ഐആർ എട്ടിന് ‘വളമാക്കും’

‘ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ മുട്ടിനു മുട്ടിനു ഞങ്ങളിടിക്കും, ഐആർ എട്ടിനു വളമാക്കും’ 

ഹരിത വിപ്ലവം നടന്ന എഴുപതുകളിലെ പ്രസിദ്ധമായ രാഷ്ട്രീയ മുദ്രാവാക്യമാണിത്. നെല്ലിനങ്ങളിൽ ഐആർ എട്ടിന്റെ അത്ര പ്രസിദ്ധി മറ്റൊന്നിനുമില്ല. അത്യുൽപാദന ശേഷിയും ഉയരക്കുറവും ദൃഢതയാർന്ന തണ്ടും കൊണ്ട് ‘മിറക്കിൾ റൈസ്’ എന്നാണ് ഐആർ എട്ട് ലോകമെങ്ങും അറിയപ്പെടുന്നത്. ഐആർ എട്ടിനെ മാതൃകയാക്കി ഇന്ത്യയിൽ വികസിപ്പിച്ച അത്യുൽപാദനശേഷിയുള്ള ഹ്രസ്വകാല നെല്ലിനമാണു പിടിബി 35 (അന്നപൂർണ). ഏഷ്യയിലെ ആദ്യത്തെ ചുവന്ന ശങ്കരയിനം അരിയാണിത്.ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രമാണ് ഐആർ എട്ട് വികസിപ്പിച്ചതെങ്കിൽ പട്ടാമ്പിയിൽ സ്ഥിതിചെയ്യുന്ന കേരളത്തിന്റെ കാർഷിക ഗവേഷണ കേന്ദ്രമാണു അന്നപൂർണ പുറത്തിറക്കിയത്. 

പിടിബി എന്നത് പട്ടാമ്പി എന്ന സ്ഥലപ്പേരിന്റെ ചുരുക്കവും ഐആർ എന്നത് രാജ്യാന്തര ഗവേഷണ കേന്ദ്രമെന്നതിന്റെ ചുരുക്കവുമാണ്. (വിത്തുകൾക്കു പേരിടുമ്പോൾ അത് വികസിപ്പിച്ച സ്ഥലം സൂചിപ്പിക്കും.) ഐആർ എട്ട് പുറത്തിറങ്ങിയത് 1966ൽ. അന്നപൂർണ വികസിപ്പിച്ചത് 1968ലും.പട്ടാമ്പിയിൽ നിന്ന് ഇറക്കിയ പിടിബി ഒന്ന് മുതൽ പിടിബി 34 വരെയുള്ളവ പരമ്പരാഗത നെല്ലിൽ നിന്നു ശുദ്ധനിർദ്ധാരണം നടത്തിയ നാടൻ ഇനങ്ങളാണ്. പിടിബി 35 മുതൽ 60 വരെയുള്ളവ ഉൽപാദന ക്ഷമത കൂടിയ സങ്കരഇനങ്ങളും. പിടിബി ഒന്ന് പഴയ തലമുറയിലെ പ്രസിദ്ധമായ ആര്യനാണ്. 



ഇടശേരിയുടെ പുത്തൻകലവും അരിവാളും എന്ന കവിതയിൽ പരാമർശിക്കുന്ന പൊന്നാര്യൻ തന്നെ. പഴയകാല ഇനത്തിൽ ശ്രദ്ധേയമായ മറ്റൊന്ന് തവളക്കണ്ണനാണ്. ചുവന്ന് ഉരുണ്ട ചെറിയ അരിയാണ്. 1936ൽ വികസിപ്പിച്ചിറക്കിയ ഇതിന് ഹെക്ടറി‍ന് 2.5 ടൺ മാത്രമേ വിളവുണ്ടായിരുന്നുള്ളു. എന്നാൽ, രോഗ–കീട പ്രതിരോധ ശേഷിയിൽ മുന്നിലായിരുന്നു.

ഊണിന് ഉത്തമവും. മൂപ്പ് കുറവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഇനമാണ് തെക്കൻ ചീര. 1936ൽ തന്നെ വികസിപ്പിച്ച ഇതിന്റേത് ചുവന്ന് ഉരുണ്ട ഇടത്തരം അരിയാണ്. 38 അത്യുൽപാദന ശേഷിയുള്ള നെല്ലിനങ്ങളാണു പട്ടാമ്പിയിൽ നിന്നു പുറത്തിറക്കിയത്.മലയാളിക്ക് ഉണ്ണാനുള്ള അരി മറുനാട്ടിൽ നിന്നു വരുന്നു എന്ന സങ്കടം വേണ്ട, അവയുടെയൊക്കെ വിത്തുണ്ടായതു പട്ടാമ്പിയിലാണ് എന്ന് നമുക്ക് അഭിമാനിക്കാം.ആയിരത്തോളം നെല്ലിനങ്ങൾ പട്ടാമ്പിയിൽ സംരക്ഷിക്കുന്നുണ്ട്. ഇതിൽ 300–400 എണ്ണം പരമ്പരാഗത ഇനങ്ങളാണ്.രാജ്യാന്തര നെല്ല് ഗവേഷണത്തിന്റെ ആസ്ഥാനം മനിലയാണെങ്കിൽ കേരളത്തിന്റെ മനിലയാണു പട്ടാമ്പി. 

പട്ടാമ്പിയുടെ മക്കൾ,പേരുകളും സുന്ദരം 

പട്ടാമ്പിയിൽ ജനിച്ചതും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതുമായ ജ്യോതി വിത്ത് കർണാടക, ഗോവ, മഹാരാഷ്ട്ര, ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായി കൃഷി ചെയ്യുന്നു.1974ലാണ് ഈ വിത്ത് പുറത്തിറക്കിയത്. രുചി കൂടിയതു തന്നെ പ്രചാരം കൂടാൻ കാരണം. പാലക്കാടൻ മട്ട, വടി മട്ട എന്ന പേരിലെല്ലാം ലഭിക്കുന്ന നീണ്ട ഉരുണ്ട അരി ഈ ജ്യോതിയുടേതാണ്. ഭൗമപരമായ സൂചനകൾ പരിഗണിച്ച് ഇവിടെ കൃഷി ചെയ്യുന്ന നെല്ലിനത്തിനു നൽകുന്ന ബ്രാൻഡ് റജിസ്ട്രേഷനാണു പാലക്കാടൻ മട്ട എന്നത്. 

ജ്യോതി കഴിഞ്ഞാൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നതും വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നീ മൂന്നു വിളയ്ക്കും അനുയോജ്യമായതുമായ വിത്തുകളാണു കാഞ്ചന, ഐശ്യര്യ, ആതിര, ഉമ, മട്ട ത്രിവേണി തുടങ്ങിയവ. സ്വർണപ്രഭ, നീരജ, പ്രത്യാശ, ശ്രേയസ്, കരുണ, ഹർഷ, സംയുക്ത, വൈശാഖ്, മകരം തുടങ്ങിയവയും പട്ടാമ്പിയിൽ നിന്നു പുറത്തിറക്കിയ പ്രധാന വിത്തിനങ്ങളാണ്.ശക വർഷത്തിലെ വൈശാഖ മാസത്തിനൊപ്പം വരുന്ന മലയാള മാസം മേടത്തിൽ വിതയ്ക്കുന്ന വിത്തിന് പേര് വൈശാഖ്.

കോൾ നിലങ്ങളിൽ കൃഷി ചെയ്യാനുള്ളതിനു വർഷ. വരൾച്ചാപ്രതിരോധ ശേഷി കൂടിയതിന്റെ പേര് ഹർഷ. പൂന്തൾപാടം (ചതുപ്പ് നിലം) കൃഷിക്ക് അനുയോജ്യമെന്ന നിലയ്ക്കാണു 1990ൽ പുറത്തിറക്കിയ വിത്തിന് നീരജ എന്നു നാമകരണം ചെയ്തത്. വെളുത്ത് നീണ്ട് മെലിഞ്ഞ അരിയാണ് ഇതിന്റേത്. കൂട്ടുമുണ്ടകന് അനുയോജ്യമായ വിത്തിനു പേരു സംയുക്ത. 

ഇനി വരുന്നു സുപ്രിയ, അക്ഷയ

നവതിയിലെത്തിയ പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം രണ്ടാം വിളയ്ക്ക് അനുയോജ്യമായ രണ്ട് നെല്ലിനങ്ങൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. മൂന്നു വിളയ്ക്കും യോജിച്ചതും നല്ല ഉയരവും എന്നാൽ മറിഞ്ഞു വീഴാത്തതും അരിക്ക് വെള്ള നിറവുമുള്ള സുപ്രിയ, അക്ഷയ എന്നിവയാണു പുറത്തിറക്കാനിരിക്കുന്നവ.