കുട്ടിപ്പട്ടാളത്തിന്റെ മുറി ഒരുക്കുമ്പോൾ...

വീട് പണിയുമ്പോൾ പലരും മറന്നു പോകുന്ന ഒരു കാര്യമാണ് കുട്ടികളുടെ മുറി എങ്ങനെ ഒരുക്കും എന്നത്. സാധാരണ മുതിർന്ന ആളുകൾക്കായി പണിയുന്ന മുറി പോലെ തന്നെ ആയിരിക്കും പലപ്പോഴും കുട്ടികളുടെ മുറിയും പണിയുക. വലുപ്പം അൽപം കുറയ്ക്കും എന്നതൊഴിച്ചാൽ മറ്റു മാറ്റങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. എന്നാൽ ഇങ്ങനെയല്ല ചെയ്യേണ്ടത്, കുട്ടികളുടെ മുറി അവരുടെ അഭിരുചിക്ക് ഇണങ്ങുന്ന രീതിയിലാണ് നിർമിക്കേണ്ടത്. 

ഇളം നിറങ്ങളാണ് കുട്ടികളുടെ മുറികൾക്ക് അനുയോജ്യം. ഭാവനാത്മകമായിരിക്കണം ഇന്റീരിയർ. കാർട്ടൂണുകൾ, കുട്ടികൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രരൂപങ്ങൾ എന്നിവ മുറിയിൽ വയ്ക്കാവുന്നതാണ്. ബെഡ്ഷീറ്റ്, കർട്ടനുകൾ എന്നിവയും കുട്ടികളുടെ അഭിരുചിക്ക് ചേർന്ന രീതിയിൽ കൊണ്ട് വരാൻ ശ്രമിക്കണം. കണ്ണ് തുറന്നാൽ ഉടനെ കാണുന്ന രീതിയിൽ ഒരു ക്ളോക്ക് മുറിയിൽ വയ്ക്കേണ്ടത് ആവശ്യമാണ്. 

അടുക്കും ചിട്ടയും ഏറ്റവും കൂടുതലായി വേണ്ടത് കുട്ടികളുടെ മുറിയിലാണ്. കാരണം അത് അവരുടെ സ്വഭാവരൂപീകരണത്തിൽ സഹായിക്കും. പഠനമുറി പ്രത്യേകം പണികഴിപ്പിക്കണം എന്നില്ല. പകരം, കുട്ടികളുടെ മുറിയുടെ ഒരു ഭാഗം പഠനമുറിയായി തിരിച്ചാലും മതി. എന്നാൽ ഈ അവസരത്തിൽ പുസ്തകങ്ങൾ അവിടെയും ഇവിടെയും ആയി ചിതറിക്കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. 

നിർബന്ധമായും പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി ഒരു കബോർഡ് ആവശ്യമാണ്. അതോടൊപ്പം ഉയരം ക്രമീകരിക്കാൻ കഴിയുന്ന മേശയും കസേരയും ഉണ്ടെങ്കിൽ നല്ലതാണ്. കുട്ടികൾക്ക് ഒരു ഹോംവർക്ക് സ്‌പേസ് ഉണ്ടാക്കി നൽകുന്നത് അവരുടെ പഠനം ആസ്വാദ്യകരമാക്കും. പ്രത്യേക പഠനമുറി സജ്ജീകരിച്ചിട്ടുള്ള വീടുകളിലും ഇത് നല്ലതാണ്.

ടൈം ടേബിൾ കാണാൻ കഴിയുന്ന സ്ഥലത്ത് വയ്ക്കണം. പഠിക്കാനുള്ള സമയത്തിനൊപ്പം കളിക്കാനുള്ള സമയത്തെ പറ്റിയും കുറിച്ചിടുന്നത് കുട്ടികൾക്ക് പ്രോത്സാഹനമാകും. കുട്ടികളുടെ ഭാവന വിടരുന്ന സ്ഥലങ്ങളാണ് അവരുടെ മുറികൾ എന്ന ചിന്തയിൽ വീടുകൾ ഒരുക്കുവാൻ ശ്രമിക്കുക. ഒപ്പം അവരവരുടെ മുറികൾ അവർ സ്വയം വൃത്തിയാക്കുക എന്ന രീതി കൂടി പരീക്ഷിക്കാം. അത് അവരുടെ സ്വഭാവ രൂപീകരണത്തിൽ സഹായിക്കും.