നട്ടെല്ലിന്റെ ബലത്തിന് ഭുജംഗാസനം

ഭുജംഗം എന്നാല്‍ സര്‍പ്പം (പാമ്പ്) എന്നര്‍ഥം. സര്‍പ്പം പത്തിവിടര്‍ത്തി നില്ക്കുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് ഈ ആസനത്തിന് ഭുജംഗാസനം എന്നു പേര്‍ വന്നത്. ഈ ആസനത്തില്‍ ശ്വാസോച്ഛ്വാസഗതി പാമ്പ് പത്തി വിടര്‍ത്തി വിഷം തുപ്പുന്ന പ്രതീതി ഉണ്ടാവും.

*ഇങ്ങനെ ചെയ്യാം *

ആദ്യം കമഴ്ന്നു കിടക്കുക. തുടര്‍ന്ന് കാലുകള്‍ നീട്ടി കാലിന്റെ പെരുവിരലുകളും ഉപ്പൂറ്റിയും ചേര്‍ത്തു വയ്ക്കുക. എന്നിട്ട് ഇരു കൈപ്പത്തികളും മാറിന്റെ ഇരുവശങ്ങളിലായി നിലത്തു കമഴ്ത്തി വയ്ക്കുക. കൈമുട്ടുകള്‍ ഇരു വാരിഭാഗത്തിനടുത്തായി വച്ചു നെഞ്ചും നെറ്റിയും നിലത്തു പതിയത്തക്കവണ്ണം കിടക്കണം സാവാധാനത്തില്‍ ശ്വാസം എടുത്തുകൊണ്ടു തല ഉയര്‍ത്തിപ്പിടിച്ച് മാറിനെ പൊക്കിപ്പിടിക്കുക. ഈ സമയം നട്ടെല്ല് അല്പം പുറകോട്ടു വളഞ്ഞിരിക്കുകയും കൈമുട്ടുകള്‍ അധികം നിവരാതെ വാരിയെല്ലിനോട് അടുപ്പിച്ചിരിക്കുകയും വേണം.

പത്ത് വരെ ശ്വാസോച്ഛ്വാസം

പൊക്കിള്‍ ഭാഗം നിലത്തുനിന്ന് അല്പം പൊക്കി നില്ക്കത്തക്കവിധം അരക്കെട്ടു മുതല്‍ ശരീരത്തെ നിവര്‍ത്തി മേല്‍പ്പോട്ടു നോക്കിക്കൊണ്ട്, ഇതേ ഇരുപ്പില്‍ അഞ്ചു മുതല്‍ 10 വരെ അവരവരുടെ കഴിവിനനുസരിച്ചു ശ്വാസോച്ഛ്വാസം ചെയ്യാവുന്നതാണ്.

നട്ടെല്ലിനും ശ്വാസകോശത്തിനും

ഈ യോഗ ചെയ്യുമ്പോള്‍ അരക്കെട്ടുവരെ ശരീരം പൊങ്ങുന്നതു കൊണ്ട് അരക്കെട്ടിലെ ഞരമ്പുകളുടെ ബലക്കുറവു കാരണം രക്തസഞ്ചാരത്തില്‍ തടസ്സം നേരിടുമ്പോള്‍ ഉണ്ടാകുന്ന നടുവേദനയ്ക്ക് ആശ്വാസം കിട്ടും. നട്ടെല്ല് പ്രകൃതിക്ക് അനുകൂലമായി അല്പം പുറകോട്ടു വളയുന്നതിനാല്‍ നട്ടെല്ലിന് അയവു കിട്ടുന്നു. അങ്ങനെ സുഷുമ്നാനാഡിയുടെ പ്രവര്‍ത്തനത്തിനു സഹായമാകുന്നതിനാല്‍ നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കു ശമനം ലഭിക്കും. നെഞ്ചു വിരിഞ്ഞു നില്ക്കുന്നതിനാല്‍ കൂടൂതല്‍ ഒാക്സിജന്‍ ഉള്‍ക്കൊള്ളാനും ഉച്ഛ്വസിക്കാനും കഴിയും. പ്രമേഹം , ആസ്മ അലര്‍ജി, കഴുത്തുവേദന, തലവേദന എന്നീ രോഗങ്ങള്‍ക്കു ശമനം കിട്ടുന്നു. നട്ടെല്ലിലെ അഞ്ചു കശേരുക്കള്‍ക്കു ബലം കിട്ടുന്നതിനാല്‍ തോളെല്ലുകള്‍ക്കും കൈമുട്ടുകള്‍ക്കും മാംസപേശികള്‍ക്കും നല്ലതാണ്. കമഴ്ന്നു കിടക്കുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഭുജംഗാസനം പ്രകൃതി തന്നെ ചെയ്യിക്കുന്നതു നമുക്കു ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്നതാണ് .

_ഇ. ബാലകൃഷ്ണന്‍ കിടാവ് യോഗനിലയം പനങ്ങാട്, ബാലുശ്ശേരി, കോഴിക്കോട്_