ശുക്ലം കൂട്ടാൻ മാർഗമുണ്ടോ?

29 വയസുള്ള എനിക്കു വേണ്ടത്ര പുരുഷബീജങ്ങൾ ഇല്ല. (കൗണ്ട് കുറവാണ്) ഒരു ദിവസം മൂന്നുതവണ സംഭോഗത്തിൽ ഏർപ്പെട്ടാൽ മൂന്നാമത്തെ തവണയാകുമ്പോഴേക്കും ശുക്ലം തീരെ കാണില്ല. ആദ്യത്തെ പ്രാവശ്യം പോലും ശുക്ലം തീരെ കുറവാണ്. ശുക്ലം കൂട്ടാൻ മാർഗമുണ്ടോ?

കുറഞ്ഞ സമയത്തിൽ കൂടുതൽ ശുക്ലസ്രവം നടന്നാൽ ബീജങ്ങളുടെ എണ്ണം കുറയും. നിങ്ങൾക്ക് അല്ലെങ്കിൽ തന്നെ കൗണ്ട് കുറഞ്ഞയാളാണ്. അപ്പോൾ ഒരു കാരണവശാലും 24 മണിക്കൂറിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം സംഭോഗത്തിൽ ഏർപ്പെടരുത്. നിങ്ങൾക്ക് എന്തുകൊണ്ടാണു കൗണ്ടു കുറവ് എന്നാദ്യം കണ്ടുപിടിക്കണം. വൃഷണത്തിനു ജന്മനാ പ്രശ്നമുണ്ടായിരിക്കാം. അല്ലെങ്കിൽ പിന്നീടുണ്ടായ എന്തെങ്കിലും പരിക്കുകൊണ്ടോ രോഗാണുബാധ കൊണ്ടോ (ഉദാഹരണത്തിന് മന്ത്, ഗോണോറിയ) വൃഷണത്തിനു തകരാറു പറ്റിയിരിക്കും.

ചില ഹോർമോണുകളുടെ അപര്യാപ്തത, വെരിക്കോസിൽ (വൃഷണസഞ്ചിയിലെ രക്തക്കുഴലുകളുട തടിപ്പ്) ഇവയും കാരണമാകാം. കാരണമറിഞ്ഞല്ലേ ചികിത്സ പറ്റൂ. റിപ്രൊഡക്ടീവ് മെഡിസിൻ സ്പെഷലിസ്റ്റിനെ കണ്ട് വേണ്ട ചികിത്സാനിർദേശങ്ങൾ സ്വീകരിക്കുക.