കാർഷിക വായ്പ പോകുന്നു ബിസിനസിലേക്ക്

x-default

ന്യൂഡൽഹി ∙ കാർഷിക വായ്പാനയങ്ങൾ ബാങ്കുകൾ അട്ടിമറിക്കുന്നതായി ആക്ഷേപം. 2016ൽ 58,561 കോടി രൂപയുടെ കാർഷിക വായ്പ അനുവദിച്ചതു 615 ബാങ്ക് അക്കൗണ്ടുകൾക്കാണെന്നു റിസർവ് ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങൾ ‘ദ് വയർ’ ഓൺലൈൻ പോർട്ടലാണു പുറത്തുവിട്ടത്.

രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും വായ്പയുടെ 18% കാർഷിക മേഖലയ്ക്കു നൽകണമെന്നാണു റിസർവ് ബാങ്ക് നിർദേശം. എന്നാൽ നിലവിൽ ബാങ്കുകൾ ഇതു ബിസിനസ് മേഖലകളിലേക്കു നിക്ഷേപിക്കുന്നുവെന്നും സാധാരണക്കാരായ കർഷകർക്കു കൃത്യസമയത്തു വായ്പ ലഭിക്കാതെ വരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. റിലയൻസ് ഫ്രഷ് പോലുള്ള കമ്പനികളെ, കാർഷിക ബിസിനസ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കമ്പനികൾ കൃഷി ഉപകരണങ്ങൾ വാങ്ങാനെന്ന പേരിൽ വായ്പ സ്വന്തമാക്കുന്നു. എന്നാൽ ഗോഡൗണുകൾ നിർമിക്കാനും മറ്റുമാണ് ഈ തുക ഉപയോഗിക്കുന്നത്.

എസ്ബിഐയുടെ മുംബൈ സിറ്റി ശാഖ മൂന്ന് അക്കൗണ്ടുകളിലേക്കു കാർഷിക വായ്പയായി അനുവദിച്ചതു 29.95 കോടി രൂപയാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 2015ൽ 52,143 കോടി രൂപയുടെ കാർഷിക വായ്പയെത്തിയതു 604 അക്കൗണ്ടുകളിലേക്ക്. 2014ൽ ഇതേ അക്കൗണ്ടുകളിലെത്തിയതു 60,156 കോടി രൂപ. യുപിഎ സർക്കാരിന്റെ കാലത്തും സമാന രീതിയാണു തുടർന്നതെന്നും രേഖകളുണ്ട്. 2013ൽ 665 അക്കൗണ്ടുകളിലേക്കായി എത്തിയതു 56,000 കോടി രൂപയാണ്