ഇരുപതടി ഉയരത്തിൽ നിലം പൊത്താറായി ഒരു വീട്, ഉറക്കമില്ലാതെ ഒരു കുടുംബം

ഇടിഞ്ഞു പൊളിയാറായ വീട്. വീടിനു മുന്നിൽ കരിക്കട്ട കൊണ്ട് മനോഹരമായി എഴുതിയിട്ടുണ്ട് " പുത്തൻവീട് ".വീട്ടിൽ കയറണമെങ്കിലോ ഇരുപതടി ഉയരത്തിൽ കയറണം.

ഇരുപതടി ഉയരത്തിൽ പാതിയടർന്ന മൺതിട്ടയുടെ തുഞ്ചത്ത് ഏതുനിമിഷയും പൊളിഞ്ഞു വീഴാറായ ഒരു വീട്. അതിലാണ് നാവായിക്കുളം പഞ്ചായത്തിൽ കുടവൂർ തൊടിയിൽ പുത്തൻവീട്ടിൽ സദാശിവനും ഭാര്യ സന്ധ്യയും രണ്ടു പെൺകുട്ടികളും താമസിക്കുന്നത്. മഴ ശക്തമായതോടെ ഏതു നിമിഷവും തേടിയെത്തിയേക്കാവുന്ന വലിയ ദുരന്തത്തെ ഭയന്ന്, നാലു പേരും ആ വീടിനുള്ളിൽ ഹൃദയം പൊള്ളി ജീവിക്കുന്നു. മന:സമാധാനമില്ലാത്ത പകലുകളും ഉറക്കമില്ലാത്ത രാത്രികളും.

മാസങ്ങൾക്കു മുൻപ് വേനൽ മഴയിൽ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. മണ്ണെടുപ്പുകാരുടെ സ്വാധീനത്തിനു മുന്നിൽ മുട്ട് മടക്കിയതോടെയാണ് സദാശിവന്റെ കുടുംബത്തെ ഈ ദുസ്ഥിതി തേടിയെത്തിയത്. കാര്യങ്ങൾ ഇത്രയൊക്കെ അപകടകരമായിട്ടും അധികൃതർ മാത്രം കണ്ണ് തുറക്കുന്നില്ലന്നാണ് ആളുകളുടെ പരാതി. വർക്കല ഷിറ്റോ–റിയു കരാട്ടെ സ്കൂൾ ഡയറക്ടറായ ഗിരി അരവിന്ദിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇതിന്റെ ഭീതിജനകമായ യാഥാർത്ഥ്യം പൊതുസമൂഹത്തിനു ബോധ്യപ്പെട്ടത്.

ഗിരി അരവിന്ദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

" ഒന്നും സംഭവിക്കില്ല ഈശ്വരൻ കാണുന്നുണ്ട് എല്ലാം "

ഉച്ചയൂണ് കഴിഞ്ഞ നേരം രണ്ടു കുട്ടികൾ മാത്രം മരച്ചുവട്ടിൽ ഇരിക്കുന്നു. രണ്ടു പേരുടെയും മുഖത്ത് പരിഭ്രമം തന്നെ. മാനത്ത് മഴക്കാറ് ഉരുണ്ടു കൂടുന്നു ഇളയ കുട്ടി നെഞ്ചിൽ കൈവച്ച്‌ തേങ്ങുന്നു. കണ്ണ് നീരൊഴുക്കി കൊണ്ട് മൂത്തവൾ അനുജത്തിയെ ആശ്വസിപ്പിക്കുന്നു." ഒന്നും സംഭവിക്കില്ല ഈശ്വരൻ കാണുന്നുണ്ട് എല്ലാം " കാര്യമറിയാൻ അവരുടെ അടുത്തെത്തിയ കൂട്ടുകാർ കേട്ട ശബ്ദം പക്ഷെ പെട്ടെന്ന് മുറിഞ്ഞു. ഇരുവരും കണ്ണുനീരൊപ്പി ആരോടും ഒന്നും പറയാതെ രണ്ടുപേരും വിതുമ്പി കൊണ്ട് ക്ലാസ്സിലേക്ക് പോയി. മഴ ശക്തമാകുമെന്നറിഞ്ഞതോടെ സ്‌കൂൾ നേരത്തെ വിട്ടു. സഹോദരിമാരായ രണ്ടു പെൺകുട്ടികളും ആരെയും ശ്രദ്ധിക്കാതെ സ്‌കൂളിൽ നിന്നിറങ്ങി ഓടുകയാണ്. എന്നാൽ എന്തും വരട്ടെ എന്ന് തീരുമാനിച്ചു കൊണ്ട് സുഹൃത്തുക്കളിൽ ചിലർ ഇവരെ പിന്തുടർന്നു. എന്നാൽ അവരുടെ വീടിനു മുന്നിലെത്തിയ സുഹൃത്തുക്കൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.

ഇടിഞ്ഞു പൊളിയാറായ വീട്. വീടിനു മുന്നിൽ കരിക്കട്ട കൊണ്ട് മനോഹരമായി എഴുതിയിട്ടുണ്ട് " പുത്തൻവീട് ".വീട്ടിൽ കയറണമെങ്കിലോ ഇരുപതടി ഉയരത്തിൽ കയറണം. എന്നാൽ ചരിവിലൂടെ അതിസാഹസികമായി വീട്ടിലേയ്ക്ക് കയറിയ പെൺകുട്ടികൾ അകത്ത് അച്ഛനും അമ്മയും ഇരിക്കുന്നത് കണ്ടപ്പോഴാണ് ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചത്. ഇത് കഥയല്ല. നാവായിക്കുളം പഞ്ചായത്തിൽ കുടവൂർ തൊടിയിൽ പുത്തൻ വീട്ടിൽ സദാശിവന്റേയും സന്ധ്യയുടെയും കണ്ണ് നേരിന്റെ കഥയാണ്. ഏതു നിമിഷവും പൊളിഞ്ഞു വീഴാവുന്ന വീടിനുള്ളിൽ കഴിയുകയാണ് രണ്ടു പെണ്മക്കളുമായി ഈ ദമ്പതികൾ. 

മണ്ണെടുപ്പുകാരുടെ അവകാശത്തിനു മുന്നിൽ മുട്ട് മടക്കിയ കുടുംബത്തിന് വീടിനു മുന്നിൽ നിന്നൊന്നു കാൽ വഴുതിയാൽ പിന്നെ ബാക്കി എന്തെന്നത് അനിർവചനീയം. പറക്കമുറ്റാത്ത രണ്ടു പെണ്മക്കളുടെ കാര്യമോർക്കുമ്പോൾ ഈ ദമ്പതികളുടെ ഹൃദയം തേങ്ങുകയാണ്. മാസങ്ങൾക്ക് മുൻപ് വേനൽ മഴയിൽ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. രണ്ടു മക്കളെയും മാറോടു ചേർത്ത് വച്ച് കൊണ്ട് മാതാപിതാക്കൾ നേരം വെളുപ്പിച്ചു. പിന്നെ പുലർച്ചെ മുതൽ കുട്ടികളെ സ്‌കൂളിൽ പോകാതെ ഇടിഞ്ഞ വീടിന്റെ ഭാഗങ്ങൾ നീക്കം ചെയ്തു. കാഴ്ച്ചക്കാർ കണ്ണ് നീരൊലിപ്പിക്കുമെങ്കിലും കാര്യക്കാരായ നാവായിക്കുളം പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് മാത്രം കണ്ണ് തുറക്കാൻ കഴിയുന്നില്ല. വീട് പുതുക്കി പണിയുന്നതിനു അപകടകരമായ അവസ്ഥ മാറ്റി കൊടുക്കുന്നതിനും നിരവധി പരാതികൾ കൂലി വേല മാത്രം ആശ്രയിച്ചു കഴിയുന്ന ഈ കുടുംബം നൽകിയെങ്കിലും മഷിയുടെ തെളിച്ച കുറവുകൾ മൂലം അവയെല്ലാം അവഗണിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മഴയിലും അത് വഴി പോയ നാട്ടുകാരിൽ ചിലർ കേട്ടത്രേ " എന്റെ കാലം കഴിയുന്നതിനു മുൻപെങ്കിലും ഈ വീടൊന്നു നന്നാക്കി കിട്ടിയിരുന്നെങ്കിൽ "പിന്നെ കൂട്ട തേങ്ങലുകളും.