ശീലമാക്കാം സൂപ്പർഫുഡ്

എന്നും ഇങ്ങനെ സാധാരണ ഭക്ഷണം കഴിച്ചാൽ മതിയോ? ഇടയ്ക്ക് സൂപ്പർഫുഡ് കൂടി കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

∙എന്താണ് സൂപ്പർ ഫുഡ് ?
ധാരാളം ഫൈബറും വിറ്റാമിനുകളും ധാതുലവണങ്ങളും പല തരത്തിലുള്ള ആന്റി ഓക്സിഡന്റുകളും എല്ലാം അടങ്ങിയ ഭക്ഷണത്തെയാണ് സൂപ്പർഫുഡ് എന്നു പറയുന്നത്. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിലെങ്കിലും സൂപ്പർഫുഡ് കൂടി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണം.
∙ഏതൊക്കെയാണ് സൂപ്പർഫുഡ്?
സൂപ്പർഫുഡിന്റെ വിഭാഗത്തിൽ ബ്രിട്ടനിലെ ഡോക്ടർമാർ പ്രഥമപരിഗണന നൽകുന്നത് നട്സിനാണ്. കപ്പലണ്ടി, കശുവണ്ടി, വാൽനട്ട് തുടങ്ങിയ വിവിധതരത്തിലുള്ള നട്സ് ഒരു ദിവസം ഒരു കൈക്കുടന്നയുടെ അളവിലെങ്കിലും കഴിക്കണമത്രേ.
∙ഗുണങ്ങൾ ധാരാളം
ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് നട്സ് വളരെ നല്ലതാണ്. പക്ഷാഘാത സാധ്യതയെ ലഘൂകരിക്കുന്നതിനും നട്സ് സഹായിക്കുന്നു. പുതിയ പഠനങ്ങൾ പ്രകാരം നട്സ് ശീലമാക്കുന്നവർക്ക് അർബുദം പിടിപെടാനുള്ള സാധ്യത താരതമ്യേന കുറവാണ്.
∙ജാഗ്രത!
നട്സ് കഴിക്കുന്നത് ഒരു കാരണവശാലും അമിതമായ എണ്ണയിലോ നെയ്യിലോ വറുത്തശേഷമാകരുത്. ഇത് കൊളസ്ട്രോൾ നില ഉയർത്തിയേക്കാം. തീരെ ശാരീരിക അധ്വാനമില്ലാതെ അലസജീവിതം നയിക്കുന്നവരും അമിതമായി നട്സ് കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. നേരത്തെതന്നെ പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് മരുന്നുകഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരമേ നട്സ് കഴിക്കാവൂ.
∙അമിതമാകരുത്
ഒരു കൈക്കുടന്ന അളവിൽ കഴിക്കാനാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ടിവികണ്ട് നട്സ് കൊറിക്കുമ്പോൾ കഴിക്കുന്ന അളവ് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.