ജി-സ്പോട്ട് രഹസ്യകേന്ദ്രം

മനുഷ്യശരീരത്തിന്റെ രഹസ്യങ്ങൾ തേടുന്ന ശാസ്ത്രലോകത്തിനു മുന്നിൽ സ്ത്രീയുടെ രതിമൂർച്ഛ ഇന്നും നിഗൂഢമായ ഒരു പ്രതിഭാസമാണ്. ചെറിയ ചെറിയ അലകളായി തുടങ്ങി പൊടുന്നനെ അവളെ അനുഭൂതിയുടെ വൻചുഴിയിലേക്ക് കറക്കിയെറിയുന്ന ആ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തേടിയുള്ള അവരുടെ അന്വേഷണം ചെന്നു നിൽക്കുന്നത് ജി-സ്പോട്ട് എന്ന മാന്ത്രികച്ചെപ്പിന് മുന്നിലാണ്. എന്നാൽ രതിമൂർച്ഛ പോലെ തന്നെ ഒരു നിഗൂഢതയാണ് ജി-സ്പോട്ടിന്റെ കാര്യത്തിലുമുള്ളതെന്നും ഒരു കൂട്ടം ഗവേഷകർ പറയുന്നുണ്ട്.

ഭഗശിശ്നിക മാത്രമാണ് സ്ത്രീക്ക് രതിമൂർച്ഛ സമ്മാനിക്കുന്നത് എന്ന നിഗമനത്തിലായിരുന്നു കാലങ്ങളോളം ശാസ്ത്രലോകം. എന്നാൽ 1950ൽ ജർമൻ ലൈംഗിക ശാസ്ത്ര ഗവേഷകനായ ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് രതിരഹസ്യം തേടുന്നവർക്ക് മുന്നിൽ, യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നു എന്ന വിപ്ലവകരമായ ആ കണ്ടെത്തൽ അവതരിപ്പിച്ചു. ഭഗശിശ്നികയുടെ ഉത്തേജനത്തിലൂടെ സംഭവിക്കുന്നതിനേക്കാൾ ശക്തിയേറിയ, കൂടുതൽ സുഖകരമായ രതിമൂർച്ഛ ഈ അനുഭൂതികേന്ദ്രം ഉത്തേജിപ്പിച്ചുകൊണ്ട് കൈവരിക്കാനാകുമെന്നുള്ള ഗ്രാഫെൻബർഗിന്റെ വെളിപ്പെടുത്തൽ ശരിക്കും ഞെട്ടലുണ്ടാക്കി. ശാസ്ത്രലോകം യോനിക്കുള്ളിലെ ഈ രതിസുഖകേന്ദ്രത്തിന് ജി-സ്പോട്ട് എന്ന് പിന്നീട് പേരിടുകയും ചെയ്തു.

എങ്ങനെ അറിയാം

സ്ത്രീകളുടെ രതിമൂർച്ഛ ഒരു രഹസ്യമാണ്. അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്, സീൽക്കാരശബ്ദങ്ങൾ എന്നിങ്ങനെ പല ലക്ഷണങ്ങളിൽ നിന്ന് രതിമൂർച്ഛയെക്കുറിച്ച് സൂചന ലഭിക്കുമെങ്കിലും നിങ്ങളുടെ ഭാര്യ രതിമൂർച്ഛയിലെത്തിയോ എന്ന് മനസിലാക്കാനുള്ള ഏറ്റവും എളുപ്പവഴി അത് അവരോടു തന്നെ ചോദിച്ചറിയുക എന്നതാണ്. എന്നാൽ സെക്സ് ആസ്വദിക്കുമെങ്കിലും പല സ്ത്രീകളും അതിനെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാറില്ല എന്നൊരു പ്രശ്നമുണ്ട്. നിങ്ങളുടെ ഭാര്യ അത്തരത്തിലാണെങ്കിൽ പിന്നെ അവർക്ക് രതിമൂർച്ഛയുണ്ടാകുന്നുണ്ടോ എന്ന് നിങ്ങൾ എങ്ങനെ അറിയും?

രതിമൂർച്ഛ സ്വാഭാവികമായും ആഹ്ലാദം ജനിപ്പിക്കും. അതുകൊണ്ടുതന്നെ വീണ്ടും അത് ആസ്വദിക്കണം എന്ന ആഗ്രഹം ഉണ്ടാവുകയും ചെയ്യും. നിങ്ങളുടെ ഭാര്യ സെക്സിന് വളരെ താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിൽ സാധാരണ ഗതിയിൽ ലൈംഗികബന്ധം അവൾക്ക് ആനന്ദം നൽകുന്നുണ്ടെന്നും അതിൽ നിന്ന് അവൾക്ക് തൃപ്തി കിട്ടുന്നുണ്ടെന്നും മനസിലാക്കാം. എന്നാൽ ഭാര്യ സെക്സിൽ താൽപ്പര്യക്കുറവ് കാണിക്കുന്നു എങ്കിൽ അതിൽ നിന്ന് അവൾക്ക് സുഖം ലഭിക്കുന്നില്ല എന്നും തിരിച്ചറിയണം. ഒരു ഭാര്യയുടെ കടമ എന്ന വിചാരത്തോടെ നിങ്ങൾക്ക് വേണ്ടി അവൾ അത് സഹിച്ചു പോരുകയാകാം. ക്രമേണ ഈ താൽപ്പര്യക്കുറവ് വളർന്നുവളർന്ന് അറപ്പും വെറുപ്പുമായി മാറിയേക്കാം. അതിനുമുമ്പ് അവളിൽ താൽപ്പര്യം ജനിപ്പിക്കുക എന്നതാണ് ഒരു പങ്കാളിയുടെ മിടുക്ക്.

നിങ്ങളുടെ ഭാര്യയെ രതിയുടെ അനുഭൂതിയിലേക്ക് കൊണ്ടുവരണമെങ്കിൽ ആദ്യം ഒരു സ്വയം വിശകലനം നടത്തണം. സെക്സിൽ നിങ്ങളുടെ സമീപനം എന്ത്, സ്വന്തം സുഖംമാത്രം നോക്കുന്നയാളാണോ, പകൽ മുഴുവൻ ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തിട്ട് രാത്രി കിടക്കയിൽ പഞ്ചാരവാക്ക് പറഞ്ഞ് ചെല്ലുന്നതാണോ നിങ്ങളുടെ പതിവ് തുടങ്ങിയ കാര്യങ്ങൾ വീണ്ടുവിചാരം നടത്തണം. അങ്ങനെ ഒരു തൻകാര്യം നോക്കിയാണെങ്കിൽ ഒരു മാറ്റത്തിന് തയാറാകണം. ഭാര്യയുടെ ഇഷ്ടങ്ങൾ എന്താണെന്ന് ചോദിച്ചറിഞ്ഞ് പെരുമാറണം. മനസുപോലെ തന്നെ ശരീരവും നിഗൂഢതകളുള്ളതാണെന്നത് ഓർക്കണം.

ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലൂടെയാണ് കൂടുതൽ ഉത്തേജനം കിട്ടുന്നതെന്നു ചോദിച്ചറിയണം. അവൾക്കും സുഖം ലഭിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടെന്ന് ഭാര്യയ്ക്ക് മനസിലായാൽ അവർ സന്തോഷിക്കും. മനസിന്റെ സന്തോഷമാണല്ലോ സെക്സിന്റെ എന്നല്ല കുടുംബബന്ധങ്ങളുടെതന്നെ അടിത്തറ.

രതിമൂർച്ഛയിലെ വ്യത്യാസം

സ്ഖലനമാണ് പുരുഷന് സെക്സിന്റെ പാരമ്യം. എന്നാൽ സ്ഖലനമില്ലാതെയുള്ള രതിമൂർച്ഛയും ചില പുരുഷന്മാർക്ക് സംഭവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ പുരുഷന്മാർക്ക് രതിമൂർച്ഛ ഇല്ലാതെയുള്ള സ്ഖലനവും സംഭവിക്കാറുണ്ട്. പ്രായപൂർത്തിയാകും മുമ്പ് സ്വയംഭോഗമോ മറ്റുവിധത്തിലുള്ള ലൈംഗികതയിലോ ഏർപ്പെടുന്നവർക്ക് ഒരുസമയം തന്നെ പലതവണ രതിമൂർച്ഛ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഗവേഷണറിപ്പോർട്ടുകൾ പറയുന്നു. ഓരോ സ്ത്രീയുടേയും രതിമൂർച്ഛാനുഭവം വ്യത്യസ്തമാണ് എന്നും ഒരാളിൽതന്നെ പലതരത്തിലുള്ള രതിമൂർച്ഛയുണ്ടാകുന്നുണ്ടെന്നും ചില സെക്സ് ഗവേഷകർ വാദിക്കുന്നു. ഒരു രതിമൂർച്ഛയിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് സ്ത്രീശരീരത്തിൽ സംഭവിക്കുന്നതെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. രതിമൂർച്ഛയെന്നത് ജനനേന്ദ്രിയത്തെ കേന്ദ്രീകരിച്ചാണ് ഉണ്ടാകുന്നതെങ്കിലും അത് അനുഭവപ്പെടുന്നത് ശരീരത്തിലാകെയാണ്. ലൈംഗിക സുഖമെന്നത് ഇത്രമേൽ ആനന്ദകരമാകാൻ പ്രധാന കാരണവും ഇതുതന്നെ.

ഉത്തേജനത്തിലെ ആൺപെൺ വ്യതിയാനം

പുരുഷന്മാർ

വേഗത്തിൽ ഉത്തേജിതനാകുന്ന പുരുഷൻ അൽപസമയം ഒരേനിലയിൽ തുടർന്ന് പിന്നെ വേഗത്തിൽ രതിമൂർച്ഛാഘട്ടത്തിലേക്കു കടക്കുന്നു. അതുകഴിഞ്ഞ് വേഗത്തിലുള്ള പടിയിറക്കമാണ്.

സ്ത്രീകൾ

പുരുഷനേക്കാൾ സാവധാനത്തിൽ ഉത്തേജിതയാകുന്ന സ്ത്രീ പക്ഷേ ക്രമാനുഗതമായ പുരോഗതിയിലൂടെ രതിമൂർച്ഛയിലെത്തും. തുടർന്ന് പുരുഷനേക്കാൾ സാവധാനമേ ഉത്തേജിതാവസ്ഥയിൽ നിന്നും പുറത്തുകടക്കൂ.

ജി-സ്പോട്ട് കണ്ടെത്താം

യോനിയുടെ ഉൾഭാഗത്ത് മുൻഭിത്തിയിൽ യോനീകവാടത്തിൽ നിന്നും ഏതാണ്ട് രണ്ട്രണ്ടര ഇഞ്ച് താഴെയായിട്ടാണ് ജി-സ്പോട്ട് ഒളിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഒരു പയർമണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടം ആണിത്. സ്ത്രീകൾ ലൈംഗികമായി ഉത്തേജിതരാകുമ്പോൾ മാത്രമാണ് ഈ ടിഷ്യു വികസിച്ച് പയർമണിയുടെ രൂപത്തിലാകുന്നത്. സ്ത്രീയുടെ ജി-സ്പോട്ട് എവിടെയാണെന്ന് കണ്ടെത്താനും ഉത്തേജിപ്പിക്കാനും മറ്റൊരാൾക്കാണ് എളുപ്പത്തിൽ സാധിക്കുകയെന്ന് സെക്സോളജിസ്റ്റുകൾ പറയുന്നു. ഉത്തേജിതയായ സ്ത്രീയുടെ യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ സംഭവിച്ചു കഴിഞ്ഞാൽ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും കൂടിയോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിച്ച് മുകൾഭാഗത്തായി പയർമണിയുടെ ആകൃതിയിൽ ജി-സ്പോട്ട് കണ്ടെത്താനാകും. കൈവിരലുകൾ കൊണ്ട് പരതിയാൽ യോനീഭിത്തിയിൽ മറ്റ് ഭാഗങ്ങളേക്കാൾ പരുപരുത്ത, കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും.

ജി-സ്പോട്ട് ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചിലപ്പോൾ മൂത്രശങ്കയുണ്ടായേക്കാം. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ അത് ഒഴിഞ്ഞുപോകുകയും ലഭ്യമാകുന്ന ഉത്തേജനത്തിന്റെ തീവ്രതയനുസരിച്ച് ക്രമേണ രതിമൂർച്ഛയിലെത്തുകയും ചെയ്യും.

_വിവരങ്ങൾക്കു കടപ്പാട് ഡോ. കെ. പ്രമോദ് സെക്സ് തെറപ്പിസ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ, മാരിറ്റൽ ഹെൽത്ത്, കൊച്ചി._