സെക്സ് ലൈഫ് ആനന്ദകരമാകാൻ!

കാലം എത്രയൊക്കെ പുരോഗമിച്ചെന്ന് അവകാശപ്പെട്ടാലും വീട്ടുജോലിയെ സംബന്ധിച്ച പരമ്പരാഗത സങ്കല്‍പത്തില്‍ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ഭക്ഷണമുണ്ടാക്കലും വീടു വൃത്തിയാക്കലുമെല്ലാം സ്ത്രീകള്‍ക്ക് എഴുതിവച്ചിരിക്കുകയാണെന്ന ധാരണയാണ് ഇന്നും മിക്ക പുരുഷന്‍മാര്‍ക്കും. സ്ത്രീകള്‍ ജോലിക്കു പോകുന്ന വീടുകളിൽപ്പോലും ഇതിനു മാറ്റമില്ലെന്നതാണ് വസ്തുത.

2006 മുതലുള്ള വിവിധ പഠനങ്ങള്‍ ക്രോഡീകരിച്ച് യൂറോപ്പിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി ലൈഫ് മാഗസിന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഇത്തരക്കാരില്‍ ചിലരുടെയെങ്കിലും മനസ്സുമാറ്റാന്‍ ചിലപ്പോൾ കാരണമായേക്കും. വീട്ടുജോലികള്‍ പങ്കിടുന്ന ദമ്പതിമാരുടെ സെക്സ് ലൈഫ് മികച്ചതാകുമെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. വീട്ടുജോലികള്‍ പങ്കുവയ്ക്കുമ്പോള്‍ ദമ്പതിമാര്‍ക്കിടയിലെ മാനസികഐക്യം വര്‍ധിക്കുമെന്നും ഇത് ലൈംഗികജീവിതത്തിലും പ്രതിഫലിക്കുമെന്നും പഠനം പറയുന്നു.

സ്ത്രീകള്‍ വീടിനുപുറത്ത് ജോലിക്കു പോകുന്നത് പതിവായ ഈ കാലഘട്ടത്തില്‍ മാത്രമല്ല അതിനു മുന്‍പും വീട്ടുജോലിയിൽ സഹായിക്കുന്ന ഭര്‍ത്താക്കന്‍മാരുമായി മെച്ചപ്പെട്ട ശാരീരിക ബന്ധത്തിന് സ്ത്രീകള്‍ക്ക് സാധിച്ചിരുന്നുവെന്നും ഈ പഠനത്തില്‍ പറയുന്നുണ്ട്. വീട്ടുജോലികള്‍ പങ്കുവയ്ക്കുന്നതല്ലാതെ, എല്ലാ ജോലിയും ഭര്‍ത്താവ് ചെയ്തേക്കാം എന്നും വിചാരിക്കണ്ട. ഇതും സെക്സ് ലൈഫിന് ഗുണം ചെയ്യില്ല. സ്ത്രീയും പുരുഷനും ജോലികള്‍ പങ്കുവയ്ക്കുക തന്നെയാണ് വേണ്ടതത്രേ. ഇതനുസരിച്ച് 35 മുതല്‍ 65 ശതമാനം വരെ ജോലികള്‍ പുരുഷന്‍മാര്‍ ചെയ്യുന്ന ദമ്പതിമാര്‍ക്കിടയിലാണ് മികച്ച സെക്സ് ലൈഫ് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.

ശാരീരിക ആകര്‍ഷണത്തിനൊപ്പമോ അതിലധികമോ മാനസികപ്പൊരുത്തമാണ് മികച്ച സെക്സ് ലൈഫിന് സഹായിക്കുക. അങ്ങനെയിരിക്കെ, സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുകയോ സ്വാതന്ത്ര്യത്തോടെ ജീവിക്കുകയോ ചെയ്യുന്ന ഈ കാലത്ത് മാനസികപ്പൊരുത്തത്തിന് വീട്ടുജോലികളിലും പരസ്പര സഹകരണം ആവശ്യമാണെന്നുകൂടി ഈ പഠനം ഓർമിപ്പിക്കുന്നു.