വീട്ടിൽ മരുന്ന് സൂക്ഷിക്കേണ്ടത് എവിടെ?

∙ ഡൈനിങ് റൂമിലെയോ ബെഡ്റൂമിലെയോ കബോർഡുകളിലെ ഒരു റാക്ക് മരുന്നുകൾ സൂക്ഷിക്കാൻ നീക്കി വയ്ക്കാം. വീട്ടിലെ ഓരോരുത്തരുടേയും മരുന്നുകൾ ഓരോ പ്ലാസ്റ്റിക് ഡബ്ബയിലാക്കി പുറത്ത് പേരെഴുതി സൂക്ഷിക്കണം. ഓരോരുത്തരുടേയും മെഡിക്കൽ റിപ്പോർട്ടുകളും പ്രിസ്ക്രിപ്ഷനുകളും ഓരോ ഫയലിലായി ഇതിനൊപ്പം വയ്ക്കാം.

∙ ഡ്രസ്സുകൾ സൂക്ഷിക്കുന്ന കബോർഡുകള്‍ ഇതിനായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികൾക്ക് എത്താത്ത ഉയരത്തിൽ വേണം മരുന്നുകൾ സൂക്ഷിക്കാനെന്നും ഓർക്കുക. സ്റ്റെയർകെയ്സിന്റെ അടിയിലുള്ള കബോർഡിലെ ഒരു ഭാഗം മരുന്നുകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കാം.

∙ വീടു പണിയുമ്പോൾത്തന്നെ മെഡിസിൻ സ്റ്റോറേജിനുള്ള സ്ഥലം കണ്ടെത്തണം. എല്ലാവർക്കും സൗകര്യപ്രദമായ പൊതുസ്ഥലത്ത് കബോർഡ് പണിയുകയാണെങ്കിൽ മരുന്നുകള്‍ മാത്രമല്ല, ഇയർബഡ്സ്, പെയിൻ റിലീഫ് ബാം പോലുള്ളവയും സൂക്ഷിക്കാം.

∙ ചുവരിൽ രണ്ടു തട്ടുകൾ നൽകുക. ഇതിനിടയിൽ ചൂരൽ ബാസ്ക്കറ്റോ പ്ലാസ്റ്റിക് ട്രേകളോ വച്ച് മരുന്നുകൾ വയ്ക്കാം. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടി മരുന്നുകൾക്കൊപ്പം കരുതണം. ഇവയ്ക്കു താഴെ കൊളുത്തുകൾ നൽകിയാൽ ബാഗ്, കുട, താക്കോൽ തുടങ്ങിയവ തൂക്കിയിടാം. മുകളിലെ തട്ടിൽ അലങ്കാരവസ്തുക്കൾ വച്ച് ഭംഗിയാക്കുകയും ചെയ്യാം. അതല്ലെങ്കില്‍ ഇഷ്ടപുസ്തകങ്ങൾ വയ്ക്കാം.