വിപണിയില്‍ തമിഴ്നാട് കപ്പ

കടുത്തുരുത്തി∙ പ്രളയത്തിനു ശേഷം മലയാളികളുടെ ഇഷ്ടവിഭവമായ പച്ചക്കപ്പയ്ക്ക് ക്ഷാമം. വിപണി കീഴടക്കി തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കപ്പ. നാടൻ കപ്പയ്ക്ക് അമിത വില നൽകിയാലും കിട്ടാനില്ല. മറ്റക്കര, അരീക്കര, രാമപുരം, പുറപ്പുഴ, മാറിക, വഴിത്തല എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലെ മാർക്കറ്റുകളിൽ പച്ചക്കപ്പ വിൽപനയ്ക്ക് എത്തിയിരുന്നത്. പ്രളയത്തിൽ ദിവസങ്ങളോളം തോട്ടങ്ങളിൽ വെള്ളം നിന്ന് കപ്പ കൃഷി നശിച്ചതാണ് പച്ചക്കപ്പയ്ക്കു ക്ഷാമം നേരിടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. 

പ്രളയത്തിനു മുമ്പ് കിലോയ്ക്ക് 15 രൂപ നിരക്കിലാണ് പച്ചക്കപ്പ ചില്ലറയായി വിറ്റിരുന്നതെന്നു കടുത്തുരുത്തി മാർക്കറ്റിലെ വ്യാപാരിയായ കൊച്ചുപറമ്പിൽ മധു പറയുന്നു. 50 വർഷത്തോളമായി മധുവിന്റെ കുടുംബം പച്ചക്കപ്പ വിൽപന നടത്തുന്നുണ്ട്. ഇതുപോലെ പച്ചക്കപ്പയ്ക്കു ക്ഷാമം നേരിട്ട സമയമില്ലെന്നു മധു പറയുന്നു. നാടൻ കപ്പ കിട്ടാനില്ല. ഏതാനും ദിവസം അമിത വില നൽകി എത്തിച്ച നാടൻ പച്ചക്കപ്പ 35 രൂപയ്ക്കു വിറ്റിരുന്നു.

ഇതും ലഭ്യമാകാതെ വന്നതോടെ തമിഴ്നാട് പൊള്ളാച്ചിയിൽ നിന്ന് മൂവാറ്റുപുഴയിൽ മൊത്തമായി എത്തിക്കുന്ന പച്ചക്കപ്പ കമ്മിഷൻ ഏജന്റുമാരിൽ നിന്ന് വാങ്ങി വിൽപന നടത്തുകയാണ്. 25 രൂപ കിലോയ്ക്ക് വാങ്ങുന്ന നാടൻ കപ്പ മുമ്പ് ദിവസം 500 കിലോയോളം വിറ്റിരുന്ന സ്ഥാനത്ത് പൊള്ളാച്ചി കപ്പ 200 കിലോ പോലും വിൽക്കാൻ കഴിയുന്നില്ല. രുചി കുറവാണ് പൊള്ളാച്ചി കപ്പയ്ക്ക്. നിറ വ്യത്യാസവുമുണ്ട്. ഇതിനാൽ കച്ചവടം കുറവാണന്നും മധു പറയുന്നു.