പുഞ്ചക്കൃഷിക്ക് ഒരുങ്ങി പാടശേഖരങ്ങൾ

തിരുവല്ല ∙ അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങൾ പുഞ്ചകൃഷിക്ക് ഒരുങ്ങി. വിത്ത് വിതയ്ക്കൽ ഈയാഴ്ച തുടങ്ങും. പ്രളയത്തിനുശേഷമുള്ള കൃഷിക്ക് അത്യാവശ്യം വേണ്ട കക്കയും ഡോളോമൈറ്റും ഇല്ലാതെയാണ് കൃഷി ചെയ്യേണ്ടിവരുന്നത്. 1,900 ഹെക്ടർ വരുന്ന അപ്പർ കുട്ടനാട്ടിൽ 235 ഹെക്ടറിലേക്കുള്ള കക്കയും ഡോളോമൈറ്റും മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. 

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിത്ത് സർക്കാർ സൗജന്യമായി നൽകുകയാണ്. ഇതിന്റെ വിതരണം മിക്കവാറും പൂർത്തിയായി. നിലമൊരുക്കി ദിവസങ്ങളായി കർഷകർ കാത്തിരുന്നിട്ടും കക്കയും ഡോളോമൈറ്റും വിതരണത്തിനെത്തിയിട്ടില്ല.പാടത്തിലെ അമ്ലാംശം കുറയ്ക്കാനാണ് കക്ക ഇടുന്നത്. പ്രളയജലം കയറിയിറങ്ങിയതോടെ മണ്ണിലെ അമ്ലാംശം കൂടിയതായാണ് കാർഷിക കോളജിലെ വിദഗ്ധരുടെ അഭിപ്രായം. കക്ക കൂടുതലായി ആവശ്യമുള്ളിടത്താണ് ഒട്ടും കിട്ടാതെ ബുദ്ധിമുട്ടുന്നത്. 

പെരിങ്ങര, നിരണം, നെടുമ്പ്രം, കടപ്ര, കുറ്റൂർ, നഗരസഭ എന്നിവിടങ്ങളിലായി 1,900 ഹെക്ടറിലാണ് കൃഷിയിറക്കുന്നത്. ഇതിൽ കുറ്റൂർ, കടപ്ര, നഗരസഭ എന്നിവിടങ്ങളിലെ പാടശേഖരങ്ങൾക്കു മാത്രമാണ് കക്ക ലഭിച്ചത്. 900 ഹെക്ടറുള്ള പെരിങ്ങര, 540 ഹെക്ടർ വരുന്ന നിരണം എന്നിവിടങ്ങളിൽ കക്ക ആർക്കും ലഭിച്ചില്ല.  രാഷ്ട്രീയ കൃഷി വികാസ് യോജന, സുസ്ഥിര വികസന പദ്ധതി എന്നിവയിലുൾപ്പെടുത്തി ഹെക്ടറിന് 5,500 രൂപ കക്ക വിതരണം ചെയ്യാനായി അനുവദിച്ചിരുന്നു. 

കഴിഞ്ഞ ഏപ്രിലിൽ 1,500 ഹെക്ടറിലേക്കുള്ള കക്ക അനുവദിക്കുകയും ചെയ്തിരുന്നു. ഇത് ഉടൻ വിതരണം നടത്തണമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, കൃഷി ഇല്ലാത്ത സമയമായതിനാൽ വിതരണത്തിനെടുക്കാതെ തിരികെ നൽകി. ഇതോടെയാണ് ഇത്തവണ വിതരണം 235 ഹെക്ടറിലേക്കായി കുറഞ്ഞത്. 

പ്രളയത്തിനു ശേഷമായതിനാൽ ഹെക്ടറിനു 125 കിലോ നെൽവിത്ത് നൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴായി. സർക്കാർ ഉത്തരവ് ലഭിക്കാത്തതിനാലും വിത്തിന്റെ ദൗർലഭ്യം കാരണവും ഹെക്ടറിനു 100 കിലോ വിത്ത് മാത്രമാണ് വിതരണം ചെയ്യുന്നത്.

ഉമ, ജ്യോതി എന്നീ വിത്തുകളാണ് വിതരണം ചെയ്തത്. ഉമ കൃഷി ചെയ്യാനാണ് കർഷകർക്കു കൂടുതൽ താൽപര്യം. ഇത് ആവശ്യത്തിനു കിട്ടിയിട്ടില്ല. ഏറ്റവും കൂടുതൽ പാടശേഖരമുള്ള പെരിങ്ങരയിൽ നിലവിൽ കൃഷി ഓഫിസറില്ല. 

ഒരാഴ്ച മുൻപ് സ്ഥലംമാറി പോയ ആൾക്കു പകരം ആരെയും നിയമിച്ചിട്ടില്ല. കൃഷിവകുപ്പിൽ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങളും നിർദേശങ്ങളും ലഭിക്കാതെ കർഷകർ ബുദ്ധിമുട്ടുകയാണ്.