വിഷരഹിത പച്ചക്കറിക്കൃഷി: രാജകുമാരി മുന്നോട്ട്

രാജകുമാരി ∙ വിഷരഹിത പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്ത ഗ്രാമമാകാനുള്ള തയാറെടുപ്പിലാണു രാജകുമാരി പഞ്ചായത്ത്. മൂന്നു വർഷം മുമ്പ് ആരംഭിച്ച ഇൗ കർമപദ്ധതിക്കു കരുത്തേകി പൊതുസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രംഗത്തു വന്നതോടെ ജൈവപച്ചക്കറിക്കൃഷിയിൽ രാജകുമാരി ഏറെ മുന്നിലായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകർക്കായി സൗജന്യ പച്ചക്കറിത്തൈകൾ മഞ്ഞക്കുഴിയിൽ വിതരണം ചെയ്തു. 

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വിഷരഹിത പച്ചക്കറി കൃഷിചെയ്യുകയാണു പദ്ധതിയുടെ ലക്ഷ്യം. നാലു ലക്ഷം രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പതിമൂന്നു വാർഡുകളിലുമായി രണ്ടു ലക്ഷത്തോളം പച്ചക്കറിത്തൈകൾ വിതരണം ചെയ്യും. നെടുങ്കണ്ടം ബ്ലോക്കിനു കീഴിലുള്ള ഫെഡറേറ്റഡ് നഴ്സറിയിൽ ഉൽപാദിപ്പിക്കുന്ന പച്ചമുളക്, വഴുതന, പയർ, തക്കാളി, കാബേജ് എന്നിവയുടെ ഇരുപത് തൈകളാണ് ഓരോ കുടുംബത്തിനും നൽകുന്നത്. 

കൃഷിവകുപ്പിന്റെ സഹായത്തോടെ രാജകുമാരി ഗവ. വിഎച്ച്എസ്എസിലെ നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഗ്രോ ബാഗിൽ വളർത്തിയ പച്ചക്കറിത്തൈകൾ പഞ്ചായത്തിലെ രണ്ടായിരത്തോളം കുടുംബങ്ങൾക്കു വിതരണം ചെയ്യും. അധ്യാപക – രക്ഷാകർത്തൃ സമിതിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണു വിദ്യാർഥികൾ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായത്. 

മണ്ണിനൊപ്പം ചകിരിച്ചോറും മണലും ജൈവവളവും ചേർത്ത മിശ്രിതം നിറച്ച നാലായിരത്തോളം ഗ്രോ ബാഗുകളിലാണ് വിദ്യാർഥികൾ പച്ചക്കറിത്തൈകൾ നട്ടു പരിപാലിക്കുന്നത്. 

പരമ്പരാഗത ഇനങ്ങളെ കൂടാതെ ബ്രൊക്കാളിയും നോൾക്കോളുമടക്കം ഹൈറേഞ്ചിനു പരിചിതമല്ലാത്ത പച്ചക്കറി ഇനങ്ങളുടെ തൈകളും വിദ്യാർഥികൾ പരിപാലിക്കുന്നുണ്ട്. 

പഞ്ചായത്തിന്റെ സഹായത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി ഇതു വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നെടുങ്കണ്ടം ബ്ലോക്കിനു കീഴിൽ നടുമറ്റത്തു പ്രവർത്തിക്കുന്ന ഫെഡറേറ്റഡ് നഴ്സറിയിലും ആവശ്യക്കാർക്കു പച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ചു നൽകുന്നു.

 പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എൽദോ, വൈസ് പ്രസിഡന്റ് ടിസി ബിനു, ഗ്രാമപഞ്ചായത്തംഗങ്ങൾ, കൃഷി ഓഫിസർ എം.എസ്.ജോൺസൺ, കൃഷി അസിസ്റ്റന്റുമാരായ പി.പി.പ്രനീഷ്, തോമസ് പോൾ തുടങ്ങിയവരാണ് രാജകുമാരിയിലെ ജൈവപച്ചക്കറി വികസന കർമപദ്ധതിയുടെ അമരക്കാർ.