കർഷക കൂട്ടായ്മയിൽ കുരുമുളക് സംസ്കരണ യൂണിറ്റ്

കർഷകരായ ഇ.ജെ. ജോസഫ്, ടി.കെ. രാമൻ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു.

കർഷക കൂട്ടായ്മയിൽ കാസർകോട് ജില്ലയിൽ ആദ്യമായി മലയോരത്ത് കുരുമുളക് സംസ്കരണ യൂണിറ്റ് അരംഭിക്കുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി. ഓണത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ് കർഷകർ. കോടോം ബേളൂർ പഞ്ചായത്തിലെ ഉദയപുരത്താണ് എട്ടോളം കർഷകർ ചേർന്നു ഗ്രാമലക്ഷ്മി മാർക്കറ്റിങ് ഗ്രൂപ്പ് എന്ന പേരിൽ കുരുമുളക് സംസ്കരണ യൂണിറ്റ് ആരംഭിക്കുന്നത്. കുരുമുളക് കർഷകർ ഏറെയുള്ള പ്രദേശത്ത് കർഷകർക്ക് കുരുമുളകിനു മാർക്കറ്റ് വിലയേക്കാൾ നൽകിയുള്ള സംഭരണവും അതുവഴി സ്വയംതൊഴിലുമാണ് കൂട്ടായ്മയുടെ ലക്ഷ്യം.

ഉദയപുരത്തെ കർഷകരായ ഇ.ജെ.ജോസഫ്, കെ.വി.ബിജുമോൻ, സി.അശോകൻ, ടി.കെ.രാമൻ, വേണു എരുമക്കുളം, കെ.കൃഷ്ണൻ നായർ, ഗോപാലൻ വാഴവളപ്പ്, സി.കൊട്ടൻ എന്നിവരാണ് സംരംഭത്തിനു പിന്നിൽ. ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ കുരുമുളക് സംസ്കരണ യൂണിറ്റ് ആരംഭിക്കുന്നത്.

കോഴിക്കോടാണ് മറ്റൊരു സംസ്കരണശാലയുള്ളത്. കർഷകർ തന്നെയാണ് ജോലിക്കാരും. കോഴിക്കോട് പെരുവണ്ണാമൂഴിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് (ഐഐഎസ്ആർ) നിന്നും ഇതിനുള്ള പരിശീലനം കർഷകർ നേടിയിട്ടുണ്ട്.

കുരുമുളക് ഗുണമേന്മ അനുസരിച്ചു തരംതിരിച്ചുള്ള പായ്ക്കിങ്, തൊലികളഞ്ഞു വെള്ള കുരുമുളക് എന്നിവ വ്യാവസായിക അടിസ്ഥാനത്തിൽ തയാറാക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. പിന്നീട് കുരുമുളകുപൊടി പായ്ക്കറ്റിങ്ങും ആരംഭിക്കുമെന്നും കർഷകൻ ഇ.ജെ.ജോസഫ് പറഞ്ഞു.

വെള്ള കുരുമുളകു പൊടിയായിരിക്കും കർഷകർ പുറത്തിറക്കുക. ഇതിനായി ഫ്ലോർമിൽ, ഡിസ് സ്കിന്നർ, സ്പൈറൽ സെപ്പറേറ്റർ, പായ്ക്കിങ് മെഷീൻ എന്നിങ്ങനെ പത്തുലക്ഷം രൂപയുടെ മെഷിനറികളാണ് സ്വന്തമായുള്ള ഏഴുസെന്റ് സ്ഥലത്തെ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ളത്. 25 ലക്ഷം രൂപയാണ് മുടക്കുമുതൽ.

പത്തുലക്ഷം രൂപ സംസ്ഥാന ഹോർട്ടികൾച്ചർ‌ മിഷൻ സബ്സിഡിയായി നൽകും. പനത്തടി സർവീസ് സഹകരണ ബാങ്കാണ് സാമ്പത്തിക സഹായം. ആദ്യഘട്ട പ്രവർത്തനത്തിന് അഞ്ഞൂറു കിലോ കുരുമുളക് കർഷകരിൽ നിന്ന് സംഭരിച്ചുകഴിഞ്ഞു. ഓണത്തോടനുബന്ധിച്ച് ഉൽപന്നം വിപണിയിലെത്തിക്കുമെന്ന് ഇ.ജെ. ജോസഫ് പറഞ്ഞു.