പുഞ്ചക്കൃഷി: സ്ത്രീ തൊഴിലാളികൾക്കു ക്ഷാമം

കുമരകം ∙ പുഞ്ചക്കൃഷിക്ക് നടീൽ നടത്താൻ സ്ത്രീ തൊഴിലാളികളെ കിട്ടാതെ കർഷകർ വലയുന്നു. നെൽക്കൃഷി മേഖലയിൽ 13,000 ത്തിലേറെ പേർക്കു കർഷകർ ക്ഷേമനിധി അടയ്ക്കുമ്പോഴാണു കൃഷിപ്പണിക്കു തൊഴിലാളികളെ കിട്ടാതെ പ്രതിസന്ധിയിലായിരിക്കുന്നത്. അപ്പർ കുട്ടനാടൻ മേഖലയിൽ 15,000 ഹെക്ടർ സ്ഥലത്തു പുഞ്ചക്കൃഷിയിറക്കിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്യാൻ 1000 തൊഴിലാളികളിൽ താഴെ മാത്രമേ ഇപ്പോഴുള്ളൂ.

തൊഴിലാളികളിൽ ഭൂരിഭാഗം പേരും തൊഴിലുറപ്പ് ജോലിക്കു പോകുന്നതും പ്രതിസന്ധി കൂട്ടി. കൂടാതെ പാടശേഖരങ്ങളെല്ലാം ഒരു പോലെ വിത നടത്തിയതിനാൽ കള പറിക്കലും നടീലും ഒന്നിച്ചായതും തൊഴിലാളി ക്ഷാമം കൂട്ടി. വരും നാളുകളിൽ നെൽക്കൃഷി ജോലിക്കു തൊഴിലാളികളെ തീർത്തും കിട്ടാത്ത അവസ്ഥയാകുമെന്നു കർഷകർ പറയുന്നു. ഒരേക്കർ പാടത്തു കള പറിക്കലിനും നടീലിനുമായി കുറഞ്ഞത് 10 തൊഴിലാളികളെങ്കിലും വേണ്ടി വരും.

രണ്ടും മൂന്നും ഏക്കറുള്ള കർഷകർക്ക് ഒരു തൊഴിലാളിയെ പോലും കിട്ടാത്ത അവസ്ഥയാണ്. തൊഴിലാളികളെ കിട്ടാത്തതിനാൽ കള പറയും നടീലും നടത്താതെയാണു മിക്ക കർഷകരുടെയും കൃഷി. ജോലിക്കെത്തുന്ന തൊഴിലാളിക്കു കൂലിയായി 450 രൂപയാണു നൽകുന്നത്. ഇവർക്കു യാത്രക്കൂലിയും ഭക്ഷണവും വേറെയും നൽകുന്നുണ്ട്. കൊയ്ത്തിനു തൊഴിലാളി ക്ഷാമം നേരിട്ടപ്പോൾ കൊയ്ത്ത് യന്ത്രം എത്തിയെങ്കിലും മറ്റു ജോലികൾക്കു യന്ത്രവൽക്കരണം നടപ്പായിട്ടില്ല.