ഏതൊരു മലയാളിയുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. ബജറ്റ് വീടുകൾ എന്ന പ്രയോഗം തന്നെ അപ്രസക്തമാക്കുംവിധമാണ് കേരളത്തിലെ ഭവനനിർമാണച്ചെലവുകൾ കുതിക്കുന്നത്. കോസ്റ്റ് എഫക്ടീവ് വീടുകളാകും ഇനി സാധാരണക്കാർക്ക് മുന്നിലുള്ള പ്രതീക്ഷ. മേയ് മാസത്തിൽ മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ച 4 വീടുകൾ സംക്ഷിപ്തമായി പുനർപ്രസിദ്ധീകരിക്കുന്നു.

കണ്ണൂരിലെന്താ ഈ വീടിനു കാര്യം?

ബഹ്‌റൈനിലെ അമേരിക്കന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന വിജയനും ഭാര്യ സ്മിതയും കണ്ണൂർ നഗരത്തിലെ കണ്ണായ സ്ഥലമായ ചെട്ടിപ്പീടികയിൽ മുന്നേ പറമ്പ് വാങ്ങിയത് റിട്ടയേർഡ് ലൈഫിൽ സമാധാനമായി താമസിക്കാനായിരുന്നു. മാവും പ്ലാവും മറ്റു മരങ്ങളും വറ്റാത്ത ജലലഭ്യതയുമുള്ള ആ പറമ്പിനു വില ഇന്ന് കോടികൾ വരും. വായുസഞ്ചാരവും വെളിച്ചവും നിറയുന്ന പരമ്പരാഗതരീതിയിലുള്ള വീടെന്ന സ്വപ്നവുമായി ഡിസൈനർ ശ്രീകാന്ത് പങ്ങപ്പാടിനെ സമീപിച്ചു. 

അറ്റാച്ഡ് ബാത്റൂം സൗകര്യങ്ങളുള്ള 3 ബെഡ് റൂമുകളും ഫോർമൽ ലിവിങും ഫാമിലി ലിവിങും ഡൈനിങ്ങ് ഹാളും മോഡേൺ അടുക്കളയും വർക്ക്‌ ഏരിയയും സിറ്റ് ഔട്ട്‌, പോർച് എല്ലാം ചേർത്ത് 2000 SFT ലാണ് വീട് രൂപകൽപന ചെയ്തത്. ഫ്ലാറ്റ് റൂഫ് വാർത് GI ട്രസ് ചെയ്തു ഓട് പാകിയിരിക്കുന്നതു മൂലം ടെറസ് മുഴുവൻ ഉപയോഗപ്രദമാക്കി മാറ്റിയിരിക്കുന്നു. 

ഈ വീടിന്റെ രൂപകല്പനയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് ഹാളിന്റെ  ക്രോസ് ഡിസൈൻ ആണ്. നാലു വശത്തുമുള്ള പച്ചപ്പും പ്രകൃതി ഭംഗിയും ഒപ്പം വായു സഞ്ചാരവും ഇത്തരം ക്രോസ് ഡിസൈൻ ഉറപ്പാക്കുന്നു. അകത്തുനിന്നുതന്നെ പ്രവേശിക്കാവുന്ന സ്റ്റെയര്‍കേസും നൽകിയിരിക്കുന്നു. വീട് പണി പൂർത്തിയാക്കി നിറഞ്ഞ ചിരിയോടെ  സിറ്റൗട്ടിൽ  ഇരിക്കുന്ന  വിജയേട്ടനും സ്മിത ചേച്ചിക്കും കിട്ടിയ ഭാഗ്യം നോക്കണേ... പറമ്പിന്റെ പച്ചപ്പും,  ഒപ്പം നഗരവും കാണാം!

പൂർണവായനയ്ക്ക് 

കേരളത്തനിമ നിറയുന്ന വീട്; ചെലവ് പോക്കറ്റിൽ ഒതുക്കി!

പ്രവാസികൾക്ക് ഗൃഹാതുരമായ ഓർമയാണ് നാടും വീടും. കാസർകോട് പൊയ്‌നാച്ചി എന്ന സ്ഥലത്ത് കേരളത്തനിമ നിറഞ്ഞ വീട് സഫലമാക്കിയതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ ബാലൻ പങ്കുവയ്ക്കുന്നു.

വടക്കൻ മലബാറിലെ പഴയ തറവാടുകൾ എന്നെ ഒരുപാട് മോഹിപ്പിച്ചിട്ടുണ്ട്. സ്വന്തമായി വീടു വയ്ക്കുമ്പോൾ അത് കേരളത്തനിമ ഉള്ളതാകണം എന്ന് അന്നേ മനസ്സിൽ കുറിച്ചിരുന്നു. ബജറ്റ് 40 ലക്ഷത്തിനു മുകളിൽ പോകരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു. ആദ്യം മുതൽ കരുതലോടെയാണ് ചെലവാക്കിയത്. പരമ്പരാഗത ശൈലിയിൽ പടിപ്പുര കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. വീടിന്റെ സ്ട്രക്ചറും ചുറ്റുമതിലും കിണറുമെല്ലാം കെട്ടിയത് പ്രാദേശികമായി ലഭ്യമായ വെട്ടുകല്ലുകൊണ്ടാണ്. പ്ലോട്ടിലുള്ള തെങ്ങും മറ്റു മരങ്ങളും സംരക്ഷിച്ചാണ്‌ മുറ്റം കെട്ടിയെടുത്തത്.

നാലു തട്ടുകളായാണ് മേൽക്കൂര ക്രമീകരിച്ചത്. വീടിന്റെ നാലു വശത്തുനിന്നും വ്യത്യസ്തമായ കാഴ്ച ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. ഡബിൾ ഹൈറ്റിലാണ് മധ്യത്തിലുള്ള മേൽക്കൂര. ഇത് കാറ്റും വെളിച്ചവും അകത്തേക്ക് കടത്തിവിടുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. ഫ്ലാറ്റ് റൂഫിന് മുകളിൽ ജിഐ കൊണ്ട് ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ഗുണനിലവാരമുള്ള മംഗലാപുരം മേച്ചിൽ ഓടുകൾ ലഭിച്ചത് വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു.

സിറ്റ് ഔട്ട്, ലിവിങ്, പൂജാമുറി, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്. സോപാനം ശൈലിയിലാണ് സിറ്റൗട്ട്. തടി കൊണ്ടാണ് കൈവരികൾ നിർമിച്ചത്. ഊണുമുറിയും പൂജാമുറിയും ഒരു ഹാളിന്റെ ഭാഗമായി വരുന്നു. ഇവിടെയാണ് ഡബിൾ ഹൈറ്റ് മേൽക്കൂര നൽകിയത്. വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിക്കാൻ ഇത് ഗുണകരമായി. ഫോൾസ് സീലിങ്ങും ലൈറ്റുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രാനൈറ്റാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കൂടുതലും റെഡിമെയ്ഡായി വാങ്ങി.

വീടിന്റെ ഏറ്റവും വലിയ സവിശേഷത അകത്തളങ്ങളിൽ നിറയുന്ന തണുപ്പാണ്. വെട്ടുകല്ല് കൊണ്ടുള്ള ഭിത്തികൾ ചൂടിനെ തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം അകത്തളങ്ങൾ ക്രമീകരിച്ചതും സഹായകരമായി. പൊതുവെ ഞങ്ങളുടെ പ്രദേശത്തു ചൂട് കൂടുതലാണ്. എന്നിട്ടും വീടിനുള്ളിൽ അധികം ചൂട് അനുഭവപ്പെടുന്നില്ല എന്നതാണ് സന്തോഷം.

പൂർണവായനയ്ക്ക് 

7 സെന്റ്, 27 ലക്ഷം; അദ്ഭുതമാണ് ഈ വീട്! പ്ലാൻ

മലപ്പുറം മുള്ളൻപാറയിൽ വീതി കുറഞ്ഞ പ്ലോട്ടെന്ന വെല്ലുവിളിയെ മറികടന്ന് നിർമിച്ച സമീറിന്റെ വീടാണിത്. ഒറ്റനില വീട് മതി എന്ന ഗൃഹനാഥന്റെ ആഗ്രഹപ്രകാരം നിർമിച്ച വീട്ടിൽ ലിവിങ്, ഡൈനിങ്, രണ്ടു ബെഡ്റൂമുകൾ, കിച്ചൻ എന്നിവ ഉൾക്കൊള്ളുന്നു. ഏറെ വിസ്തൃതിയും സൗകര്യമുള്ളതുമായ മുറികൾ, കാറ്റും വെളിച്ചവും കടന്നു വരുന്ന അകത്തളങ്ങൾ എന്നിവ ഇൗ വീടിന്റെ പ്രത്യേകതകളാണ്. മിനിമൽ ശൈലിയിലൊരുക്കിയിരിക്കുന്ന വീട് 1000 സ്ക്വയർഫീറ്റിലാണുള്ളത്. ബജറ്റിനേക്കാൾ വെല്ലുവിളിയായി നിന്ന പ്ലോട്ടിൽ 27 ലക്ഷത്തിനാണ് വീട് നിർമ്മിച്ചത്. മഞ്ചേരിയിലെ ലെസാറ ഡിസൈനേഴ്സിലെ നവാസാണ് ഇൗ വീട് രൂപകല്പന ചെയ്തത്.

വീതി കുറഞ്ഞ് പുറകിലേക്ക് നീണ്ട് കിടക്കുന്ന ഏഴ് സെന്റ് പ്ലോട്ട് തന്നെയാണ് ബജറ്റിനേക്കാൾ ഏറെ വെല്ലുവിളിയായത്. ദീർഘചതുരത്തിലാണെങ്കിലും വീതിയില്ലാത്ത പ്ലോട്ടായതിനാൽ ആഗ്രഹപ്രകാരം സ്പേഷ്യസായ വീട് വയ്ക്കുവാൻ സാധിക്കില്ലെന്ന് പലരും പറഞ്ഞ് പിന്തിരിപ്പിച്ചു. ആ ഇടയ്ക്കാണ് ബന്ധുവും ഇന്റീരിയർ ഡിസൈനറുമായ നവാസിനെ വീടുപണി ഏൽപ്പിക്കുന്നത്. ആ കൂടിച്ചേരൽ സമകാലിക ശൈലിയിൽ പുത്തനൊരു വീട് എന്ന ആശയത്തിന് തിരികൊളുത്തി.

പരമ്പരാഗത ശൈലിയെ അനുസ്മരിക്കും വിധമാണ് എക്സ്റ്റീരിയർ. ഒാഫ് വൈറ്റ് നിറത്തിന് വേർതിരിവ് നൽകാൻ മസ്റ്റർഡ് യെല്ലോ നിറമാണ് എലവേഷനിൽ ഉപയോഗിച്ചത്. ടെറാക്കോട്ട ഫിനിഷിലുള്ള ക്ലാഡിങ്ങും എക്സ്റ്റീരിയറിന് ചാരുതയേകുന്നു. ഒറ്റനിലയാണെങ്കിലും രണ്ടുനിലയായി തോന്നിക്കുന്നു എന്നതാണ് പ്രത്യേകത. മുകളിൽ നൽകിയ സീറ്റിങ് ഏരിയ ഇതിന് സഹായിക്കുന്നു. 

വിശാലമായ അകത്തളമാണ് അകത്തേക്ക് ക്ഷണിക്കുന്നത്. എൽ ഷേപ്പിലാണ് ലിവിങ്ങും ഡൈനിങ്ങും ഒരുക്കിയത്. രണ്ടിടത്തിരുന്നാലും കാണാവുന്ന തരത്തിൽ ടിവി യൂണിറ്റ് സ്ഥാപിച്ചു. കോൺട്രാസ്റ്റ് നിറമായ ഇലക്ട്രിക് ബ്ലൂ നിറം കൊണ്ടാണ് ഫർണിഷിങ്ങ്. സീലിങ്ങിൽ ജിപ്സവും ചുമരിൽ വാൾപേപ്പറും തറയിൽ മാറ്റ് വുഡ് ഫിനിഷും ചെയ്തു.

വീടിനകത്തേക്ക് സമൃദ്ധമായി കാറ്റും വെളിച്ചവും കടന്നു വരുവാൻ കൂടുതൽ ജനാലകൾ കൊടുത്തു. ക്രോസ് വെന്റിലേഷനും ഉറപ്പാക്കി. വീടിനുള്ളിലെ വായുസഞ്ചാരം ത്വരിതഗതിയിലാക്കാൻ സ്റ്റെയർ ഏരിയയിൽ ട്രെസ് വർക്ക് ചെയ്ത് ഒാടുകൾ വിരിച്ചു. ഗ്ലാസ് ഒാടുകളും എത്തിയതോടെ പകൽ സമയം ഊർജ ഉപഭോഗം കുറയ്ക്കാനുമായി.

പൂർണവായനയ്ക്ക് 

ലോൺ എടുക്കാതെ പണിയാൻ വഴികണ്ടെത്തി; 6 സെന്റിൽ വീടുയർന്നു!

കോഴിക്കോട് കാരപ്പറമ്പിൽ ഒൻപതു സെന്റ് ഭൂമിയാണ് രഞ്ജിത്തിന് ഉണ്ടായിരുന്നത്. വീടു പണിയാൻ പദ്ധതിയിട്ടപ്പോൾ ബജറ്റ് ഒരു പ്രശ്നമായി. ഏതായാലും ലോൺ എടുത്ത് വീടുപണിയാൻ താൽപര്യമില്ലായിരുന്നു. അങ്ങനെ വീടിനോട് ചേർന്ന മൂന്നു സെന്റ് വിറ്റു. കയ്യിൽ സ്വരുക്കൂട്ടിയതിനൊപ്പം ഭൂമി വിറ്റ കാശു കൂടിയായപ്പോൾ കടമില്ലാതെ ബാക്കി ആറു സെന്റിൽ സ്വന്തം വീട് സഫലമാക്കാൻ കഴിഞ്ഞു.

പരമാവധി സ്ഥല ഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ് റൂഫ് ബോക്സ് ആകൃതിയിലാണ് എലവേഷൻ. പുറംകാഴ്ച ആകർഷകമാക്കാൻ ചെപ്പടിവിദ്യകൾ ചെയ്തിട്ടുണ്ട്. ട്രീറ്റ് ചെയ്ത തേക്കിൽ നിർമിച്ച ക്ളാഡിങ്ങാണ് സിറ്റൗട്ടിനു സമീപമുള്ള ഭിത്തി അലങ്കരിക്കുന്നത്. ഗോവണിയുടെ ഭാഗം ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇവിടെ ഒരു വശത്തെ ഭിത്തി മുഴുവൻ ഗ്ലാസ് ജനാലകൾ നൽകി. ഇതിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. മുറ്റം വെള്ളം ഭൂമിയിലേക്കിറങ്ങുംവിധം നാച്ചുറൽ സ്റ്റോൺ വിരിച്ചു.

ചെറിയ പ്ലോട്ടിൽ ഞെരുക്കം അനുഭവപ്പെടാതെയാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഒരുക്കിയത്. പോർച്ചിന്റെ വശത്തെ ഗ്രില്ലുകളിൽ വള്ളിച്ചെടികൾ പടർന്നുകയറാൻ ക്രമീകരണം ചെയ്തു.

ഫാമിലി ലിവിങ്ങിനെ വേർതിരിക്കുന്നത് വെട്ടുകല്ലിൽ തീർത്ത ക്ലാഡിങ് പതിച്ച ചുവരാണ്.  വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ഫോർമൽ ലിവിങ്ങിലും മാസ്റ്റർ ബെഡ്റൂമിലും വുഡൻ ഫ്ളോറിങ് ചെയ്തു വേർതിരിച്ചു.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 55 ലക്ഷത്തിനു വീടു പൂർത്തിയായി. സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ വീട്ടിലേക്ക് താമസം മാറാനായതിന്റെ സന്തോഷത്തിലാണ് രഞ്ജിത്തും കുടുംബവും.

പൂർണവായനയ്ക്ക്