‘ഫലത്തിൽ’ എല്ലാം കാലം തെറ്റുന്നു

ആലപ്പുഴ ∙ കാലം തെറ്റി പൂക്കുന്ന കണിക്കൊന്ന കഴിഞ്ഞ കുറച്ചു വർഷങ്ങളായി പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥയിലെ മാറ്റങ്ങളുടെ പ്രതിഫലനം കണിക്കൊന്നയിലൊതുങ്ങുന്നില്ല. പ്രാദേശിക മാറ്റങ്ങളായി കണ്ട് ഗൗരവം നൽകാതിരുന്നവയൊക്കെ വലിയ മാറ്റങ്ങളായി നമ്മുടെ കണ്മുന്നിലുണ്ട്. പല മേഖലകളിലും മാവിലും പ്ലാവിലും ഫലങ്ങൾ പാകമാകാൻ തുടങ്ങിയത് സസ്യനിരീക്ഷകരെ അതിശയപ്പെടുത്തുകയാണ്.

സാധാരണ ജനുവരി തുടക്കത്തിൽ പുഷ്പിക്കുന്ന മരങ്ങളിലാണ് ഇപ്പോൾ ഫലങ്ങൾ പാകമാകുന്ന രീതിയിലേക്കെത്തുന്നത്. ഏകദേശം 4 മാസത്തോളം നേരത്തെയാണ് ഇത്തവണ ഇവയിൽ മാറ്റങ്ങളുണ്ടായിരിക്കുന്നത്. കുറഞ്ഞ അളവിൽ മഴ കൂടുതൽ സമയം പെയ്തിരുന്ന സ്ഥാനത്ത് വിപരീതമായ അവസ്ഥയാണിപ്പോൾ. ഇടവിട്ട മഴക്കെടുതിയും വരൾച്ചയും വരും നാളുകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാനാണു സാധ്യത. ഓഗസ്റ്റിലെ മഹാ പ്രളയത്തിനു ശേഷം ജില്ലയുടെ ചില ഭാഗങ്ങളിൽ മാവുകൾ പൂത്തിരുന്നു. കനത്ത മഴയ്ക്കു ശേഷം സെപ്റ്റംബറിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. അന്തരീക്ഷ താപനിലയിലെ വർധന സസ്യങ്ങളിൽ മാറ്റങ്ങളുണ്ടാക്കും.

ഇതു സസ്യങ്ങളിൽ ഹോർമോൺ ഉൽപ്പാദനത്തിനു കാരണമാകും. ഒക്ടോബർ തുടക്കത്തിൽ മഴ നന്നായി പെയ്തെങ്കിലും അതിനെ അതിജീവിച്ച പൂക്കളാണ് ഇപ്പോൾ ഫലങ്ങളായി മാറുന്നത്. ഡിസംബറെത്തും മുൻപേ ഫലങ്ങൾ നിറഞ്ഞ മരങ്ങൾ കൗതുകക്കാഴ്ചയാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സസ്യങ്ങളെ സ്വാധീനിക്കുന്നതിനെക്കുറിച്ച് കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ അനിവാര്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.