ഭിത്തിക്കപ്പുറം വരെ കടൽ; ഭീതി മാറാതെ ഈ കുടുംബം

ഒറ്റമുറിയിൽ കഴിയുന്ന ലിസി, അമ്മ മഗ്ദലന, മക്കളായ ടീന, ഷീബ എന്നിവർ.

പ്രായമായ അമ്മ മഗ്ദലനയ്ക്കും രണ്ട് പെൺമക്കളോടുമൊപ്പം ലിസി കഴിഞ്ഞ രണ്ടു ദിവസമായി കിടന്നുറങ്ങുന്നതും പാചകം ചെയ്യുന്നതുമെല്ലാം വീട്ടിലെ ചെറിയ സ്വീകരണമുറിയിലാണ്. ഉറങ്ങിക്കിടക്കുമ്പോൾ ഒരു ചെറിയ അനക്കം കേട്ടാൽ പോലും ഇവർ ഞെട്ടിയുണരും, കാരണം ഭിത്തിക്കപ്പുറം വരെ കടലെത്തിയിട്ടുണ്ടാകാം ! 

  വേളാങ്കണ്ണി ജംക്‌ഷനു സമീപമുള്ള ലിസിയുടെ വീടിന്റെ ഒരു ഭാഗം കടലെടുത്തുകഴിഞ്ഞു. ആർത്തലച്ചെത്തുന്ന തിര അടിത്തറ മാന്തിക്കഴിഞ്ഞു. ഓരോ തിരയും ആഞ്ഞടിക്കുമ്പോൾ വീടിന്റെ ചില ഭാഗങ്ങൾ ചെറുതായി കുലുങ്ങുന്നതോടെ പേടി ഇരട്ടിയാകും. കഴിഞ്ഞ ദിവസമാണ് മറ്റു മുറികളെ സാധനങ്ങളെല്ലാം ഒറ്റ മുറിയിലേക്കു മാറ്റിയത്. അമ്മ മഗ്ദലനയ്ക്കു കിടക്കാനായി ചെറിയൊരു കട്ടിലുണ്ട്, ലിസിയും മക്കളും നിലത്താണ് കിടക്കുന്നത്. കടലിലെ ഓരോ തിരയുടെയും പ്രകമ്പനം ചെവിയിൽ മുഴങ്ങാറുണ്ടെന്നു ലിസി. കടം വാങ്ങി നിർമിച്ച വീടാണ് ഏതുസമയവും കടലിൽ പതിക്കാവുന്ന അവസ്ഥയിൽ നിൽക്കുന്നത്. വിറകടുപ്പ് ഉപയോഗിക്കാൻ കഴിയാത്തതിനാൽ സ്റ്റൗവിൽ മരച്ചീനി പുഴുങ്ങി വയ്ക്കും. സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം. സ്കൂളിൽ പോയി വൈകിട്ടു വരുമ്പോൾ വീടു തന്നെ കാണുമോ എന്ന ആശങ്കയിലാണു കുട്ടികളായ ടീനയും ഷീബയും.