കാച്ചിക്കുറുക്കിയ കവിത പോലെ ഒരു വീട്

എല്ലാം ആവശ്യത്തിനു മാത്രം. അനാവശ്യമായി ഒന്നുമില്ല. അതാണ് മിനിമലിസ്റ്റിക് ഇന്റീരിയറിന്റെ പ്രത്യേകത.

ലെസ് ഈസ് മോർ. അഥവാ അൽപം തന്നെ ധാരാളം! ഇതാണ് മിനിമലിസ്റ്റിക് ശൈലിയുടെ ആപ്തവാക്യം. ഇവിടെ അനാവശ്യമായതൊന്നും ഉണ്ടാകില്ല. സ്‌പേസ്, മെറ്റീരിയൽ, നിറം എല്ലാം ആവശ്യത്തിനുമാത്രം. ഈ മിതത്വം തന്നെയാണ് മിനിമലിസ്റ്റിക് ഇന്റീരിയറിന്റെ സൗന്ദര്യവും.

ബെംഗളൂരു നഗരഹൃദയത്തിലെ വീടിന്റെ ഇന്റീരിയറിൽ മിനിമലിസം പിന്തുടരാൻ തീരുമാനിച്ചതിന്റെ കാരണവും ഇതുതന്നെയാണ്. അഞ്ച് സെന്റിലാണ് വീടെങ്കിലും ഒരിടത്തുപോലും സ്ഥലപരിമിതി തോന്നില്ല. കാരണം കാച്ചിക്കുറുക്കിയ കവിതയാണ് ഇവിടെ ഇന്റീരിയർ.

സ്ഥലം കുറവാണെങ്കിലും വിശാലത തോന്നിപ്പിക്കുമെന്നതാണ് മിനിമലിസ്റ്റിക് ശൈലിയുടെ പ്രത്യേകത. അതിനു തെളിവാണ് ഊണുമുറിയും അടുക്കളയും ചേരുന്ന ഭാഗം. തൂവെള്ള നിറത്തിൽ ചുവരുകൾ. ബുദ്ധപ്രതിമയ്ക്ക് പിന്നിൽ മാത്രം ഇളം ഓറഞ്ച് നിറം നൽകി. ഊണുമേശയുടെ കസേരകൾ, അതിനു മുകളിലെ തൂക്കുവിളക്ക്, ജനാലയുടെ ഫ്രെയിം എന്നിവിടങ്ങളിലും ഓറഞ്ച് നിറം കാണാം.

സ്വീകരണമുറി

അച്ചടക്കമാണ് അഴകിലേക്കുള്ള വഴി. നിറം, മെറ്റീരിയൽ എന്നിവയിലെല്ലാം കൃത്യമായ നിയമങ്ങൾ പിന്തുടർന്നിരിക്കുന്നു.

ലളിതമായ ജ്യാമിതീയ രൂപങ്ങളുടെ ആവർത്തനമാണ് മിനിമലിസ്റ്റിക് ശൈലിയുടെ മറ്റൊരു പ്രത്യേകത. ചെറുതും വലുതുമായ ചതുരങ്ങളാണ് ഇവിടെ ഇന്റീരിയറിന്റെ ഹൈലൈറ്റ്. അമിതവലുപ്പമില്ലാത്ത, ഒതുങ്ങിയ ഡിസൈനിലുള്ളതാണ് ഫർണിച്ചർ എല്ലാം. തടി ഒഴിവാക്കി സ്റ്റീലും ലെതറും കൊണ്ട് നിർമിച്ചവയാണെല്ലാം. സോഫയിലും മുകളിലെ തൂക്കുവിളക്കിലും മാത്രം ഓറഞ്ച് നിറത്തിന്റെ ഷേഡ് കലരുന്നു.

മിനിമലിസ്റ്റിക് ശൈലിയിൽ നിറങ്ങൾക്ക് സ്ഥാനമില്ലെന്ന് പറഞ്ഞതാരാണ്. മിതമാകുമ്പോൾ നിറക്കൂട്ടിന്റെ ഭംഗി ഇരട്ടിക്കുമെന്നതിനു തെളിവാണ് ഫാമിലി ലിവിങ്ങിലെ ചുവപ്പുസോഫ. ഗ്രേ, ബ്രൗൺ നിറങ്ങളിൽ മുറിയുടെ വലുപ്പത്തിനിണങ്ങുന്ന ഡിസൈനിലാണ് ബാക്കി ഫർണിച്ചറെല്ലാം. അതിനാൽ സ്ഥലം ഇഷ്ടംപോലെ.



പച്ചപ്പുല്ലു നിറഞ്ഞ ടെറസും ഇന്റീരിയറിന്റെ ഭാഗംതന്നെ. വെറുതെ വർത്തമാനം പറഞ്ഞിരിക്കാനും വ്യായാമം ചെയ്യാനും പാർട്ടി നടത്താനുമൊക്കെ ഇവിടമുപയോഗിക്കാം. നീളത്തിലുള്ള സ്‌പേസ് തന്നെയാണ് ഇവിടത്തെ അലങ്കാരം. കൂടെ ചുവരിൽ പല നിറത്തിലുള്ള കുറെ കളിമൺ മുഖംമൂടികളും. അത്രമാത്രം.

വീടിനു കടപ്പാട്: ഡോ. പവൻ രംഗരാജ്, ഇന്ദിര നഗർ, ബെംഗളൂരു

ഡിസൈൻ
 ഷോൺ സജു വർഗീസ്, എസ് ദിനേശ്
 ആർക്കിടെക്ട് ടീം, ലിവിങ് എഡ്ജ് ആർക്കിടെക്ട്സ് & ഡിസൈനേഴ്സ്, ബെംഗളൂരു

shone@lead.co.in