മുറികളെ ചെറുപ്പമാക്കാൻ ചില പൊടിക്കൈകൾ

വീടിനെ സുന്ദരമാക്കാൻ കാലപ്പഴക്കം ഒരു പ്രശ്നമാക്കണ്ട. മുറികളെ ചെറുപ്പമാക്കാൻ ചില പൊടിക്കൈകൾ

നിങ്ങളൊരു പുതിയ വീട് പണിയാൻ പോകുന്നോ? അതോ പഴയ വീട് പുതുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതുമല്ലെങ്കിൽ, വർഷങ്ങളായി നിങ്ങളുടെ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണോ? 

ശരി. ഏതു സാഹചര്യവുമായിക്കോട്ടെ.

നിങ്ങളുടെ വീട്ടകങ്ങൾ പരിഷകരിക്കാനോ കൂട്ടിച്ചേർക്കലുകൾ നടത്താനോ എപ്പോഴും സാധിക്കും. വീടിനകത്തെ ഇടങ്ങൾ കൂടുതൽ സൗകര്യപ്രദവും മനോഹരവുമാക്കാൻ പുതിയ വീടോ പഴയ വീടോ എന്നൊന്നില്ല.

ഹോംസ്റ്റൈലിങ് എന്നത് തുടർച്ചയായതും ഒരിക്കലും അവസാനിക്കാത്തതുമായ പ്രക്രിയയാണ്. പുതിയ ആശയങ്ങള്‍ പരീക്ഷിച്ചുകൊണ്ട് വീടിനെ വീടാക്കി മാറ്റാം. മുറിയുടെ സ്വഭാവത്തെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. പിന്നീടതിനെ എടുത്തുകാണിക്കാനുളള കാര്യങ്ങളെപ്പറ്റി ചിന്തിക്കാം.

ചിലപ്പോൾ നിങ്ങൾ എത്ര പരിശ്രമിച്ചാലും ഒരു മുറി ശരിയാക്കിയെടുക്കാൻ പറ്റണമെന്നില്ല. അത് നിങ്ങളെ നിരാശപ്പെടുത്തിയെന്നിരിക്കും. വിഷമിക്കേണ്ട. നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രശ്നത്തിന്റെ മൂലകാരണം എന്താണെന്ന് കണ്ടെത്തുകയാണ് പ്രധാനം. അതൊരുപക്ഷേ, മോശമായ ഫർണിച്ചർ ലേക്ഒൗട്ട് ആകാം, സ്വാഭാവിക വെളിച്ചത്തിന്റെ കുറവാകാം, ഉയരക്കുറവാകാം.. കാരണം കണ്ടുപിടിച്ചാൽ, പരിഹാരത്തിന് വഴിയൊരുങ്ങും.

ഉദാഹരണത്തിന്, ചിത്രത്തിലുളള ഈ ഗസ്റ്റ് ബെഡ്റൂമിന്, കാഴ്ചയ്ക്കു കുഴപ്പമൊന്നുമില്ലെങ്കിലും എന്തോ കുറവുണ്ട്. അതിഥികൾക്ക് അത് വേണ്ടത്ര സ്വീകാര്യമാവാത്തതുപോലെ.. അതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ഞാൻ കണ്ടെത്തിയത്, അവിടെ ആവശ്യത്തിന് സൂര്യപ്രകാശമില്ല എന്നതാണ്. പിന്നെ, നിറത്തിലും വലുപ്പത്തിലുമെല്ലാം കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കുന്ന ഘടകങ്ങൾ അവിടെയുണ്ട്. ഇവയ്ക്കാണ് പ്രതിവിധി വേണ്ടത്.

1. കൂടുതൽ സൂര്യപ്രകാശം ലഭിക്കണം

അങ്ങനെ ചെയ്യുമ്പോൾ മുറി കൂടുതൽ പ്രകാശമാനവും പ്രസന്നവും ആവും. അവിടെയുണ്ടായിരുന്ന ഇരുണ്ട കർട്ടനുകൾ മാറ്റി കൂടുതൽ സുതാര്യമായ കർട്ടനുകൾ കൊടുത്തു. രാത്രിയില്‍ ഇരുണ്ട കർട്ടനുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ പകൽ സമയത്തെ ഉപയോഗത്തിന് സുതാര്യമായ ഒരു കർട്ടൻ കൂടി വേണമെന്ന് ഒാർക്കണം.

2. മുറിക്കകത്ത് തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഘടകങ്ങളെ ഒഴിവാക്കുക. അവ പൂർണമായി മാറ്റുകയോ കൂടുതൽ രസകരമായ രീതിയിൽ ക്രമീകരിക്കുകയോ ചെയ്യാം. ചിത്രത്തിൽ കാണുന്നതുപോലെ, ഇവിടത്തെ വലിയ ടിവി യൂണിറ്റ് ആയിരുന്നു കാഴ്ചയ്ക്ക് അലോസരം സൃഷ്ടിച്ചുകൊണ്ടിരുന്നത്. അതിന്, ഭിത്തിക്ക് ചേരുന്ന തരത്തിൽ ഇളംനിറങ്ങൾ കൊടുത്തു. താഴെയുളള യൂണിറ്റിനും തടിയുടെ ഇളം ഷേഡുകള്‍ ആക്കി മാറ്റി.

3. കോൺട്രാസ്റ്റ് ആയ നിറങ്ങൾ ഉപയോഗിക്കുന്നത് ഒരു വെല്ലുവിളിയാണ്. എങ്കിലും രസകരമായ ഇന്റീരിയർ സൃഷ്ടിക്കാൻ അതിനു കഴിയും.

4. നിങ്ങൾ ഉപയോഗിക്കുന്ന നിറങ്ങൾ ഫ്ലോറിങ്ങുമായി ചേരുന്നില്ലെങ്കിൽ തല പുകയ്ക്കേണ്ട. മുറിയോടു ചേരുന്ന തരത്തിലുളള റഗ്ഗുകൾ ഉപയോഗിച്ച് ആ പ്രശ്നം പരിഹരിക്കാം. മുറിയിലെ ഫർണിച്ചർ ഒരു ഗ്രൂപ്പ് ആക്കി വെയ്ക്കാനും കൗതുകമുളള ടെക്സചറുകൾ വഴി മുറിയുടെ വിരസത മാറ്റാനും നല്ലൊരു ഉപാധിയാണ് റഗ്ഗുകൾ.

5.ജീവനുളള ചെടിയുടെ സാന്നിധ്യം മുറിക്ക് പ്രസരിപ്പ് പകരും. അധികം പൈസ ചെലവാക്കാതെ മുറിയുടെ ഭാവം മാറ്റിയെടുക്കാൻ ചെടികള്‍ക്കു കഴിയും. ലഭ്യമായ വെളിച്ചത്തിൽ വളരാൻ കഴിയുന്ന ചെടികൾ വേണം തിരഞ്ഞെടുക്കാൻ, വീട്ടകങ്ങൾ ജീവസ്സുറ്റതാക്കാനും പ്രകൃതിയോട് ബന്ധപ്പെട്ടിരിക്കുന്നതുമാക്കാൻ ചെടികൾ വേണം തിരഞ്ഞെടുക്കാൻ. വീട്ടകങ്ങൾ ജീവസ്സുറ്റതാക്കാനും പ്രകൃതിയോട് ബന്ധപ്പെട്ടിരിക്കുന്നതുമാക്കാൻ ചെടികൾക്കു കഴിയും.

6. പ്രായോഗികത പരിഗണിച്ച് ഫർണിച്ചർ ക്രമീകരിക്കണം. ചിത്രത്തിലെപ്പോലെ ബെഞ്ചിനെ ഒരു മൂലയിലേക്കു മാറ്റി അവിടെ വായനയ്ക്കുളള ഇടമായി മാറ്റിയെടുത്തു. പഴയ ഫർണിച്ചർ അപ്ഹോൾസ്റ്ററി മാറ്റി പരിഷ്കരിച്ചെടുത്തു.

7. കൃത്യമായ ആർട്‍വർക്കുകൾ ഇടങ്ങളെ കൂടുതൽ മനോഹരമാക്കും.

വർഷ രാകേഷ് 

ഹോം സ്റ്റൈല്സ്റ്റ്, ചെസ്റ്റ്നട്ട് ഹോംസ്റ്റെ ലിസ്റ്റ്സ്, കൊച്ചി