ഒരു ബ്ലാക്ക് & വൈറ്റ് അപാരത

കറുപ്പും വെളുപ്പും നിറങ്ങളുടെ സങ്കലനത്തിലൂടെ അഴക് പകരുന്ന ഫ്ലാറ്റ് ഇന്റീരിയർ.

പല കാര്യങ്ങളിലേക്ക് ശ്രദ്ധ ചിതറിപ്പോകാതെ 'ഫോക്കസ്ഡ്' ആയിരിക്കുക. അതാണ് ചെറിയ സ്ഥലത്തെ ഇന്റീരിയറിന്റെ സുവർണനിയമം. രണ്ടോ മൂന്നോ നിറങ്ങളും പൊതുവായ ഒരു ഡിസൈൻ പാറ്റേണും പിന്തുടർന്നാൽ ഇത് എളുപ്പം സാധ്യമാക്കാം. ശ്രദ്ധ പതിയേണ്ടിടത്തെല്ലാം കൃത്യമായി കണ്ണെത്തുമെന്നതാണ് മെച്ചം. ഒത്തിരിക്കാര്യങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നതുപോലെ തോന്നാത്തതിനാൽ നല്ല അടുക്കും ചിട്ടയും ഒപ്പം വിശാലതയും അനുഭവപ്പെടുകയും ചെയ്യും.

വെള്ള, കറുപ്പ് എന്നീ രണ്ട് നിറങ്ങളും ഡമസ്‌ക് ഡിസൈനും ചേരുന്നതാണ് കൊച്ചിയിലെ ഈ ഫ്ലാറ്റിന്റെ ഇന്റീരിയർ തീം. ലിവിങ് റൂമിൽ ഇത് അക്ഷരംപ്രതി പാലിച്ചിരിക്കുന്നു. വെള്ള, കറുപ്പ് നിറങ്ങളിലുള്ള ഡമസ്‌ക് ഡിസൈൻ മാത്രമാണ് ഫോയറിനും ലിവിങ്ങിനും ഇടയിലുള്ള ഭിത്തിയിലെ അലങ്കാരം.

ടിവി യൂണിറ്റിന് ചുറ്റിലും ഇതേ ഡിസൈൻ തന്നെയാണ് നൽകിയിരിക്കുന്നത്. ഇതല്ലാതെ ലിവിങ്ങിലെ ഫർണിച്ചർ സെറ്റിന് നടുവിലുള്ള റഗ്ഗിൽ മാത്രമേ കറുപ്പ് നിറമുള്ളൂ. വെള്ളനിറത്തിൽ തന്നെയാണ് സോഫ, ടീപോയ്, തറ, ചുവര് എന്നിവയെല്ലാം.

ഊണുമേശ, കസേര, സീലിങ്...ഓരോന്നിന്റെയും ആകൃതിയും പാറ്റേണുമെല്ലാം അടുത്തറിയാൻ സാധിക്കുംവിധമാണ് ഡൈനിങ് ഏരിയയുടെ ഇന്റീരിയർ ക്രമീകരണം. വെള്ളനിറത്തിന്റെ വിവിധ ഷേഡുകളുടെ മാന്ത്രികതയാണ് ഇതിനു പിന്നിൽ. ഡൈനിങ്ങിനോട് ചേർന്നുള്ള ലിവിങ് സ്‌പേസിലെ ടിവി ഏരിയയിലുള്ള ബ്ലാക് ആൻഡ് വൈറ്റ് ഡമസ്‌ക് ഡിസൈൻ കൂടിയാകുമ്പോഴാണ് കളർ ബാലൻസിങ് പൂർണമാകുക.

ലിവിങ്ങും ഡൈനിങ്ങും ഒരുമിച്ചാണ് നൽകിയിരിക്കുന്നതെങ്കിലും ഫ്ലോർ ലെവലിന്റെ വ്യത്യാസത്തിലൂടെ ഇവ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ലിവിങ്ങിനെക്കാൾ മൂന്നുപടി പൊക്കത്തിലാണ് ഡൈനിങ് ഒരുക്കിയിരിക്കുന്നത്. അതിനാൽ കാഴ്ചയിൽ കൂടുതൽ സ്ഥലമുള്ളതായി തോന്നുകയും ചെയ്യും.

ഉള്ളതിലുമേറെ സ്ഥലം തോന്നിക്കുമെന്നതാണ് രണ്ടോ മൂന്നോ നിറങ്ങൾ മാത്രം ഉപയോഗിക്കുന്നത് കൊണ്ടുള്ള ഒരു ഗുണം.

ലിവിങ്ങിലേതുപോലെയുള്ള ബ്ലാക് ആൻഡ് വൈറ്റ് ഡമസ്‌ക് പാറ്റേൺ തന്നെയാണ് കിടപ്പുമുറിയിലെയും ഹൈലൈറ്റ്. ഇവിടെ കട്ടിലിനു മുകളിലായി ചുവരിലാണ് ഡമസ്‌ക് ഡിസൈൻ നൽകിയിരിക്കുന്നത്. കിടക്കവിരിയുടെ നിറവും ഡിസൈനും ഇതിനുചേരുന്നത് തന്നെ. കിടപ്പുമുറിയോട് ചേർന്നുള്ള ബാൽക്കണിയുടെ തറയിലാണ് ബ്ലാക് ആൻഡ് വൈറ്റ് കോംബിനേഷൻ ദൃശ്യമാകുക.

ഡബ്ള്യൂപിസി എന്നറിയപ്പെടുന്ന 'വുഡ് പ്ലാസ്റ്റിക് കോംപസിറ്റ്' ഉപയോഗിച്ചാണ് ഇവിടെ കറുപ്പ് നിറത്തിൽ തറയൊരുക്കിയിരിക്കുന്നത്. ബാൽക്കണിയുടെ കൈവരിയോട് ചേർന്ന് വെള്ളനിറത്തിലുള്ള പെബിൾസ് (വെള്ളാരങ്കല്ല്) വിരിച്ച് മോടികൂട്ടുകയും ചെയ്തിട്ടുണ്ട്. ബാൽക്കണിയിലേക്കുള്ള സ്ലൈഡിങ് വാതിലിനു നൽകിയിരിക്കുന്ന ബ്ലൈൻഡും തൂവെള്ള നിറത്തിലുള്ളതാണ്.

കറുപ്പും വെളുപ്പും പകരുന്ന 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' ഇമേജ് തന്നെയാണ് ഈ ന്യൂജനറേഷൻ അടുക്കളയ്ക്കും. എംഡിഎഫിൽ ഡ്യൂക്കോ പെയിന്റ് ഫിനിഷ് നൽകി തൂവെള്ള നിറത്തിലുള്ളതാണ് കാബിനറ്റുകളെല്ലാം. ഇൻബിൽറ്റ് രീതിയിൽ പിടിപ്പിച്ചിട്ടുള്ള റഫ്രിജറേറ്റർ, അവ്ൻ എന്നിവയ്ക്കും മൊത്തത്തിലുള്ള കളർ തീമിന് ചേരുന്ന ബ്ലാക് നിറം തന്നെ തിരഞ്ഞെടുത്തു.

Design

കൊച്ചുതൊമ്മൻ മാത്യു, സാറ
കൊച്ചുതൊമ്മൻ ആൻഡ് അസോഷ്യേറ്റ്‌സ്, ബെംഗളൂരു