ബെഡ്‌റൂം എങ്ങനെ സൂപ്പര്‍ ആക്കാം, ഇതാ ചില ടിപ്‌സ്

താഴെപറയുന്ന കുറച്ചു കാര്യങ്ങള്‍ മാത്രം മതിയാവും പലപ്പോഴും നിങ്ങളുടെ ബെഡ്‌റൂമിനെ സുന്ദരമാക്കാന്‍.

വൃത്തിയായി വിരിച്ചിട്ട കിടക്കവിരി, അതിനിണങ്ങുന്ന പില്ലോ കവറുകള്‍. കുത്തിനിറയ്ക്കപ്പെടാത്ത, ഭംഗിയായി കിടക്കുന്ന ഫര്‍ണിച്ചറുകള്‍, പുറമേയ്ക്ക് ഒന്നോ രണ്ടോ പുസ്തകങ്ങളും ഫ്രഷ് പൂക്കള്‍ നിറഞ്ഞ ഒരു വൈസും  മാത്രമേ കാണാനുള്ളൂ...ജോലിയുടെ തിരക്കുകളെല്ലാം കഴിഞ്ഞു ഇങ്ങനെ ഒരു മുറിയിലേക്ക് വിശ്രമിക്കാനായി കയറിച്ചെല്ലുന്നതൊന്നു  ആലോചിച്ചു നോക്കൂ. ഓര്‍ക്കുമ്പോള്‍ തന്നെ ഒരു തരത്തിലുള്ള സമാധാനം മനസിലേക്കു കയറിവരുന്നപോലെ അല്ലേ...പക്ഷേ എല്ലാ തിരക്കും കഴിഞ്ഞു ഇനി ഒരല്‍പം വിശ്രമിക്കാം എന്ന് കരുതി കിടപ്പുമുറിയിലേക്ക് കയറുമ്പോള്‍ തന്നെ തലവേദന കൂടുന്നതാണ് പലരുടെയും അനുഭവം. അടുക്കും ചിട്ടയുമില്ലാത്തതു തന്നെ കാരണം.

നല്ല വീടുണ്ടാക്കുന്നതുപോലെതന്നെ പ്രധാനമാണ് നന്നായി അത് സൂക്ഷിക്കുന്നതും. ഒരര്‍ത്ഥത്തില്‍ അതൊരു കലയാണ്. ഒരല്‍്പ്പമൊന്നു ശ്രദ്ധിച്ചാല്‍ ആര്‍ക്കും സ്വായത്തമാക്കാവുന്ന ഒന്ന്.  താഴെപറയുന്ന കുറച്ചു കാര്യങ്ങള്‍ മാത്രം മതിയാവും പലപ്പോഴും നിങ്ങളുടെ ബെഡ്‌റൂമിനെ സുന്ദരമാക്കാന്‍. 

എഴുന്നേറ്റയുടനെ തന്നെ കിടക്കവിരിച്ചിടുന്നതു  ഒരു ശീലമാക്കി നോക്കൂ, റൂമിനോടുള്ള നിങ്ങളുടെ ഇഷ്ടം കൂടുന്നത് അനുഭവിച്ചറിയാം. വെറും 2 മിനിറ്റ് മാത്രമേ ഇതിനാവശ്യമുള്ളു. പക്ഷേ  'ഇഫക്‌റ്റോ' ദിവസം മുഴുവന്‍ നില്‍ക്കും. പരസ്യവാചകത്തിലെ പോലെ..ഇതുപോലെത്തന്നെ പ്രധാനമാണ് ആഴ്ചയിലൊരിക്കെലെങ്കിലും കിടക്കവിരി മാറ്റുന്നത്. നിങ്ങള്‍ക്കിഷ്ടമുള്ള തരത്തിലുള്ള നിറങ്ങളിലും ഡിസൈനിലുമുള്ള കിടക്കവിരികള്‍ മാറി മാറി ഉപയോഗിക്കുന്നത് റൂമിനു നിത്യയൗവ്വനം നല്‍കുന്നത് പോലെയാണ്. 

മറ്റൊന്നാണ് നിങ്ങളുടെ കൈവശമുള്ള എല്ലാ സാധനങ്ങളും  കുത്തിനിറയ്ക്കാനുള്ള സ്റ്റോര്‍റൂമായി ബെഡ്‌റൂമിനെ മാറ്റരുത് എന്നത്. വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ കുത്തിനിറയ്ക്കുന്നതിനു പകരം, ആവശ്യമുള്ളവ മാത്രം ബെഡ്‌റൂമില്‍ വച്ച് നോക്കൂ, നിങ്ങള്‍ തന്നെ ചിന്തിക്കും  ഇത്രയ്ക്കും സ്‌പേസ് ഇതിനകത്തുണ്ടായിരുന്നോ എന്ന്.  

ഭിത്തിയലമാരായും കട്ടിലിനടിയിലെ സ്റ്റോറേജ് സ്‌പേസുമൊക്കെ കൃത്യമായി ഉപയോഗിച്ചാല്‍ മാത്രം മതിയാവും പലപ്പോഴും മുറിയില്‍ അലക്ഷ്യമായികിടക്കുന്ന സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും പൊടിതട്ടാന്‍ കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. 

മുറിയില്‍ വസ്ത്രങ്ങള്‍ കൂട്ടിയിടുന്നത് പലരുടെയും ഒരു സ്വഭാവമാണ്. മുറിയെ അലങ്കോലമാക്കാന്‍ ഇതിനേക്കാള്‍ വിശേഷപ്പെട്ട മറ്റൊന്നും തന്നെയില്ല. ദിവസവും അലക്കുന്ന സ്വഭാവക്കാരല്ല നിങ്ങള്‍ എങ്കില്‍, തുണികള്‍ ഒരു ലോൻഡ്രി ബാസ്‌കറ്റില്‍ ഇട്ടു വയ്ക്കാം. കട്ടിലിനടിയിലുള്ള സ്റ്റോറേജ് സ്‌പേസില്‍ (ഉണ്ടെങ്കില്‍) വീട്ടില്‍ ഇടുന്ന വസ്ത്രങ്ങള്‍ വയ്ക്കുന്നതും നല്ലതായിരിക്കും. ഇത്, അലമാരയ്ക്കുള്ളിലെ തുണികള്‍ എപ്പോഴും വലിച്ചിടാതിരിക്കാന്‍ സഹായിക്കും. 

അകത്തേയ്ക്കു പ്രവേശിച്ച ഉടനെ ചെരുപ്പുകള്‍ തോന്നിയയിടത്തു അഴിച്ചിടുന്നതും നമ്മളില്‍ പലരുടെയും ശീലമാണ്. പലപ്പോഴും ഇത്തരക്കാരുടെ മുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഒരു യുദ്ധഭൂമിയില്‍ പ്രവേശിച്ച പ്രതീതിയാണുണ്ടാവുക. പാദരക്ഷകള്‍ക്കായി ചുമരലമാരയില്‍ ഒരിടമോ, ഒരു ഷൂറാക്കോ കണ്ടെത്താനാവുമെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേ ഉള്ളു. 

ബെഡ് റൂമിനകത്തിരുന്നു ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് മാറ്റുന്നത് ബെഡ്‌റൂമിനെ വൃത്തിയായി സൂക്ഷിക്കാന്‍ അനിവാര്യമാണ്. മുകളില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ചിലതൊക്കെയെങ്കിലും അടുത്ത ദിവസം തന്നെ ഏതൊരാള്‍ക്കും ശ്രമിച്ചു നോക്കാവുന്നതേയുള്ളൂ. 

Read more on Bedroom Tips Interior Design Trends