പുതിയ വീട്ടിൽ ഉറങ്ങാൻ ജോസ് വരില്ല

ജോസിന്റെ കുടുംബത്തിനു നൽകുന്ന വീട്.

സ്വന്തം വീട്ടിൽ താമസിക്കാമെന്ന മോഹം ബാക്കിവച്ച് തുറവൂർ കല്ലൂക്കാരൻ ജോസ് മരണത്തിനു കീഴടങ്ങി. വാതക്കാട് സ്വന്തമായി ലഭിച്ച വീട്ടിൽ താമസിക്കാനായി കാത്തിരിക്കുമ്പോഴാണ് ആ വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങാനാകാതെ രോഗം മൂർഛിച്ച് ജോസ് മരണമടഞ്ഞത്. ജോസും കുടുംബവും വർഷങ്ങളായി തുറവൂർ വാട്ടർ ടാങ്കിനു സമീപത്തെ വാടക വീട്ടിലാണു താമസിക്കുന്നത്. 

ജോസിന്റെ ഭാര്യ മേരിക്കു വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയായിരുന്നു ഏക വരുമാനം. വൃക്ക, കരൾ രോഗബാധിതനായിരുന്നു ജോസ്. ജോസിന്റെ ചികിൽസയ്ക്കായി ഒട്ടേറെ ആശുപത്രികളിൽ കയറിയിറങ്ങി. ഈ കുടുംബത്തിന്റെ ദുരിതം അറിഞ്ഞ് ബഹ്റൈൻ കേരളീയ സമാജവും നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റുമാണു വീടു നിർമിച്ചു നൽകിയത്.  അടുത്ത ശനിയാഴ്ച വീടീന്റെ താക്കോൽദാനച്ചടങ്ങ് നടക്കാനിരിക്കെയാണു മരണം. 

ചികിൽസാ സഹായം തേടി റോജി എം. ജോൺ എംഎൽഎയെ സമീപിച്ചതിനെ തുടർന്നാണ്  സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നത്. ആശുപത്രികളിൽ പോകുന്നതിനും മറ്റും ഒട്ടേറെ സഹായം ചെയ്ത എംഎൽഎ സ്വന്തമായി വീടില്ലാത്തത് ഇവരുടെ വലിയ പ്രശ്നമെന്നു മനസ്സിലാക്കി ബഹ്റൈൻ കേരള സമാജവും നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെടുകയായിരുന്നു. ശനിയാഴ്ച തന്നെ ഈ കുടുംബത്തിനു വീടു കൈമാറുമെന്നു റോജി എം. ജോൺ എംഎൽഎ പറഞ്ഞു.