ശ്രീലങ്കയിൽനിന്നു ഗ്രാമ്പൂ എത്തുന്നു; വിലയിടിവിൽ നെഞ്ചിടിച്ച് കർഷകർ

ഗ്രാമ്പൂ

ശ്രീലങ്കയിൽനിന്നുള്ള ഗ്രാമ്പൂ ഇറക്കുമതി കർഷകർക്കു വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആഴ്ചകൾക്കു മുൻപ് 1300 വരെ ഉയർന്ന ഗ്രാമ്പൂ വില ഇപ്പോൾ 600ലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ചെലവാക്കുന്ന പണം പോലും തിരികെ കിട്ടുന്നില്ലെന്നു കർഷകർ പറയുന്നു. ഗ്രാമ്പൂ വിളവെടുക്കാൻ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള തൊഴിലാളികൾക്ക് 600 രൂപയാണ് കൂലി. മികച്ച വിളവുള്ള ചെടിയിൽ നിന്ന് ഒരു തൊഴിലാളി ശരാശരി 10 കിലോ പച്ചപ്പൂവാണ് പറിച്ചെടുക്കുക. ഇതിനുശേഷം പച്ചപ്പൂവിലെ ഇല ഒരുക്കാനും പൂവും കമ്പും വേർതിരിച്ചെടുക്കാനും തൊഴിലാളികളെ നിർത്തണം. വിളവെടുപ്പ് നടത്തുന്നതിനേക്കാൾ പ്രയാസമായതിനാൽ ഇതിന് ഏറെ സമയമെടുക്കും. ഇതിനാലും കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. ഇത്തരത്തിൽ ലഭിക്കുന്ന ഉൽപന്നം വിപണിയിൽ എത്തിക്കുമ്പോൾ ആയിരം രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളു. എന്നാൽ ആഴ്ചകളായി വില കുറഞ്ഞു നിൽക്കുന്നത് കർഷകർക്ക് കനത്ത ആഘാതമായിരിക്കുകയാണ്. പൂമൊട്ട് കൊഴിച്ചിൽ, ഇലപ്പുള്ളി, കൊമ്പു കരിച്ചിൽ തുടങ്ങിയ രോഗങ്ങൾ ഗ്രാമ്പൂവിന് ഭീഷണിയാണ്. കൂടാതെ പുഴുക്കൾ ഇളംതണ്ട് നശിപ്പിക്കാറുമുണ്ട്. വണ്ടുകൾക്ക് പെരുകാൻ സാഹചര്യമൊരുക്കി ഉണക്കക്കമ്പുകൾ കൃഷിയിടത്തിൽ കിടക്കുന്നതും കീടബാധ സാധ്യത വർധിപ്പിക്കാൻ ഇടയാക്കും. വള പ്രയോഗവും തുരിശ് തളിക്കലുമാണ് ഗ്രാമ്പൂവിന് പ്രധാനമായി ചെയ്യുന്നത്.

ചെമ്പകപ്പാറയിലെ തോട്ടം

ഓയിൽ കൂടുതലുള്ളതും ഗുണമേൻമ കുറഞ്ഞതുമായ ശ്രീലങ്കൻ ഗ്രാമ്പൂവിന് വിലക്കുറവുണ്ട്. കേരളത്തിലെ ഉൽപന്നത്തേക്കാൾ വലുപ്പമുണ്ടെന്നതും ശ്രീലങ്കയിൽ നിന്നുള്ള ഗ്രാമ്പൂവിനു വിപണി സാധ്യത വർധിപ്പിക്കുന്നു.