കുളവാഴയിൽ നിന്ന് ഗാർഹിക–വ്യവസായ വസ്തുക്കൾ

വാഴക്കുല പൊതിഞ്ഞു സൂക്ഷിക്കാൻ കാർഷിക സർവകലാശാല വികസിപ്പിച്ച ഉപകരണം മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ ∙ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കൃഷിമേളയിൽ കുളവാഴയുടെ വിവിധ സാധ്യതകളുമായി ഇക്കോലൂപ്പ് 360 സ്റ്റാർട്ടപ്പ് സംരംഭം. തിരുവനന്തപുരം ബാർട്ടൻഹിൽ എൻജിനീയറിങ് കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കായലുകളിൽ സുലഭമായി കാണുന്ന പോള അല്ലെങ്കിൽ കുളവാഴയെ ഗാർഹിക–വ്യവസായ വസ്തുക്കളാക്കിയാണ് മാറ്റുന്നത്. പാത്രങ്ങൾ, കരകൗശല വസ്തുക്കൾ, ജൈവ ഇന്ധനം, പേപ്പറുകൾ എന്നിങ്ങനെയാണ് പോളകൊണ്ടുള്ള വസ്തുക്കൾ.

കുളവാഴയിൽനിന്ന് വിവിധ വസ്തുക്കൾ നിർമിക്കുന്ന ഇക്കോലൂപ്പ് സ്റ്റാർട്ടപ്പ് സംഘം

ആലപ്പുഴ എസ്ഡി കോളജിലെ ഡോ.ജി.നാഗേന്ദ്രപ്രഭുവിന്റെ നേതൃത്വത്തിലുള്ള ജലവിഭവ കേന്ദ്രവുമായി ചേർന്നാണ് വസ്തുക്കളുടെ നിർമാണം. കുള വാഴയുടെ ഇലകൾ, തണ്ടുകൾ, പൂക്കൾ, വേര് തുടങ്ങിവയാണ് ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റുന്നത്. കുളവാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിച്ചു തയാറാക്കുന്ന ജൈവ ഇന്ധനം വീടുകളിൽ പാചകത്തിനുപയോഗിക്കാം. 

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാതകങ്ങൾ ഈ ഇന്ധനം പുറന്തള്ളുന്നില്ലെന്നതാണ് പ്രത്യേകത. എംടെക് ബിരുദധാരികളായ ഗ്രീഷ്മ, ആർദ്ര, അഭിജിത് എന്നിവരാണ് ഈ സ്റ്റാർട്ടപ്പിനു പിന്നിൽ. പ്രകൃതിക്ക് യോജ്യമായ വസ്തുക്കളുപയോഗിച്ച് നിർമിക്കുന്ന സ്മാർട്ട്‌ കാത്തിരിപ്പ് കേന്ദ്രങ്ങളും സംരംഭകരുടെ പ്രത്യേകതയാണ്. സംസ്ഥാന സർക്കാരുമായി ചേർന്ന് കേരളത്തിലെ കായലുകളുടെ പുനരുദ്ധാരണത്തിനുള്ള തയാറെടുപ്പിലാണ് ഇക്കോലൂപ്പ് സംരംഭകർ.

പൊതിയും,30 വാഴക്കുല ഒരു മണിക്കൂറിൽ

കീടങ്ങളുടെയും പക്ഷികളുടെയും ആക്രമണത്തിൽനിന്ന് വാഴക്കുലയെ സംരക്ഷിക്കാൻ പുതിയ ഉപകരണവുമായി കാർഷിക സർവകലാശാല. കർഷകർക്കിടയിൽ പ്രചാരത്തിലുള്ള വാഴക്കുല പൊതിഞ്ഞു കെട്ടി സൂക്ഷിക്കുക എന്ന ആശയം തന്നെയാണ് സർവകലാശാലയും വികസിപ്പിച്ചത്. 

കാർഷിക യന്ത്രോപകരണ ഗവേഷണ പദ്ധതിയിലെ ഡോ.ഷാജി ജയിംസ്, ശിവജി, എ.യൂനസ് എന്നിവർ ചേർന്ന് തയാറാക്കിയ തോട്ടി പോലെയുള്ള ഉപകരണം വഴി ഏണിയുടെ സഹായമില്ലാതെ മണിക്കൂറിൽ 30 വാഴക്കുലകൾ വരെ പൊതിഞ്ഞുകെട്ടാൻ കഴിയും. കൈകൊണ്ട് ഉപയോഗിക്കാവുന്ന ഉപകരണം വാഴയുടെ ഉയരം അനുസരിച്ച് ക്രമീകരിക്കാം. ഉപകരണത്തിന്റെ സാങ്കേതികവിദ്യ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷനൽ കൗൺസിലിന് കൈമാറി.