അച്ചാറിനുണ്ട് ഗുണവും ദോഷവും

നെപ്പോളിയന്റെ ആരോഗ്യത്തിന്റെ ഒരു രഹസ്യം എന്താണെന്നറിയോ? എലിസബത്ത് രാജ്ഞിയുടെ സൗന്ദര്യത്തിന്റെ ഒരു ഘടകവും ഇവനായിരുന്നു... ക്വിസ് മൽസരത്തിന്റെ തുടക്കമല്ല. പറഞ്ഞു വരുന്നതു നമ്മുടെ അച്ചാറിനെക്കുറിച്ചാണ്. നാലായിരം വർഷം മുൻപ് ടൈഗ്രിസിലേക്ക് ഇന്ത്യയിൽ നിന്നു കൊണ്ടുപോയ കക്കരിക്ക ഉപ്പ്, മുളക് എന്നിവ ചേർത്തു സൂക്ഷിക്കാൻ തുടങ്ങിയതോടെയാണു നാം ഇന്നു രുചിയോടെ തൊട്ടുകൂട്ടുന്ന അച്ചാറിന്റെ ആദ്യരൂപം തയാറാകുന്നത്.

അച്ചാർ വെറും തൊട്ടുകൂട്ടാനുള്ള വിഭവം മാത്രമാണോ? ആ ഒരു ധാരണയിൽ ഇനി അച്ചാർ കൂട്ടി ഊണുകഴിക്കേണ്ട. ആരോഗ്യപ്രദമായ നിരവധി ഗുണങ്ങൾ അച്ചാറിൽ അടങ്ങിയിട്ടുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. ദീർഘകാലം സൂക്ഷിക്കുന്ന അച്ചാറിൽ ഉപകാരികളായ നിരവധി ബാക്ടീരിയകൾ വളരും. കുടലിലെ സൂക്ഷ്മ ജീവികളെ നശിപ്പിക്കാൻ ഈ ബാക്ടീരിയകൾക്കു കഴിയും. ഇരുമ്പിന്റെ ആഗിരണം വഴി ഹീമോഗ്ലോബിന്റെ അളവു കൂട്ടാനുമാകും. ഉപ്പിന്റെ സാന്നിധ്യമാണ് അച്ചാറിനു രുചി നൽകുന്നത്. ചേരുവകളുടെ വൈവിധ്യമാണ് അച്ചാറിന്റെ ഔഷധഗുണമേറ്റുന്നത്.

ഇന്ന് എന്തും അച്ചാറാണ്. മാങ്ങയും, ചെറുനാരങ്ങയും വെളുത്തുള്ളിയും മാത്രം അച്ചാറായിരുന്ന കാലം മാറി. മീനും ഇറച്ചിയും രുചികരമായ അച്ചാറുകളാണ്. വിപണിയിൽ ആവശ്യക്കാർ കൂടുതലും ഇതിനു തന്നെ. കറ്റാർവഴ, മുളങ്കുമ്പ്, മഹാഗണി മുതൽ മാങ്ങ, നാരങ്ങ വരെയുള്ളവ അച്ചാറുകളായി വിപണിയിൽ ലഭ്യമാണ്. അച്ചാറിനു ഗുണമുള്ളതുപോലെ ദോഷവും അനവധിയാണ്. ഊണിനൊപ്പം തൊട്ടുകൂട്ടാനുള്ള വിഭവമായി കണ്ടാൽ പ്രശ്നമുണ്ടാകുന്നില്ല. എന്നാൽ പ്രാതൽ മുതൽ രാത്രി ഭക്ഷണം വരെ അച്ചാർ കൂട്ടുന്നവരിലാണ് ആരോഗ്യപ്രശ്നങ്ങൾ കാണുന്നതെന്ന് എറണാകുളത്തെ ആയിർവൈദ് എന്ന ചികിത്സാകേന്ദ്രത്തിലെ ചീഫ് ഫിസിഷ്യൻ ഡോ. ബി. രാജീവ് പറഞ്ഞു.

കോടികളുടെ വിപണിയാണ് ഇന്ന് അച്ചാറിന്. ദീർഘകാലം കേടാകാതെ നിൽക്കാനും രുചി വർധിക്കാനും അജിനോമോട്ടോ വരെ ചിലർ ചേർക്കുന്നുണ്ട്. അച്ചാർ കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന രോഗങ്ങളിൽ മുന്നിൽ അൾസർ, മലബന്ധം എന്നിവയാണ്. കൃത്രിമ ചേരുവകൾ വരുമ്പോൾ ചിലപ്പോൾ കാൻസർ വരെ ഉണ്ടാകുമെന്നു ഡോക്ടർമാർ പറയുന്നു.