ഇനി മനസ്സിൽകണ്ട വീട് സ്വന്തമാക്കാം, ചെലവ് കുറച്ച്!

മനസ്സിൽ കണ്ട അകത്തളം സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

വീട് ഭംഗിയായിരിക്കണമെന്ന ആഗ്രഹം ഇല്ലാത്തവരുണ്ടാകില്ല. ഭംഗിയുള്ള വീടിന് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് നല്ല ഇന്റീരിയർ. സ്വന്തം അഭിരുചികളെ എങ്ങനെ സ്പേസുമായി കൂട്ടിയിണക്കാമെന്നു വ്യക്തമായ ബോധ്യമുള്ളവർക്ക് ഇന്റീരിയർ സ്വന്തമായി ഡിസൈൻ ചെയ്യാം. അല്ലെങ്കിൽ ഇന്റീരിയർ ആർക്കിടെക്ടിനെയോ ഡിസൈനറെയോ ഏൽപിക്കുന്നതാണു നല്ലത്. പണം ചെലവഴിച്ച് ഇന്റീരിയർ ചെയ്യിക്കുമ്പോൾ അതിൽ പൂർണ തൃപ്തി ലഭിക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്ലാനിങ് മുതൽ

ഡിസൈനറാണ് ഇന്റീരിയർ ചെയ്യുന്നതെങ്കിൽ പ്ലാനിങ് സ്റ്റേജ് മുതലുള്ള ചർച്ചകളിൽ ഡിസൈനറെ പങ്കെടുപ്പിക്കുക. ചുരുങ്ങിയപക്ഷം ഇലക്ട്രിക്കൽ വർക് തുടങ്ങുന്നതിനു മുൻപെങ്കിലും ഡിസൈനറുടെ സേവനം തേടുന്നതാണു നല്ലത്.

സ്റ്റൈൽ നോക്കണം

ഇന്റീരിയർ ഡിസൈനർ ആരു വേണമെന്ന് തീരുമാനിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ക്ലാസിക്, മോഡേൺ, കന്റെംപ്രറി, ട്രെഡീഷനൽ എന്നിങ്ങനെ ഇന്റീരിയർ ചെയ്യുന്നതില്‍ പല ശൈലികളുണ്ട്. വീടിന് ഏതു ശൈലി വേണമെന്നു തീരുമാനിച്ച് അതിനിണങ്ങുന്ന ഡിസൈനറെ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് വീടിന് കന്റെംപ്രറി ശൈലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് ചെയ്തു പരിചയമുള്ളയാൾക്ക് അത്തരം ശൈലിയിലെ പല ന്യൂനതകളെക്കുറിച്ചും മേന്മകളെക്കുറിച്ചും കൃത്യമായ അറിവുണ്ടാകും. അത് കൃത്യമായി ഉപയോഗപ്പെടുത്തുക.

ഇടപെടലുകൾ വേണ്ട

അകത്തളം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള സങ്കൽപങ്ങളും അഭിപ്രായങ്ങളും തീർച്ചയായും ഡിസൈനറുമായി പങ്കുവയ്ക്കണം. എന്നാൽ ഡിസൈനറുടെ ജോലിയിൽ കൈകടത്തുന്നത് നല്ല ഫലമായിരിക്കില്ല തരിക. ഓരോ സ്പേസും എങ്ങനെ വിനിയോഗിക്കണമെന്ന് ഡിസൈനർക്ക് വ്യക്തമായ അറിവുണ്ടാകും. അകത്തളത്തിന് തിരഞ്ഞെടുത്ത സ്റ്റൈലിനോടു യോജിക്കാത്ത സാധനങ്ങൾ തിരുകിക്കയറ്റുന്നത് ഭംഗിയെ ബാധിക്കും.

അകത്തളം ഒരു കൂട്ടായ്മ

ഒരു പ്രത്യേക ടൈൽ കണ്ട് ഇഷ്ടപ്പെട്ടാൽ അത് വീട്ടിലേക്കു വാങ്ങണം എന്ന് ശഠിക്കുന്നവരുണ്ട്. അകത്തളത്തിന്റെ സൗന്ദര്യം ഒരു ഘടകത്തിന്റെ മാത്രം സൗന്ദര്യമല്ല എന്നോർക്കണം. ചായയുണ്ടാക്കുമ്പോൾ ചായപ്പൊടിക്കു പകരം മുളകുപൊടിയിട്ടാൽ എങ്ങനെയിരിക്കും? ഇന്റീരിയറിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.

ഇഷ്ടമുള്ള നിറം ഭിത്തിയിൽ വേണമെന്ന് ശഠിക്കുന്നവരുണ്ട്. ഭിത്തിയിൽ ആ നിറം കൊടുക്കുന്നത് മുറിയുടെ മൊത്തത്തിലുള്ള കാഴ്ചയെ വിപരീതമായി ബാധിച്ചേക്കാം. ഭിത്തിയിൽ അടിക്കാതെത്തന്നെ മുറിക്കു നിറം നൽകാൻ കഴിയും.

അനുയോജ്യമായ പല ഘടകങ്ങളും ഒത്തുചേരുമ്പോഴാണ് ഇന്റീരിയർ ഭംഗിയുള്ളതാകുന്നത്. അതുകൊണ്ട് പണി മുഴുവൻ തീരുന്നതിനു മുൻപ് നിരാശപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യാതിരിക്കുക.

ദീർഘായുസ്സു വേണം

വെള്ള പോലുള്ള ഇളംനിറങ്ങൾ, ഗ്ലോസി ഫിനിഷ് ഇവയെല്ലാം സ്ഥിരം താമസിക്കുന്ന വീടുകളിൽ ഒഴിവാക്കുന്നതാണു നല്ലത്. ആദ്യത്തെ മൂന്ന് മാസം അഭിനന്ദനം നേടിത്തരുമെങ്കിലും ഇളംനിറങ്ങളിൽ പതുക്കെ പൊടിയും കറയും പുരളാനും ഗ്ലോസി ഫിനിഷിൽ പോറൽ വീഴാനും സാധ്യതയുണ്ട്. എന്നാൽ, വീക്കെൻഡ് ഹോമുകളിലും സ്ഥിരതാമസമില്ലാത്ത വീടുകളിലും ഇതു പരീക്ഷിക്കാം.

ഫോൾസ് സീലിങ് വേണോ?

ഇന്റീരിയർ ചെയ്യുമ്പോൾ ഹെവിയായി ഫോൾസ് സീലിങ് ചെയ്യണമെന്ന് പല വീട്ടുകാർക്കും നിർബന്ധമാണ്. എന്നാല്‍, ഫോൾസ് സീലിങ് അവസരത്തിനനുയോജ്യമായി മാത്രം ചെയ്യേണ്ടതാണ്. റസ്റ്ററന്റുകളിലും മറ്റും ചെയ്യുന്നതുപോലെ കനത്തിൽ ചെയ്യുന്ന ഫോൾസ് സീലിങ് വൃത്തിയാക്കാൻ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല, വിള്ളലുകൾ വീഴാനും സാധ്യതയുണ്ട്. കനത്തിൽ ചെയ്യുന്ന ഫോൾസ് സീലിങ് കുറച്ചുനാൾ സ്ഥിരമായി കണ്ടാൽ മടുക്കാനുള്ള സാധ്യതയും കൂടുതലാണ്. പല മടക്കുകളും വളവു തിരിവുകളുമൊക്കെയായി ഫോൾസ് സീലിങ് ചെയ്യുന്ന ട്രെൻഡ് ഇപ്പോൾ പതിയെ രംഗം വിടുന്നതും ശ്രദ്ധേയമായ കാര്യമാണ്. സീലിങ്ങില്‍ മിനിമലിസമാണ് ഇപ്പോള്‍ പലരും താൽപര്യപ്പെടുന്നത്. ലൈറ്റിങ് ചെയ്യാൻ അത്യാവശ്യമായി വരുന്ന ഫോൾസ് സീലിങ് മാത്രം ചെയ്യുക.

ചെലവു കുറയ്ക്കാം

ചെലവു കുറച്ചും ഭംഗിയായി ഇന്റീരിയർ ചെയ്യാം. വില കൂടിയ കുറേ സാധനങ്ങൾ അടുപ്പിച്ചു വയ്ക്കുന്നതല്ല ഇന്റീരിയർ ഡിസൈനിങ്ങിലെ മികവ്. എന്തെങ്കിലുമൊരു ‘യുണീക്ക്നെസ്’ ഉണ്ടെങ്കിൽ ആ ഇന്റീരിയർ ശ്രദ്ധിക്കപ്പെടും. മുറിയിലേക്ക് ആവശ്യമുള്ളതെല്ലാം നല്ല രീതിയിൽ ഡിസൈൻ ചെയ്യുക എന്നതുമാത്രമാണ് ശ്രദ്ധിക്കേണ്ടത്. മിനിമലിസത്തിന്റെ പ്രത്യേകതകൾ ഇവിടെയും പ്രയോജനപ്പെടുത്താം.

ഉറച്ചു നിൽക്കുക

പല വീടുകളുടെയും ഇന്റീരിയർ ചെയ്യുന്നതിന്റെ ബജറ്റ് നിയന്ത്രണരേഖയ്ക്ക് പുറത്തായിപ്പോകുന്നതിന്റെ ഒരു കാരണം വീട്ടുകാരുടെ താൽപര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതാണ്. ഇന്റീരിയറിലെ ഓരോ ഘടകവും എന്തായിരിക്കണം എന്ന ഉത്തമബോധ്യത്തിലായിരിക്കും ബജറ്റ് തീരുമാനിക്കപ്പെടുന്നത്. അതിൽനിന്നു വ്യതിചലിക്കുന്നതോടെ മുഴുവൻ കണക്കും തെറ്റും.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടപെടലുകളും ഇതിനു വഴിയൊരുക്കാറുണ്ട്. വീട്ടുകാർ എല്ലാവരും ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾ ആദ്യമേ ഡിസൈനറെ അറിയിക്കുന്നത് അകത്തളത്തിന്റെ പൂർണതയ്ക്കും ചെലവു നിയന്ത്രിക്കാനും സഹായിക്കും. പൊളിച്ചു പണിയുന്നത് തീർച്ചയായും വീടിന്റെ ഭംഗിയെ ബാധിക്കും.

വിദേശത്തുനിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് പുതിയ പ്രവണതയാണ്. ഈ അവസരത്തിലും ഡിസൈനറുടെ മേൽനോട്ടം വേണം. വാട്ട്സ്ആപ്പ് പോലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം.