വിദ്യാർഥികളാണിവിടെ കൃഷിക്കാർ

വിദ്യാർഥികളാണിവിടെ കൃഷിക്കാരെങ്കിലും കൃഷിപാഠങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മുനയും ബിലാലും അധ്യാപകരാണ്. കീടങ്ങളെ പിടിക്കാനുള്ള ചെലവു  കുറഞ്ഞ മഞ്ഞക്കെണിതന്നെ ഉദാഹരണം. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പിയിൽ പഴയൊരു മഞ്ഞ പ്ലാസ്റ്റിക് കൂടു പൊതിഞ്ഞ് അതിൽ വൈറ്റ് ഗ്രീസ് പുരട്ടുക. കെണി തയാർ. മൂന്നോ നാലോ എണ്ണം ടെറസിൽ തൂക്കിയിട്ടാൽ ഒട്ടേറെ കീടങ്ങൾ ഗ്രീസിൽ കുടുങ്ങുമെന്ന് ബിലാൽ. അതിലൊന്നും കുടുങ്ങാത്തവയ്ക്കായി ഫിറമോൺ കെണിയുമുണ്ട്.

ഗ്രോബാഗുകളിൽ വളർന്നു നിൽക്കുന്ന ബന്തിയും ചോളവുമാണ്  ടെറസിലെ മറ്റൊരു കൗതുകം. രണ്ടും കീടങ്ങളെ പിടിക്കാനുള്ളതുതന്നെ. നിറയെ പൂവിട്ടു നിൽക്കുന്ന ബന്തിയും ചോളവും കീടങ്ങളെ തങ്ങളിലേക്ക് ആകർഷിക്കുന്നതു വഴി പച്ചക്കറികളുടെ നേർക്ക് ഇവയുടെ ആക്രമണം തീരെ കുറയുന്നുണ്ടെന്ന് മുന. പച്ചക്കറികൾക്കിടയിൽ വിരിഞ്ഞു നിൽക്കുന്ന ബന്തിപ്പൂക്കളാവട്ടെ കണ്ണിനിമ്പം പകരുന്ന കാഴ്ചയും. 

ആഴ്ചയിലൊരിക്കൽ ടെറസ് പുകയ്ക്കുന്ന പതിവുമുണ്ട് ഇവിടെ. ചെറിയൊരു പാത്രത്തിൽ കരിയിലയും ചകിരിയും ചേർത്ത് കത്തിച്ചുള്ള പുകചികിൽസ, ചെടികൾക്ക് ഉണർവു നൽകുകയും കീടങ്ങളെ അകറ്റുകയും ചെയ്യുമെന്ന് ബിലാൽ. മുയൽമൂത്രമാണ് മറ്റൊരു പ്രയോഗം. കാര്യമായി നേർപ്പിക്കാതെ സ്പ്രേ ചെയ്യുന്ന മുയൽമൂത്രം കീടങ്ങളെ തുരത്തുമത്രെ. ഇതു നന്നായി നേർപ്പിച്ച് ചുവട്ടിൽ നൽകിയാൽ നല്ല വളവുമാണ്.  

ഏറെ പ്രചാരം നേടിയ ഗ്രോബാഗിലെ തുള്ളിനനയോട് ഇരുവർക്കും യോജിപ്പില്ല. ‘ബാഗിൽ വീഴുന്ന വെള്ളം തടത്തിൽ പടരുന്നതിനു പകരം ഊർന്ന് നേരെ ടെറസിൽ വീഴുകയാണ് പതിവ്. വെള്ളം കിട്ടാതെ ചെടി വാടുകയും ചെയ്യും. അതല്ലെങ്കിൽ ചെറിയ മൈക്രോ സ്പ്രിങ്ക്ളർ ഉപയോഗിക്കണം. അതിനു ചെലവിടുന്നതിനെക്കാൾ നല്ലത് രണ്ടു നേരവും കൈകൊണ്ടുള്ള  ചെറു നന തന്നെ. ആ അധ്വാനത്തിലുണ്ടല്ലോ ഒരു സന്തോഷം’, മുനയും ബിലാലും പറയുന്നു.