രാജ്യാന്തര റബർ ക്ലോൺ മ്യൂസിയം തുറന്നു

റബർ ബോർഡിന്റെ ഗവേഷണ സ്ഥാപനമായ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഡ്വാൻസ്‌ഡ് സെന്റർ ഫോർ മോളിക്കുലർ ബയോളജി ആൻഡ് ബയോടെക്‌നോളജി സെന്ററും രാജ്യാന്തര റബർ ക്ലോൺ മ്യൂസിയവും ഉദ്ഘാടനം ചെയ്യാൻ എത്തിയ കേന്ദ്ര വാണിജ്യ സെക്രട്ടറി റീത്താ തിയോത്തിയ റബർതൈ നോക്കി വിലയിരുത്തുന്നു. റിസർച് ഡയറക്ടർ ഡോ. ജയിംസ് ജേക്കബ്, കോട്ടയം റബർബോർഡ് സെക്രട്ടറി എൻ. രാജഗോപാൽ, എക്സിക്യൂട്ടിവ് ഡയറക്ടർ എ. അജിത്കുമാർ എന്നിവർ സമീപം. ചിത്രം: മനോരമ

റബർ ഗവേഷണത്തിലുണ്ടാകുന്ന കണ്ടുപിടിത്തങ്ങൾ പ്രവൃത്തിയിൽ കൊണ്ടുവരുന്നതിനുള്ള കാലതാമസം കുറയ്ക്കണമെന്നു കേന്ദ്ര വാണിജ്യ സെക്രട്ടറി റീത്താ തിയോത്തിയ.

റബർ ബോർഡിന്റെ ഗവേഷണ സ്ഥാപനമായ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ബ്ലോക്കിൽ അഡ്വാൻസ്‌ഡ് സെന്റർ ഫോർ മോളിക്കുലർ ബയോളജി ആൻഡ് ബയോടെക്‌നോളജി സെന്ററും രാജ്യാന്തര റബർ ക്ലോൺ മ്യൂസിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഒരു കാലത്തു റബർ കയറ്റുമതിയിൽ വൻശക്തിയായിരുന്ന ഇന്ത്യ ഇന്ന് ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലാണെന്നും അവർ പറഞ്ഞു കോട്ടയം റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ എ. അജിത്കുമാർ, സെക്രട്ടറി എൻ. രാജഗോപാൽ, റിസർച് ഡയറക്ടർ ഡോ. ജയിംസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരായ സഞ്ജയ് ചദ്ദ, ദമ്മു രവി, ബി. പ്രവീൺ എന്നിവർ റീത്തയുടെ സംഘത്തിലുണ്ടായിരുന്നു.

പുതിയ സെന്ററിന്റെ പ്രത്യേകതകൾ

∙വാണിജ്യ പ്രാധാന്യമുള്ള ജീനുകളുപയോഗിച്ച് ജെനിറ്റിക്കലി മോഡിഫൈഡ് (ജി.എം.) റബർ ഉൽപാദിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കും. പുറമെ ജീനോമിക്സ്, ബയോ ഇൻഫോർമാറ്റിക്സ്, മോളിക്കുലർ ഫിസിയോളജി, മോളിക്കുലർ പതോളജി എന്നിവയിലും പഠനങ്ങൾ.

∙ റബറിന്റെ ജനിതക ഘടന വിശകലനം ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടാകും. ഉയർന്ന ഉൽപാദനം, കൂടിയ വളർച്ച, കൂടിയ തടിയുൽപാദനം, രോഗപ്രതിരോധം, കാലാവസ്ഥ മൂലമുള്ള പ്രശ്‌നങ്ങൾ കുറയ്ക്കുക തുടങ്ങിയവ മുൻനിർത്തി പഠനങ്ങൾ നടക്കും.

∙ റബറിന്റെ പുതിയ ക്ലോണുകൾ നടീലിനായി ശുപാർശ ചെയ്യണമെങ്കിൽ 23 വർഷത്തിലധികം നീണ്ട പരീക്ഷണങ്ങൾ ആവശ്യമാണ്. ഈ കാലയളവ് 10 വർഷമാക്കി കുറയ്ക്കാൻ സെന്റർ ലക്ഷ്യമിടുന്നു.

രാജ്യാന്തര ഹീവിയ ക്ലോൺ മ്യൂസിയം റബറിന്റെ ജനിതക ക്ലോണുകളെ സൂക്ഷിക്കും. റബർ ക്ലോൺ കൈമാറ്റ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കംബോഡിയ, ചൈന, ഐവറികോസ്റ്റ്, ഘാന, ഇന്തൊനീഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നായി അത്യുൽപാദനശേഷിയുള്ള 44 റബറിനങ്ങൾ ഇന്ത്യയ്ക്കു ലഭിച്ചിട്ടുണ്ട്. ഇവയും മ്യൂസിയത്തിലുണ്ട്.