയിലാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. പ്രമേഹരോഗികൾ തീര്‍ത്തും ഒഴിവാക്കേണ്ട ആ ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. ഈ ഭക്ഷണങ്ങൾ കുടവയർ ഉണ്ടാക്കുകയും കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡ്സിന്റെയും അളവ് കൂട്ടുകയും ചെയ്യും. 

മധുരപാനീയങ്ങൾ
പ്രമേഹരോഗികളെ സംബന്ധിച്ച് ഏറ്റവും ദോഷകരമായ ഭക്ഷണമാണിത്. കാർബണേറ്റഡ്  പാനീയങ്ങൾ, ഫ്രൂട്ട് പഞ്ച്, മറ്റു മധുരപാനീയങ്ങൾ ഇവയൊന്നും കുടിക്കാൻ പാടില്ല. ഇവയിൽ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവർ, ഹൃദ്രോഗം ഇവയ്ക്കും ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകും. 

ട്രാൻസ്ഫാറ്റുകൾ
മാർഗരിൻ, പീനട്ട് ബട്ടർ, ക്രീം, സ്പ്രെഡ് ഇവയിലെല്ലാമുള്ള ട്രാൻസ്ഫാറ്റുകൾ ആരോഗ്യത്തിനു ദോഷകരമാണ്. ഇവ ഇൻഫ്ലമേഷൻ കൂട്ടുകയും ഇൻസുലിൻ പ്രതിരോധം, കുടവയർ ഇവയ്ക്കു കാരണമാകുകയും ചെയ്യും. 

സ്മൂത്തീസ് 
പഴം കൊണ്ടുള്ള സ്മൂത്തികൾ ആരോഗ്യകരം തന്നെ. എന്നാൽ അവയിലെല്ലാമുള്ള നാരുകൾ നീക്കം ചെയ്യപ്പെട്ടതാണ്. ഒരു വലിയ അളവിൽ തന്നെ പെട്ടെന്ന് ഇവ കുടിയ്ക്കാൻ പറ്റും. അതിനർത്ഥം. നിങ്ങൾ കാലറി, കാർബോഹൈഡ്രേറ്റ്, ഷുഗർ ഇവയെല്ലാം അധികം അകത്താക്കി എന്നാണ്. പ്രമേഹരോഗികൾ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. 

വൈറ്റ് ബ്രഡ്
വൈറ്റ് ബ്രഡിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. എന്നാൽ നാരുകൾ വളരെ കുറവും. വൈറ്റ് ബ്രഡും ഇതുപോലെ റിഫൈൻഡ് ധാന്യപ്പൊടികൾ കൊണ്ടുണ്ടാക്കിയ ഭക്ഷണവും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പകരം മുഴു ധാന്യങ്ങൾ (whole grains) കൊണ്ടുള്ള ബ്രഡ് തിരഞ്ഞെടുക്കാം.  

ഉണക്കമുന്തിരി

പഴങ്ങളിൽ ജീവകങ്ങളും ധാതുക്കളും നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. എന്നാൽ ഉണക്കമുന്തിരി പോലുള്ളവ ഉണങ്ങുമ്പോൾ ഇവയിലെ പഞ്ചസാരയ്ക്ക് ഗാഢത കൂടും. ഇത് ബ്ലഡ് ഷുഗർ കൂട്ടും. ഉണക്കമുന്തിരി പോലുള്ള ഡ്രൈഫ്രൂട്ട്സ് ഒഴിവാക്കി പകരം പഞ്ചസാര കുറവുള്ള പഴങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA