മൽസ്യക്കൃഷിയിൽ മുടക്കിയതെല്ലാം പ്രളയം കൊണ്ടുപോയി

പത്തനംതിട്ട ∙ പ്രളയത്തിൽ മൽസ്യക്കൃഷി തകർന്നതിന്റെ ഞെട്ടലിലാണ് ജില്ലയിലെ ഏറ്റവും വലിയ മൽസ്യകർഷകൻ റാന്നി അങ്ങാടി വെങ്ങാലിക്കര പുറത്തേപ്പറമ്പിൽ ജോസ് പി. ഏബ്രഹാം. 40 വർഷം ദക്ഷിണാഫ്രിക്കയിൽ ജോലിചെയ്ത് കിട്ടിയ സമ്പാദ്യം മുടക്കി വീടിനോടു ചേർന്നു വൻതോതിലുള്ള ശാസ്ത്രീയ മൽസ്യക്കൃഷി തുടങ്ങി. അക്വാ പോണിക്സ്, റീസൈക്കിൾ അക്വാകൾച്ചറൽ സിസ്റ്റം എന്നീ രണ്ട് ഭാഗമായി തിരിച്ചായിരുന്നു കൃഷി.

പോളിഹൗസ്, നാല് വലിയ കോൺക്രീറ്റ് കുളങ്ങൾ, ആറ് ഇടത്തരം കുളങ്ങൾ, 34 ചെറിയ കുളങ്ങൾ എന്നിവയിലാണ് ഒരുഭാഗത്ത് മൽസ്യക്കൃഷി നടത്തിവന്നത്. അതിനു വെളിയിലായി വിശാലമായ വലിയകുളം, 12 പോളിത്തീൻ കുളങ്ങൾ എന്നിവ വേറെയും. വെള്ളപ്പൊക്കത്തിൽ വലിയ കുളങ്ങളെല്ലാം ഇടിഞ്ഞുപോയി. രണ്ട് കുളങ്ങളുടെ കോൺക്രീറ്റ് ഭിത്തി മുഴുവൻ തകർന്നുവീണു. അതിനു പുറമെ കരയുടെ കുറെ ഭാഗംകൂടി ഇടിഞ്ഞു നശിച്ചു. മുശിയെ വളർത്തിവന്ന മറ്റൊരു കുളം ഇടിഞ്ഞു തോടന്റെ ഭാഗമായി.

ഈ ഭാഗത്ത് രണ്ടുനില കെട്ടിടത്തിനെക്കാൾ ഉയരത്തിൽ പ്രളയജലം എത്തി. കുളത്തിലും കോൺക്രീറ്റ് ടാങ്കുകളിലായി റെഡ് പിലാപ്യ, ഗിഫ്റ്റ് പിലാപ്യ, കാർപ്പ് കരിമീൻ, ആവോലി മച്ചാൻ, വരാൽ തുടങ്ങിയ ഇനങ്ങളിൽപ്പെട്ട 2.85 ലക്ഷം മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇവയ്ക്ക് 10 മാസത്തെ വളർച്ചയെത്തിയിരുന്നു. എല്ലാം ഒഴുകിപ്പോയി. പ്രളയജലം ഇറങ്ങിയ ശേഷം ഫാം ഉണ്ടായിരുന്നിടം മുഴുവൻ ചെളിക്കുണ്ടായി. വെള്ളത്തിലൂടെ ഒഴുകി എത്തിയ തടി ഇടിച്ചാണ് ടാങ്കുകളെല്ലാം തകർന്നത്.

ഇതിനോടു ചേർന്നു പച്ചക്കറിക്കൃഷി നടത്തിയിരുന്ന പോളിഹൗസും തകർന്നു. ഇവയ്ക്കു മുകളിൽ സൂര്യപ്രകാശം ക‌ടക്കാത്ത വിധത്തിൽ ചെളിമൂടിപ്പോയി. 90 ലക്ഷം രൂപ ബാങ്ക് വായ്പയും തന്റെ സമ്പാദ്യവും ഉൾപ്പെടെ 2.5 കോടിയിലേറെ മുടക്കിയാണ് മൽസ്യഫാം തുടങ്ങിയത്. ഫിഷറീസ്, കൃഷി വകുപ്പുകൾ, ഹോട്ടികൾച്ചറൽ സൊസൈറ്റി എന്നിവരും വേണ്ട പ്രോൽസാഹനങ്ങൾ നൽകിയിരുന്നു. പ്രളയം 2 കോടി രൂപയുടെ നഷ്ടമാണ് ഏബ്രഹാമിന് ഉണ്ടാക്കിയത്. മഹാപ്രളയം ഉണ്ടായിട്ട് നാളെ ഒരുമാസമാകുകയാണ്. അപ്പോഴും ഇതിൽ നിന്ന് എങ്ങനെ കരകയറുമെന്നറിയാതെ വിഷമിക്കുകയാണ് അദ്ദേഹം.