ഉച്ചയൂണിന് ഇനി വിഷമില്ലാത്ത പച്ചക്കറി

മീനടം ∙ ചീരംകുളം ഗവ. യുപി സ്കൂളിലെ കൂട്ടുകാർക്ക് ഉച്ചയൂണിന് ഇനി വിഷമില്ലാത്ത പച്ചക്കറി. സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി കാർഷിക ക്ലബ് നടത്തിയ വിളവെടുപ്പ് വിദ്യാർഥികൾ ആഘോഷമാക്കി. സ്കൂൾ മുറ്റത്ത് ഗ്രോബാഗിലുൾപ്പെടെ നട്ട പച്ചക്കറികളാണു വിളവെടുത്തത്. കൃഷി പരിപാലനവും വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു.

പച്ചക്കറി കൃഷിയിലൂടെ വിദ്യാർഥികൾക്കു കാർഷിക സംസ്ക്കാരത്തിന്റെ പാഠങ്ങളും പകർന്നു നൽകാനായെന്നു നല്ലപാഠം കോർഡിനേറ്റർ കൂടിയായ ഹെഡ്മാസ്റ്റർ എം.സി. സ്കറിയ പറഞ്ഞു. വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിന്ധു കൃഷ്ണ അധ്യക്ഷത വഹിച്ചു. വികസനകാര്യ അധ്യക്ഷ ലാലി ജേക്കബ്, കൃഷി ആഫീസർ ആർ. ജയശ്രീ എന്നിവർ പ്രസംഗിച്ചു.