1000 ഏക്കർ കതിരണിയും, മുപ്പതാണ്ടിനു ശേഷം

കവിയൂർ ∙ 1000 ഏക്കറിലെ തരിശുനില കൃഷിക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം. പുഞ്ചയിലെ അവുങ്ങാട്ടിക്കുളം- കളത്തിൽ ഭാഗത്താണ് ഇന്നലെ നിലമൊരുക്കൽ തുടങ്ങിയത്. ഭൂമിയുടെ കിടപ്പനുസരിച്ച് വെള്ളം ഇറക്കിവിടാൻ പറ്റുന്നതും നിലമൊരുക്കാൻ പാകത്തിൽ വെള്ളം നിലനിൽക്കുന്നതുമായ പാടശേഖരം എന്ന നിലയിലാണ് ഇവിടെ നിലമൊരുക്കൽ ആരംഭിച്ചത്. ഒരാഴ്ചകൊണ്ട് മുഴുവൻ പാടശേഖരങ്ങളിലും നിലമൊരുക്കൽ ആരംഭിക്കും.

ഇരുപതിനകം നിലമൊരുക്കൽ പൂർത്തിയാവും. ആദ്യം നിലമൊരുക്കുന്ന പാടശേഖരങ്ങളിൽ ഈ മാസം പകുതിയോടെ വിത്തെറിയാമെന്നാണ് പ്രതീക്ഷ. 10 വർഷത്തിനുശേഷമാണ് അവുങ്ങാട്ടിക്കുളം പാടത്ത് യന്ത്രമിറങ്ങുന്നത്. 2 ട്രാക്ടർ ഉപയോഗിച്ചാണ് പ്രവൃത്തി തുടങ്ങിയത്. അടുത്ത ദിവസം മുതൽ 4 ട്രാക്ടർ ഇറങ്ങും. അടുത്ത തിങ്കളാഴ്ച മുതൽ 10 എണ്ണം കൂടി എത്തും. കാർഷിക കർമസേന, കൃഷിവകുപ്പ്, അഗ്രോ ഇൻഡസ്ട്രീസ് എന്നിവയ്ക്ക് ട്രാക്ടർ ഉണ്ടെങ്കിലും ഒന്നുപോലും ഉപയോഗിക്കാൻ കർഷകർക്ക് കിട്ടുന്നില്ല.

വാടകയ്ക്ക് എടുക്കുന്ന ട്രാക്ടറുകളാണ് ഉപയോഗിക്കുന്നത്. നഗരസഭയിലും കവിയൂർ, കുന്നന്താനം പഞ്ചായത്തുകളിലുമായി 1400 ഏക്കർ പാടശേഖരമാണ് ഉള്ളത്. അതിൽ കുറച്ചു വർഷങ്ങളായി 200 ഏക്കറിനടുത്ത് കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് യോഗ്യമല്ലാത്ത നിലവും വലിയതോടും നാട്ടുതോടുകളും ചേർത്ത് 200 ഏക്കറിനടുത്ത് ഉണ്ടാവും.

ശേഷിക്കുന്നവയിൽ കൃഷിക്ക് യോഗ്യമായ 1000 ഏക്കർ പൂർണമായും കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ 8 മാസമായി പ്രവർത്തനം നടത്തിവരികയാണ്. നിലമൊരുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു ഉദ്ഘാടനം ചെയ്തു. ഹരിത കേരളം ജില്ലാ കോഓർഡിനേറ്റർ ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ദിനേശ്, പഞ്ചായത്തംഗം ദീപ്തി കുര്യൻ, വിനോദ്കുമാർ, പാടശേഖര സമിതി ഭാരവാഹികളായ രാജേഷ് കാടമുറി, വി.ജി.സതീഷ്, ലിറ്റി ഏബ്രഹാം, വി.സി.വറുഗീസ്, രാജശേഖരൻപിള്ള എന്നിവർ നേതൃത്വം വഹിച്ചു.

യോഗം ചേരും ഓരോ വ്യക്തികളും കൃഷി ചെയ്യുന്ന നിലങ്ങൾ വ്യക്തത വരുത്തുന്നതിന് കർഷകർ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ കവിയൂർ പഞ്ചായത്തിലെ യോഗം ഇന്ന് 3ന് കൃഷിഭവനിലും നഗരസഭയിലേത് 5ന് കിഴക്കൻമുത്തൂർ എംടിഎൽപി സ്കൂളിലും ചേരും.