Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ട്രോക്കിനു ശേഷമുള്ള ലൈംഗികജീവിതം എങ്ങനെ?

unhappy-couple

എന്റെ ഭർത്താവിനു കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സ്ട്രോക്ക് ഉണ്ടായി. തളർച്ചയില്ലാതെ ഇടതു വശം മുഴുവൻ മരവിപ്പാണ് ഉണ്ടായത്. നടക്കാനും വർത്തമാനം പറയാനുമൊന്നും ഒരു കുഴപ്പവുമില്ലായിരുന്നു. ഡോക്ടർ വിശദമായി ലക്ഷണങ്ങള്‍ ചോദിച്ചറിഞ്ഞതിനുശേഷമാണു സ്ട്രോക്കാണെന്നു പറഞ്ഞത്. ഇതിന് ആറു മാസം മുൻപു തൊട്ടു ലൈംഗികബന്ധം  പരാജയത്തിലായിരുന്നു. ഇപ്പോൾ ഒട്ടും തന്നെയില്ല. പുകവലിയും മദ്യപാനവും ഉണ്ടായിരുന്നു. ഇപ്പോഴില്ല. കൊളസ്ട്രോളിനും പ്രഷറിനും ഗുളികകൾ ഇപ്പോൾ സ്ഥിരമായി കഴിക്കുന്നുണ്ട്.  രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും കഴിക്കുന്നുണ്ട്. ഈ മരുന്നുകൾ ഇനി നിർത്താൻ പറ്റുമോ? ഇപ്പോൾ കണ്ടാൽ കുഴപ്പമൊന്നുമില്ല. വണ്ടിയോടിക്കാൻ പോകുന്നുണ്ട്. മലബന്ധം ഉണ്ടാകുന്നുണ്ട്. മലം പോകുമ്പോൾ രക്തവും പോകുന്നുണ്ട്. ഇതിനു പരിഹാരം ഉണ്ടോ? ലൈംഗികശേഷി തിരിച്ചു കിട്ടുമോ? ഇപ്പോൾ നാൽപ്പത്തിയാറു വയസ്സുണ്ട്. ദയവായി എന്റെ സംശയങ്ങൾക്കു മറുപടി തന്നു സഹായി ക്കണം.

മനുഷ്യശരീരത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കം വളരെ വിസ്മയകരമായ ഒരു അവയവമാണ്. അനുനിമിഷം അവിടേക്കെത്തുന്ന സന്തുഷ്ട, സംതൃപ്ത, സന്തപ്ത വീചികളിൽക്കൂടിയാണു കാമ, ക്രോധ, ശാന്ത വികാരങ്ങൾ പ്രകടമായി പ്രതികരിക്കുന്നത്. ഇതിനായി മുടങ്ങാതെ പ്രാണവായുവും പോഷ കാംശങ്ങളും അത്യന്താപേക്ഷിതമാണ്. മസ്തിഷ്കത്തിലെ ചാരകോശങ്ങൾക്കു നാലഞ്ചു മിനിറ്റിൽ കൂടുതൽ പ്രാണവായു ലഭിച്ചില്ലെങ്കിൽ അവ നശിച്ചു പോകും. പുനർജീവിക്കുകയുമില്ല. 

ജനനം മുതൽ പ്രായം ചെല്ലുന്തോറും രക്തം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ധമനികളിൽ കാലക്രമേണ കൊളസ്ട്രോളും മറ്റു പദാർഥങ്ങളും അടിഞ്ഞുകൂടി അവയുടെ വ്യാസം കുറയും. അതിനു കാരണമായ പല ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ട്. പ്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഘനീഭവിച്ചു വ്യാസം കുറയാം. മദ്യപാനത്തിൽക്കൂടി കരളിൽ പ്രോട്ടീൻ പ്രവർത്തനം കൃത്യമാകാതെയും മറ്റും ധമനികൾക്കു പ്രഹരം ലഭിക്കാം. മസ്തിഷ്കത്തിൽ കാൻസർ വരെയുള്ള തടിപ്പുകൾ സംഭവിക്കാം. പലപ്പോഴും വരാനിരിക്കുന്ന ശാശ്വതവിപത്തിന്റെ മുന്നറിയിപ്പായും കരുതാം. ഇതെല്ലാം മുൻകൂട്ടി കണ്ടായിരിക്കാം സ്ട്രോക്ക് വ്യാപിക്കാതിരിക്കാൻ മൂന്നിനം മരുന്നുകൾ തന്നിരിക്കുന്നത്. 

പ്രഷർ നിയന്ത്രണത്തിലാക്കണം. കൊളസ്ട്രോൾ അടിഞ്ഞു കൂടരുത്. വ്യാസം കുറഞ്ഞ ധമനികളിൽ രക്തം കട്ടപിടിച്ചു മാരകമാകാൻ വളരെ സാധ്യതയുണ്ട്. പുകയില ഒരു രീതിയിലും ഉപയോഗിക്കരുത്. പുകവലി കൊണ്ടു വന്നിട്ടുള്ള ദോഷവശങ്ങൾ കുറവെങ്കിലും മാറിക്കിട്ടാൻ അഞ്ചു–പത്ത് വർഷങ്ങളെടുത്തേക്കും. 

കുത്തഴിഞ്ഞ ജീവിതത്തിൽ ലൈംഗികാസക്തിയും വർഷങ്ങൾക്കു മുൻപു തന്നെ നിർവീര്യമായിത്തുടങ്ങിയിരിക്കാം. നിങ്ങൾ തമ്മിൽ മനപ്പൊരുത്തവും ആവശ്യമാണ്. ആഗ്രഹം കുറഞ്ഞാൽ പ്രവർത്തനവും പാളിപ്പോകും. പഴകിയ പ്രമേഹം, നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഹൃദയമിടിപ്പ്, ദഹനേന്ദ്രിയ വ്യൂഹചലനം, ശ്വാസോച്ഛ്വാസം എന്നിവ പോലെ ലൈംഗിക ഉദ്ധാരണശേഷിയെപ്പോലും ബാധിക്കാം. പ്രഷറിനു കഴിക്കുന്ന ചില മരുന്നുകൾ ദോഷം ചെയ്തേക്കാം. പക്ഷേ നിങ്ങളുടെ ഭർത്താവ് കഴിക്കുന്ന ഈ മരുന്നിന് ആ ദോഷവശമില്ല. പുരുഷന്മാരിൽ ലൈംഗിക താൽപര്യം ഏതു പ്രായത്തിലും കുറെ പ്രകടമായി കണ്ടേക്കാം. 

ഇപ്പോൾ മലത്തിൽക്കൂടി രക്തം പോകുന്നുണ്ടെങ്കിൽ രക്തം കട്ടപിടിക്കാതിരിക്കാനായി കഴിക്കുന്ന മരുന്നുകൾ വ്യത്യാസപ്പെടുത്തേണ്ടി വരും. മരുന്നുകളെല്ലാം സ്ഥിരമായി കഴിക്കേണ്ടിയും വരും. ലൈംഗികബന്ധത്തിന് ഒരു മണിക്കൂർ മുൻപേ കഴിക്കുന്ന വയാഗ്ര (VIAGRA) മാതിരി മരുന്നുകൾ ചിലപ്പോൾ സഹായകരമായിരിക്കും. നിങ്ങളുടെ ഭർത്താവിനു പലവിധ അസുഖങ്ങളുള്ളതിനാൽ ഈ മരുന്നു കഴിക്കുന്നത് ഒരു ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കണം. അതല്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കാം.