നിപ്പയോടു നേർക്കുനേർ; കരുതലിൻ കരങ്ങൾ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന കവാടത്തിനോടനുബന്ധിച്ചുള്ള വരാന്ത തിരക്കൊഴിഞ്ഞ നിലയിൽ. നിപ്പ രോഗസാധ്യതയിൽനിന്ന് പരമാവധി ജനങ്ങളെ രക്ഷിക്കാൻ, സന്ദർശകരുടെ എണ്ണം നിയന്ത്രിച്ചതോടെയാണിത്. ചിത്രം: മനോരമ

രോഗനിയന്ത്രണ ശ്രമങ്ങളിൽ മുഖ്യപങ്കു വഹിച്ച, മണിപ്പാലിലെ സെന്റർ ഫോർ വൈറസ് റിസർച്  തലവൻ ഡോ. ജി.അരുൺകുമാർ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി.സജീത്ത്കുമാർ, ‌കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്.അനൂപ്‌കുമാർ എന്നിവർ ചേർന്നു മനോരമയ്ക്കായി എഴുതുന്ന പഠന പരമ്പരയുടെ രണ്ടാംഭാഗം. 

ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ, ഒരു ദിവസം പോലും തിരക്ക് ഒഴിയാത്ത സ്ഥലമാണ് കോഴിക്കോട് മെഡിക്കൽ‍ കോളജ് ആശുപത്രി. മലബാർ മേഖലയിലെ ഭൂരിഭാഗം ജനങ്ങൾക്കും ചികിൽസാകാര്യത്തിൽ ആദ്യത്തെയും അവസാനത്തെയും അഭയസ്ഥാനം. നിപ്പയെ തളയ്ക്കാൻ നിയോഗിക്കപ്പെട്ടതോടെ ആശുപത്രിയുടെ പ്രവർ‍ത്തനശൈലി അടിമുടി മാറ്റേണ്ടിവന്നു. മൂന്നുദിവസംകൊണ്ടു സുരക്ഷാസംവിധാനങ്ങളും അതീവശ്രദ്ധ വേണ്ട ചികിൽസാ സൗകര്യങ്ങളും ഒരുക്കി. മന്ത്രി മുതൽ ശുചീകരണത്തൊഴിലാളിവരെ, എല്ലാ മേഖലയിലുമുള്ളവർ ഒത്തൊരുമിച്ചു മാരകരോഗത്തെ  കീഴ്പ്പെടുത്താൻ ഒരുമിച്ച ദിവസങ്ങൾ. ഇതിനായി, ചുരുങ്ങിയ മണിക്കൂറുകൾകൊണ്ടു മെഡിക്കൽ കോളജിനെ സജ്ജമാക്കി. 

സാധാരണ പനിക്കാലത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ജില്ലയിലെ രോഗികൾക്കു പുറമെ, സമീപജില്ലകളിലെ രോഗികളും എത്തും. കാസർകോട്, വയനാട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്നു രോഗികൾ എത്താറുണ്ട്. ഇതിനു പുറമെ, ലക്ഷദ്വീപിലെയും കർണാടകയിലെ വീരാജ് പേട്ട, കുട്ട തുടങ്ങിയ മേഖലകളിലെയും തമിഴ്നാട്ടിൽ ഗൂഡല്ലൂർ, മേട്ടുപ്പാളയം വരെയുള്ള മേഖലയിലെയും ആളുകൾ വിദഗ്ധ ചികിൽസ തേടി വരാറുണ്ട്. 

മസ്തിഷ്കജ്വരം ബാധിക്കുന്നവർക്കായി ആശുപത്രിയിൽ പ്രത്യേക അത്യാഹിത വിഭാഗമൊരുക്കിയിട്ടുണ്ട്. ഓരോമാസവും അനേകംപേർ മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളുമായി എത്താറുണ്ട്. ഓട്ടോ ഇമ്യൂൺ എൻസഫിലൈറ്റിസ് പോലുള്ള മാരകരോഗവുമായി മൂന്നുമാസം കൂടുമ്പോഴെങ്കിലും ചിലർ എത്താറുണ്ട്. സാധാരണ ദിവസങ്ങളിൽ‍ ആശുപത്രിയിലെ വാർഡിൽ കട്ടിലിലും നിലത്തും രോഗികൾ കിടക്കുന്നുണ്ടാവും. വാർഡിനുപുറത്തു വരാന്തയിലും രോഗികളുണ്ടാവും. വരാന്തകൾ കടന്നു പ്രധാന പ്രവേശനകവാടത്തിനടുത്തുവരെ നിലത്തു രോഗികൾ കിടക്കുന്നതു പതിവാണ്. ഇത്രയും തിരക്കേറിയ ആശുപത്രിയാണു നിപ്പയെ നേരിടാൻ മണിക്കൂറുകൾകൊണ്ടു സജ്ജമായത്.

പോരാട്ടത്തിന്റെ തുടക്കം 

പേരാമ്പ്ര ആശുപത്രിയിൽനിന്നു മേയ് നാലിനു രാത്രിയോടെ മെഡിക്കൽ കോളജിലേക്ക് എത്തിയ സാബിത്ത് നാലോ അഞ്ചോ മണിക്കൂറുകൾക്കകം മരിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് സാബിത്തിന്റെ സഹോദരൻ സാലിഹിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോ. എസ്.അനൂപ്കുമാറും ഡോ. സി. ജയകൃഷ്ണനുമടക്കമുള്ള സംഘമാണു നിപ്പ പോലെ അപൂർവവും മാരകവുമായ വൈറസായിരിക്കും രോഗത്തിനു കാരണമെന്ന നിഗമനത്തിലെത്തിയത്. 

രണ്ടാമത്തെ രോഗിയെ കോഴിക്കോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നു രാത്രി പത്തരയോടെ മന്ത്രി ടി.പി.രാമകൃഷ്ണൻ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.സജീത്ത്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടു രോഗിയുടെ ചികിൽസാ കാര്യങ്ങൾ ചർച്ച ചെയ്തു. മന്ത്രിയുടെ മണ്ഡലത്തിലാണു രോഗിയുടെ വീട്. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലല്ല കുടുംബം. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റാൻകഴിയുമോ എന്നന്വേഷിച്ചു. രോഗിയുടെ ബന്ധുക്കളുമായി സംസാരിക്കണമെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ ബന്ധുക്കളായ നാലുപേരും അയൽവാസിയും രാത്രിതന്നെ സ്ഥലത്തെത്തി. ഇവരിൽനിന്നു വിവരം ശേഖരിച്ചശേഷം വീണ്ടും ഡോ.അനൂപുമായി ബന്ധപ്പെട്ടു. പക്ഷേ, രോഗിയുടെ സ്ഥിതി അതീവഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്ന കാര്യം ആശങ്കാജനകമാണെന്നു പറഞ്ഞു. തുടർന്നു രോഗിക്കു ബേബി മെമ്മോറിയലിൽത്തന്നെ ചികിൽസ തുടരാൻ തീരുമാനിച്ചു. തുടർന്നു സാംപിളുകൾ വിവിധ വൈറോളജി വിദഗ്ധർക്ക് അയച്ചുകൊടുക്കുകയും കൃത്യതയോടെ ചികിൽസാരീതികൾ‍ നിർണയിക്കുകയും ചെയ്തു. 

അതീവ ഗുരുതര വൈറസാണെന്നു സംശയം വന്നതോടെ ഈ വിവരം ആരോഗ്യ വകുപ്പിനു കൈമാറി. രാത്രിതന്നെ ആരോഗ്യവകുപ്പ് ഡയറക്ടറും മറ്റ് അധികൃതരും കോഴിക്കോട്ടേക്കു പുറപ്പെട്ടു. രാവിലെ മന്ത്രി ടി.പി.രാമകൃഷ്ണനുമെത്തി. തുടർന്ന് ഉന്നതതല യോഗം ചേർന്നു. 24 മണിക്കൂറിനകം മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളുമൊരുക്കാൻ നടപടികളായി. അപ്പോഴും രോഗകാരണം നിപ്പ വൈറസാണെന്ന സ്ഥിരീകരണം ലഭിച്ചിരുന്നില്ല.

ഒരുക്കങ്ങൾ അതിവേഗം

രോഗകാരണം നിപ്പ വൈറസാണെന്നു സ്ഥിരീകരിച്ചതോടെ കൂടുതൽ രോഗികൾ ഉണ്ടാകുമെന്ന കരുതലിൽ ഐസൊലേഷൻ വാർഡ് ഏർപ്പെടുത്താൻ നിശ്ചയിച്ചു. മന്ത്രി കെ.കെ.ശൈലജ, മന്ത്രി ടി.പി.രാമകൃഷ്ണൻ, കലക്ടർ യു.വി.ജോസ്, ആരോഗ്യവകുപ്പു ഡയറക്ടർ ആർ.എൽ.സരിത തുടങ്ങിയവരെല്ലാം മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളുടെ തലവൻമാരുമായി ചർച്ച നടത്തി. വീട്ടുകാരെപ്പോലും സമീപത്തേക്കു പ്രവേശിപ്പിക്കാതെ രോഗിയെ ഒറ്റയ്ക്കൊരു വാർഡിൽ കിടത്തണം. എന്നാൽ, മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഈ സൗകര്യം ഒരുക്കുന്നതു പ്രായോഗികമല്ലെന്നു കണ്ടെത്തി. അത്യാഹിത വിഭാഗത്തിൽ ഒരു രോഗി ഒഴിയുമ്പോൾ പ്രവേശിപ്പിക്കാൻ മറ്റൊരു രോഗിയെ ക്യൂവിൽ നിർത്തുകയാണു പതിവ്. അന്വേഷണത്തിൽ ചെസ്റ്റ് ഐസിയുവിൽ ഒരു രോഗി മാത്രമേയുള്ളൂ എന്നു കണ്ടെത്തി. തുടർന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ‍ ഡോ. വി.ആർ.രാജേന്ദ്രൻ രോഗിയുടെ ആരോഗ്യനില അന്വേഷിച്ചു. അത്യാഹിതവിഭാഗത്തിൽനിന്നു മാറ്റാവുന്ന സ്ഥിതിയിലായിരുന്നു ആ രോഗി. അതോടെ, നിപ്പ ബാധിച്ചു വരുന്നവരെ ചെസ്റ്റ് ഐസിയുവിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു.

ആശുപത്രിയിൽ എന്തെല്ലാം സുരക്ഷാ സൗകര്യങ്ങൾ ഒരുക്കണമെന്ന കാര്യത്തിൽ വിശദമായ ചർച്ചകളും പഠനങ്ങളും നടത്തി. പരിശോധിക്കുന്ന ഡോക്ടർമാർ മുതൽ ശുചീകരണത്തൊഴിലാളിവരെയുള്ള ആർക്കും വൈറസ് ബാധിക്കാതിരിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കണം. മറ്റു രോഗികളെയും ബന്ധുക്കളെയും രോഗബാധ ഏൽക്കാതെ സംരക്ഷിക്കണം. വിവിധ കേന്ദ്ര സംഘങ്ങൾ ഇത്തരം കാര്യങ്ങളിൽ വിദഗ്ധ നിർദേശങ്ങൾ നൽകിയിരുന്നു. ഈ നിർദേശങ്ങൾക്കനുസരിച്ച് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു. ഇതിനായി അടിസ്ഥാനസൗകര്യ വികസന ചുമതലയുള്ള ഡോ. പി. ജയേഷ്, ആർഎംഒ ഡോ. ആർ. ശ്രീജിത്ത്, ഡോ. കെ.എം.കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു വൻസംഘം പ്രവൃത്തികൾ ഏറ്റെടുത്തു. നിപ്പ എന്ന വാർത്ത പരന്നതോടെ ജോലികൾ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരില്ലെന്നായി. സിറാജ് വൈത്തിരിയെന്ന സാമൂഹിക പ്രവർത്തകന്റെ നേതൃത്വത്തിലുള്ള സംഘമാണ് 36 മണിക്കൂറുകൾകൊണ്ട് അത്യാഹിത വിഭാഗവും അൻപതോളം വാർ‍ഡുകളും തയാറാക്കിയത്. അവർ, രാത്രിയും പകലും നിർത്താതെ പണിയെടുക്കുകയായിരുന്നു.  

മികവോടെ സംഘാടനം

മെഡിക്കൽ കോളജിലെ എല്ലാ ജീവനക്കാർക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശീലനം നൽകി. ഐസൊലേഷൻ വാർഡിൽ ജീവനക്കാരുടെ എണ്ണത്തിൽ കുറവുവരാൻ പാടില്ല. എന്നാൽ, എല്ലാ ജീവനക്കാർക്കും ആവശ്യത്തിനു വിശ്രമം ലഭിക്കുകയും വേണം. ഈ രീതിയിൽ ജോലിസമയം ക്രമീകരിച്ചു. ജീവനക്കാർക്കു പ്രത്യേക മാസ്കുകളും കയ്യുറകളും സുരക്ഷാവസ്ത്രങ്ങളും എത്തിക്കാൻ സംവിധാനമൊരുക്കി. 

ഐസൊലേഷൻ വാർഡ് അടക്കം, ആശുപത്രിയിൽ എല്ലായിടത്തും 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനും രോഗികൾക്കു ഭക്ഷണമെത്തിക്കാനും പ്രത്യേക സംവിധാനം ഒരുക്കി. പ്രതിരോധ മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കാനും നടപടിയെടുത്തു. മരണമടഞ്ഞ രോഗികളുടെ മൃതദേഹം എങ്ങനെ സംസ്കരിക്കണം എന്ന കാര്യത്തില്‍ സംശയമുണർന്നു. ലോകാരോഗ്യ സംഘടനാ പ്രതിനിധികളുടെയും കേന്ദ്ര സംഘത്തിന്റെയും നിർദേശം സ്വീകരിച്ചാണു  സംസ്കാരം നടത്തുന്നതിന്റെ മാനദണ്ഡം നിശ്ചയിച്ചത്. ഇതിനായി ഫൊറൻസിക് വിഭാഗത്തിന്റെ സേവനവും തേടി.

മലബാറിലെ ഗ്രാമങ്ങളിൽനിന്നു മെഡിക്കൽ കോളജിലേക്ക് രോഗിയുമായി എത്തുന്ന വാഹനത്തിൽ സാധാരണ നാലോ അഞ്ചോപേർ ഒപ്പമുണ്ടാകും. കൂട്ടിരിപ്പുകാരായി ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി‌ ഒട്ടേറെപ്പേരെത്തും. എന്നാൽ, നിപ്പ സ്ഥിരീകരണം വന്നതോടെ സന്ദർശകരുടെ ഒഴുക്കു നിയന്ത്രിക്കേണ്ടി വന്നു. പരമാവധി ജനങ്ങളെ, രോഗം ബാധിക്കാനുള്ള സാധ്യതയിൽനിന്നു രക്ഷിക്കാൻ ഇതിലൂടെ കഴിഞ്ഞു.

Read More : നിപ്പയോടു നേർക്കുനേർ 1

വെല്ലുവിളിയായി ശുചീകരണം

ശുചീകരണ പ്രവർത്തനമായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി. ഉപയോഗിച്ച മാസ്കുകൾ നിക്ഷേപിക്കാൻ എല്ലായിടത്തും ബിന്നുകൾ വച്ചെങ്കിലും പലരും നിലത്തുപേക്ഷിച്ചുപോയി. ഇതുമുഴുവൻ ശേഖരിക്കുന്നതു സുരക്ഷാഭീഷണിയായി. ഐസൊലേഷൻ വാർഡിലെ മാസ്കുകൾ മുതൽ റോഡിലെ മാസ്കുകൾ വരെയുള്ളവ മാലിന്യനിർമാർജന യൂണിറ്റിൽ ആദ്യം ശുചീകരിച്ചശേഷം നശിപ്പിച്ചുകളയുകയാണു ചെയ്തത്. ചില മാലിന്യങ്ങൾ കേന്ദ്രസംഘത്തിന്റെ നിർദേശം പാലിച്ചാണു നിർമാർജനം ചെയ്തത്. നഗരസഭാ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാപകൽ ഓടിനടന്നു ക്രമീകരണങ്ങൾ ചെയ്തു. 

ആസൂത്രണം ചിട്ടയോടെ

രോഗികൾക്കു ചികിൽസ, സുരക്ഷാപദ്ധതി ആസൂത്രണം, നിർവഹണം തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ചിട്ടയോടെ നടക്കാൻ 12 കോർ കമ്മിറ്റികൾ രൂപീകരിച്ചു. ദിവസവും രാവിലെ എട്ടിനു പ്രാഥമിക ചർച്ച നടത്തും. തുടർന്നു ജോലികൾ വിഭജിച്ചുനൽകും. ഉച്ചയ്ക്കുശേഷം മൂന്നുമുതൽ അഞ്ചുവരെ കോർ കമ്മിറ്റി ലീഡർമാർ യോഗം ചേരും. ഓരോദിവസവും എന്തൊക്കെ നടപടികളാണു സ്വീകരിച്ചത്, രോഗികളുടെ ചികിൽസാ പുരോഗതി, പ്രവർത്തനത്തിൽ വീഴ്ചകളുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തും.തുടർന്നു വൈകിട്ട് 5.15നു കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ മന്ത്രിമാർ, ആരോഗ്യവകുപ്പു ഡയറക്ടർ, കലക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ പുരോഗതി വിലയിരുത്തും. 

കരുത്തായി സൗഹൃദം

സൗഹൃദങ്ങൾക്കു പേരുകേട്ട നഗരമാണു കോഴിക്കോട്. ഈ കൂട്ടായ്മയാണു നിപ്പയെ പിടിച്ചുകെട്ടാൻ ഒരുപരിധിവരെ സഹായിച്ചത്.  അടിയന്തര സഹായമായി സർക്കാർ ഒരുകോടി രൂപയാണ് ആദ്യഘട്ടത്തിൽത്തന്നെ മെഡിക്കൽ കോളജിനു കൈമാറിയത്. ബവ്റിജസ് കോർപറേഷന്റെ ധനസഹായമായി 20 ലക്ഷം രൂപയും കൊച്ചിൻ ഷിപ്‌യാഡ് 25 ലക്ഷം രൂപയും നൽകി. ഒന്നേമുക്കാൽ കോടി രൂപയുടെ ഉപകരണങ്ങളാണു വിപിഎസ് ഗ്രൂപ്പ് ഗൾഫിൽനിന്ന് എത്തിച്ചത്.

ഇതിനുപുറമെ എൻജിഒ യൂണിയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, സേവാഭാരതി, കാലിക്കറ്റ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് തുടങ്ങി ഒട്ടേറെ സംഘടനകൾ സഹായവുമായെത്തി. ആരും അധികസമയം ജോലിചെയ്യേണ്ടിവന്നതിൽ പരാതി പറഞ്ഞില്ല. പല ജീവനക്കാരും രാത്രി ഉറങ്ങിയതു മൂന്നോ നാലോ മണിക്കൂർ മാത്രമാണ്. എല്ലാവരും തമ്മിൽ സൗഹൃദത്തിന്റെ കെട്ടുറപ്പുണ്ടായിരുന്നു. ഉയർച്ചതാഴ്ചകളില്ലാതെ എല്ലാവരും തോളോടുതോൾ ചേർന്നു പ്രവർത്തിച്ചതാണു നിപ്പയെ പിടിച്ചുകെട്ടാൻ‍ സഹായിച്ചത്.

വമ്പൻ വൈറസ്

നിപ്പ വൈറസ് താരതമ്യേന വലുപ്പം കൂടിയ ഇനം ആണ്. അഞ്ചു മൈക്രോണിൽ കൂടുതൽ വലുപ്പമുണ്ട് ഇതിന്. അതിനാൽ വായുവിലൂടെ പടരില്ല. ഡ്രോപ്‌ലെറ്റ് (droplet– കണം) രീതിയിൽ പടരുന്നതാണ് നിപ്പ വൈറസ്. അതായത് രോഗമുള്ളയാളുടെ ശാരീരിക സ്രവങ്ങളുടെ കണങ്ങളിൽ തങ്ങിനിന്നുമാത്രം നീങ്ങുന്നവ. 

അന്തരീക്ഷത്തിലൂടെ ഒന്നര മീറ്റർ നീങ്ങുന്നതിനിടയിൽ തന്നെ വൈറസുള്ള സ്രവ കണങ്ങൾ തറയിലേക്കു പതിക്കും. ചെറുവൈറസുകളാണ് അന്തരീക്ഷത്തിൽ തങ്ങിനിന്ന് പടരുക. അതായത് എയർബോൺ (airborne) രീതി. അതിനാൽത്തന്നെ നിപ്പ പടരുന്നത് വളരെ പതുക്കെയും വൈറസ് ബാധയുള്ള ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ടു ബന്ധപ്പെടുന്നതുവഴിയും മാത്രമാണ്. 

നാളെ: നമ്മുടെ ആരോഗ്യ സമീപനവും ആശുപത്രികളും എങ്ങനെ മാറണം

ഏകോപനം: വി.മിത്രൻ