ഇത് സമാനതകൾ ഇല്ലാത്ത കാരുണ്യത്തിന്റെ കഥ

കേരളത്തിൽ വിവിധ അപകടങ്ങളിലായി നട്ടെല്ലു തകർന്നു ചലനശേഷി നഷ്ടപ്പെട്ടവർ നാല്പതിനായിരത്തോളമുണ്ട് എന്നാണ് കണക്ക്. കോഴിക്കോട് കുട്ടിക്കാട്ടൂരാണ് നട്ടെല്ല് തകർന്നവർക്ക് ചികിത്സയും പുനരധിവാസവും നൽകുന്ന സെന്റർ ഫോർ റീഹാബിലേഷൻ. ഒരു മാസമേ ആയിട്ടുള്ളൂ ഈ സ്ഥാപനം ഇവിടെ ആരംഭിച്ചിട്ട്.

നേരത്തെ തണൽ എന്ന പാലിയേറ്റീവ് കെയർ ഉദ്യമത്തിന്റെ കഥ ഹോംസ്‌റ്റൈൽ ചാനൽ പങ്കുവച്ചിരുന്നു. അതിന്റെ അമരക്കാരിൽ ഒരാളായ ഡോക്ടർ ഇദ്രിസ് തന്നെയാണ് തണൽവീടിന്റെ തുടർച്ചയെന്നോണം കേരളത്തിൽ സമാനതകൾ ഇല്ലാത്ത ഈ ഉദ്യമം തുടങ്ങിയിരിക്കുന്നത്.

കണ്ണൂരാണ് ആദ്യ യൂണിറ്റ് തുടങ്ങിയത്. പിന്നീട് പ്രവർത്തനം കോഴിക്കോടേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഫിസിയോതെറാപ്പി, വൊക്കേഷണൽ ട്രെയിനിങ് തുടങ്ങിയവയ്ക്കുള്ള  സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു. കോഴിക്കോട് IQRA ആശുപത്രിയുടെ സഹകരണവും ഇവർക്ക് ലഭിക്കുന്നു.

16 മുറികളാണ് രോഗികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. നിർധനരായ രോഗികൾക്ക് സൗജന്യമായാണ് ചികിത്സ നൽകുന്നത്. നട്ടെല്ല് തകർന്നു ചലനശേഷി നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം ചികിത്സ ആരംഭിക്കേണ്ടത് രോഗവിമുക്തിക്ക് അത്യാവശ്യമാണെന്ന് ഡോക്ടർ പറയുന്നു. 

സ്‌ട്രോക് ബാധിച്ചു ശരീരം തളർന്നവരെ ചികിൽസിക്കാനായി മറ്റൊരു ബ്ളോക് സജ്ജീകരിക്കുന്നതിന്റെ തിരക്കിലാണ് ഡോക്ർ ഇദ്രിസും സംഘവും.