മൂലക്കുരു: ഹോമിയോയില്‍ പരിഹാരങ്ങള്‍

മൂലക്കുരു (അര്‍ശസ്), ഫിസ്റ്റുല (ഭഗന്ദരം), ഏനല്‍ ഫിഷര്‍ എന്നീ അവസ്ഥകള്‍ക്കുള്ള ഹോമിയോപ്പതിചികിത്സ രോഗിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകള്‍ കൂടി കണക്കാക്കിയാണ് നിര്‍ദേശിക്കുന്നത്. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍ ,ആഹാരരീതി, കഠിനമായ ജോലി ,ഫാസ്റ്റ് ഫുഡുകള്‍ , മദ്യപാനം, പുകവലി, മാനസിക സംഘര്‍ഷം ഇവയെല്ലാം തന്നെ അര്‍ശസിനു ഹേതുവാകുന്നു.

രക്തസ്രാവം നിര്‍ത്താന്‍

ഹോമിയോപ്പതിയില്‍ വളരെ ഫലപ്രദമായ ചികിത്സകളാണ് അര്‍ശസിനുള്ളത്. രോഗിയുടെ ശാരീരികവും മാനസികവുമായ താല്‍പര്യങ്ങളെയും അഭിരുചികളെയും വിശകലനം ചെയ്ത് ഒൌഷധം തിരഞ്ഞെടുത്തു തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ സങ്കീര്‍ണമാകാതെ ഭേദപ്പെടുത്താന്‍ സാധിക്കും.

ചികിത്സാരീതിയനുസരിച്ച് അര്‍ശസിനെ നാലു തരമായി തരംതിരിച്ചിട്ടുണ്ട്. ആദ്യ ഡിഗ്രി അര്‍ശസ് പലപ്പോഴും രക്തസ്രാവം മാത്രമേ ഉണ്ടാക്കൂ. ഇതിനെ സാധാരണയായി ഹമാമെലിസ് ,ഫൈക്കസ്, മിലിഫോളിയം എന്നീ മരുന്നുകള്‍ കൊണ്ടു സുഖപ്പെടുത്താം. വളരെ വേഗത്തിലാണ് ഈ മരുന്നുകളുടെ പ്രവര്‍ത്തനം. കേവലം 24 മണിക്കൂര്‍ കൊണ്ടു രോഗിയുടെ രക്തസ്രാവം നിര്‍ത്താന്‍ കഴിയും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

രണ്ടാം ഘട്ടത്തില്‍ അഞ്ചു ദിവസം

രണ്ടാമത്തെ ഡിഗ്രിയെന്നതു ശ്ലേഷ്മപടലത്തിലെയോ മലാശയത്തിന്റെയോ മുഖം തള്ളിവരുന്നതാണ്. ഈ അവസ്ഥയ്ക്ക് അലോസ്, നക്സവോമിക്ക, റൂട്ട എന്നീ മരുന്നുകള്‍ ഫലപ്രദമാണ്. ഏകദേശം അഞ്ചുദിവസം കൊണ്ട് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.

മൂന്നാമത്തെ ഡിഗ്രിയെന്നതു സ്ഥായിയായി മലാശയം തള്ളിവരികയും കുറച്ചു കാലയളവില്‍ പുറത്തേക്കു തള്ളിയത് പൂര്‍വസ്ഥിതിയില്‍ ആകുകയും ചെയ്യുന്നതാണ്. ഇതിനു ഫലപ്രദമായ ചികിത്സയാണുള്ളത്. കാല്‍ക്ഫ്ളോര്‍ സള്‍ഫര്‍, പിയോണിയ നക്സവോമിക്ക തുടങ്ങിയ ഔഷധങ്ങള്‍ നിര്‍ദേശിക്കാറുണ്ട്.

നാലാമതുള്ളത് സ്ഥിരമായ തള്ളലാണ്. പൈല്‍സ് പുറത്തു തന്നെ ഇരിക്കുന്ന അവസ്ഥ. ഇതിനു ശസ്ത്രക്രിയയും അനുബന്ധചികിത്സയും ആവശ്യമായി വരും.

ലക്ഷണങ്ങള്‍ പരിഹരിക്കാന്‍

പൈല്‍സിന്റെ സ്ഥായിയായ രോഗലക്ഷണങ്ങള്‍ രക്തസ്രാവവും മലാശയത്തിന്റെ ഭാഗം പുറത്തേക്കു തള്ളിവരലും ആണല്ലോ. അതിനാല്‍ രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ പ്രോക്ടോസ്കോപ്പി പരിശോധനയില്‍കൂടി രോഗനിര്‍ണയം ആവശ്യമാണ്. രക്തസ്രാവം കൂടുതലുള്ള രോഗിക്കു വിളര്‍ച്ച ഉണ്ടാകുന്നു. ഇതിനു ഫെറം ഫോസ് എന്ന ബയോകെമിക്കല്‍ കൊടുക്കുന്നു.

രോഗിക്കു മലദ്വാരത്തില്‍ അസ്വസ്ഥകളും ചൊറിച്ചിലും അനുഭവപ്പെടുന്നു. ഇതിനു നല്‍കുന്ന ഏസ്കുലസ് ഹിപ് , സള്‍ഫര്‍ , നക്സോവോമിക്ക എന്നീ മരുന്നുകള്‍ ഗുണം ചെയ്യും. കൂടാതെ അതികഠിനമായ വേദനയ്ക്കു ഏസ്കുലസ് ഹിപ് നല്ലമരുന്നാണ്.

മരുന്നു മൂലം പൈല്‍സ് ലക്ഷണം

ചില ആന്റിബയോട്ടിക്കുകള്‍ , മറ്റു മരുന്നുകള്‍ എന്നിവ കഴിക്കുന്നതിന്റെ ഫലമായി ചിലരില്‍ അര്‍ശസിനു സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിന് സള്‍ഫര്‍ , നക്സ്വോമിക്ക എന്നീ മരുന്നുകള്‍ ഫലപ്രദമാണ്.

വീണ്ടും വരാതിരിക്കാന്‍ മൂലക്കുരുവിനു ഫിസ്റ്റുലയ്ക്കും ശസ്ത്രക്രിയ ചെയ്യുമെങ്കിലും കുറച്ചു കാലത്തിനുശേഷം ഇത്തരം പ്രശ്നങ്ങള്‍ വീണ്ടും വരാറുണ്ട്. , പ്രത്യേകിച്ചും ക്രയോസര്‍ജറി, ഹെമറോയ്ഡക്ടമി എന്നീ ശസ്ത്രക്രിയകള്‍ക്കുശേഷം. കാല്‍ക്ഫ്ളോര്‍ , സള്‍ഫര്‍ , നക്സ് വോം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിച്ചാല്‍ രോഗം വീണ്ടും വരുന്നത് ഒഴിവാക്കാന്‍ സാധിക്കും.

തടിപ്പുകള്‍ നീക്കാന്‍

പൈല്‍സ് രോഗികളില്‍ കടുത്തമലബന്ധം കാണാറുണ്ട്. മലശോധനയ്ക്കായി അമിതസമ്മര്‍ദം ചെലുത്തുന്നതിനാല്‍ മലദ്വാരത്തിനടുത്ത് നീലനിറത്തിലുള്ള തടിപ്പുകള്‍ രൂപപ്പെടാറുണ്ട്. ഇതു മാറാന്‍ അലോസ് എന്ന മരുന്നു ഫലപ്രദമാണ്.

ഫിഷറിനും ഫിസ്റ്റുലയ്ക്കും

ഗുദഭാഗത്തു നിരനിരയായി രൂപപ്പെടുന്ന അള്‍സര്‍ അഥവാ വ്രണങ്ങളാണ് ഫിഷര്‍. ഇതിന് അസഹനീയമായവേദന ഉണ്ടാകും. ഫിഷറിനു കൂടുതലായും ററ്റാനിയ എന്ന മരുന്നുകൊടുത്തു വേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. കൂടാതെ ഫിസ്റ്റുലയ്ക്കു (ഭഗന്ദരം)ബെര്‍ബെറിസ് , കോസ്റ്റിക്കം, സിലീഷ്യ എന്നീ മരുന്നുകള്‍ വളരെ സഹായകരമാണ്. ഇത്തരം ചികിത്സകള്‍ എല്ലാം തന്നെ ഒരു അംഗീകൃത ഹോമിയോഡോക്ടറുടെ നിര്‍ദേശവും പരിശോധനയ്ക്കുശേഷവും മാത്രമേ ഉപയോഗിക്കാവൂ.

_ഡോ. പി. വൈ സജിമോന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ശാന്തി ഹോമിയോ ക്ളിനിക്ക്, കോടിമത, കോട്ടയം_