വീട് തകർന്നു വീണു; ഉടമസ്ഥൻ എവിടെ? ഒടുവിൽ....

തകർന്ന വീടിന് മുന്നിൽ ശ്രീനിവാസൻ.

വീടിനുള്ളിൽ കുടുങ്ങിയ യുവാവിനെ കണ്ടെത്താൻ ‘രക്ഷാപ്രവർത്തനം’ നടത്തുന്നതിനിടെ, ബന്ധുവീട്ടിലായിരുന്ന യുവാവ‌് അപകട സ്ഥലത്തെത്തി

പാറക്കടവ് പഞ്ചായത്തിലെ പത്താം വാർഡിൽ വട്ടപ്പറമ്പ് ചെട്ടിക്കുളം കോളനിക്കു സമീപം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചെട്ടിക്കുളം ചൂരക്കാട്ടിൽ വിജയൻ-തങ്കമ്മ ദമ്പതികളുടെ മകൻ ശ്രീനിവാസൻ (31) ഒറ്റയ്ക്കു താമസിക്കുന്ന കാലപ്പഴക്കം ചെന്ന വീടാണു കനത്ത മഴയെ‌ത്തുടർന്നു ഭാഗികമായി നിലംപൊത്തിയത്.

    വർഷങ്ങൾക്ക് മുൻപു നിർമിച്ച സിമന്റ് തേക്കാത്ത ചോർച്ചയുള്ള വീട്ടിൽ കൂലിപ്പണിക്കാരനായ ശ്രീനി താമസിച്ചിരുന്ന വീടാണിത്. ശക്തമായ മഴയിൽ വീടിന് മുകളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ വീടിന്റെ ചില ഭാഗങ്ങൾ അടർന്നു വീണു. ഞായറാഴ്ച രാത്രിയുണ്ടായ മഴയിൽ കിടപ്പ‌ുമുറിയുടെ കുറച്ച‌ുഭാഗ‌ം തകർന്നതോടെ പന്തികേട് തോന്നിയ ശ്രീനി രാത്രിയായതിനാൽ ആരോടും പറയാതെ കറുകുറ്റിയിലെ ബന്ധുക്കളുടെ വീട്ടിലേക്ക‌ു പോയി.

ശ്രീനി പോയിക്കഴിഞ്ഞതോടെ വീടിന്റെ ഒരു ഭാഗം ഉഗ്രശബ്ദത്തോടെ നിലം പൊത്തുകയായിരുന്നു. അതോടെ നാട്ടുകാർ ഉണർന്നു ശ്രീനിയുടെ വീടിന‌ു സമീപം തടിച്ച‌ുകൂടിയെങ്കിലും തിരച്ചിൽ നടത്താനാകാത്ത വിധം അപകടാവസ്ഥയിലായിരുന്നു. നാട്ടുകാർ വിളിച്ചിട്ടും ശ്രീനി വിളികേട്ടില്ല. ധരിച്ചിരുന്ന മുണ്ട് കട്ടിലിൽ കണ്ടെത്തിയതോടെ ശ്രീനി അപകടത്തിൽപ്പെട്ടുവെന്ന‌ു നാട്ടുകാർ ഉറപ്പിച്ചു. 

സംഭവമറിഞ്ഞ് അങ്കമാലി അഗ്നിരക്ഷാ സേനയും ചെങ്ങമനാട് പൊലീസും സ്ഥലത്തെത്തി. എന്നാൽ കിടപ്പുമുറിയിലേക്കു കടക്കാനാകാതെ ഉദ്യോഗസ്ഥരും ക്ലേശിച്ചു. അതോടെയാണ്  മുൻഭാഗം പൊളിച്ച‌ു മാറ്റാൻ മണ്ണുമാന്ത‌ി എത്തിച്ചത്. 

ഓരോ ഭാഗവും പൊളിക്കുമ്പോഴും ശ്രീനിയുടെ അവസ്ഥ അറിയാനുള്ള ഉത്കണ്ഠയിലായിരുന്നു നാട്ടുകാർ. എന്നാൽ മൂന്ന് മണിക്കൂറുകൊണ്ടു കെട്ടിടം പൂർണമായി പൊളിച്ച‌ിട്ടും ശ്രീനിയെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സൈബർ സെൽ, മൊബൈൽ ലൊക്കേഷൻ കണ്ടെത്തി ശ്രീനിയെ സംഭവ സ്ഥലത്തേക്ക‌ു വിളിച്ച‌ുവരുത്തി. അതോടെ, നാട്ടുകാരുടെ ആശങ്കയ്ക്ക് അറുതിയായി.