കൃഷി ചെയ്യാൻ മണ്ണു വേണ്ട!

കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ച മണ്ണില്ലാതെ കൃഷി ചെയ്യാവുന്ന നടീൽ മിശ്രിതം.

നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കു സന്തോഷവാർത്ത. കൃഷി ചെയ്യാൻ ഇനി മണ്ണുവേണ്ട! ജൈവകൃഷിയിൽ താൽപര്യമുള്ളവർക്കു കൊച്ചി സിഎംഎഫ്ആർഐക്കു കീഴിലുള്ള ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) വികസിപ്പിച്ച മണ്ണില്ലാ നടീൽ മിശ്രിതം മണ്ണിനു പകരമായി ഉപയോഗിക്കാം.

പോഷക സമ്പുഷ്ടം

നഗരപ്രദേശങ്ങളിൽ ജൈവകൃഷി ചെയ്യുന്നവർ നേരിടുന്ന പ്രശ്നമാണു ഗുണമേൻമയുള്ള മണ്ണിന്റെ ലഭ്യതക്കുറവ്. ഒരു വീട്ടിൽ 30 ഗ്രോബാഗുകളിൽ കൃഷി ചെയ്യുന്നതിനു ചുരുങ്ങിയതു 150 കിലോഗ്രാം മണ്ണു വേണം. കിട്ടുന്നതാകട്ടെ കല്ലും വേരുകളും നിറഞ്ഞതും. ഇതു ചെടികളുടെ വളർച്ചയെ ബാധിക്കും.

പഞ്ചസാര മില്ലുകളിൽനിന്നു പുറന്തള്ളുന്ന പ്രെസ്മഡ് എന്ന ഉപോൽപന്നം കംപോസ്റ്റ് ചെയ്താണു മണ്ണിനു പകരമായി ഉപയോഗിക്കാവുന്ന മിശ്രിതം വികസിപ്പിച്ചത്.

അഞ്ചു കിലോഗ്രാം പ്രെസ്മഡ്, 2.5 കിലോഗ്രാം ചാണകപ്പൊടി, 2.5 കിലോഗ്രാം ചകിരിച്ചോർ, ഡോളമൈറ്റ്, സ്യൂഡോമൊണാസ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം പോഷകസമ്പുഷ്ടവും പല തവണ ഉപയോഗിക്കാവുന്നതുമാണ്.

കെവികെയുടെ പിന്തുണയോടെ വൈപ്പിൻ ഹരിശ്രീ സ്വയംസഹായ സംഘമാണു മിശ്രിതം വിൽപനയ്ക്കായി തയാറാക്കുന്നത്. 10 കിലോഗ്രാം പായ്ക്കറ്റുകളാണു ലഭിക്കുക. മിശ്രിതത്തിന്റെ പായ്ക്കറ്റുകളിൽ നേരിട്ടു ചെടി നടാം. ഒരു പായ്ക്കറ്റിനു വില 100 രൂപ.

സംരംഭകരെ ലക്ഷ്യമിട്ട്, മിശ്രിതം വ്യാവസായികമായി ഉൽപാദിപ്പിക്കുന്ന രീതി വിശദീകരിക്കുന്ന ബിസിനസ് ഡസ്‌ക് പ്രവർത്തിക്കും. ഫോൺ: 82817 57450.