ചക്ക സംസ്കരണം

ചക്കയുടെ പ്രധാന വിപണി അന്യസംസ്ഥാനങ്ങളാണ്. ഇതറിഞ്ഞു വിപണനം നടത്താൻ പരിശ്രമിക്കണം. കൂടാതെ മൂല്യവർധിത ഉൽപന്നങ്ങളായി നാട്ടിലും മറുനാട്ടിലും വിറ്റഴിക്കാനും സംഘടിത ശ്രമം ഉണ്ടായാൽ പ്ലാവുകൊണ്ടു പണം കൊയ്യാനാകും. ഇന്നത്തെമാതിരി ചക്ക പാഴാക്കി കളയേണ്ടിയും വരില്ല.

ചക്ക പച്ചക്കറിയെന്നതുപോലെ പഴവുമാണ്. കൊത്തച്ചക്കപ്പരുവത്തിൽത്തന്നെ കറിയാക്കി തുടങ്ങാം. വിളഞ്ഞാൽ പുറംമടൽ ഒഴിച്ചു മറ്റെല്ലാ ഭാഗങ്ങളും ചുള, കുരു, കൂഞ്ഞ് എന്നിവയെല്ലാം കറിവയ്ക്കാൻ ഉപയോഗിക്കാം. കൂടാതെ ഉപ്പേരിയാക്കിയും വിൽക്കാം.

ചക്കപ്പഴവും സംസ്കരിച്ചു കേടാകാതെ സൂക്ഷിക്കുന്നതിനു പണ്ടുമുതൽക്കേ നമ്മുടെ വീട്ടമ്മമാർക്കു കഴിഞ്ഞിരുന്നു. ചക്കവരട്ടികൊണ്ട് ഉണ്ടാക്കുന്ന പായസവും പലഹാരങ്ങളും പ്രസിദ്ധമാണ്. ചക്ക വരട്ടിയതു കേടാകാതെ ഒരു വർഷംവരെ സൂക്ഷിക്കാം. ചക്കക്കുരുവിന്റെ സ്ഥിതിയും ഇതുതന്നെ.

പ്ലാവിലയും ചക്കയുടെ അവശിഷ്ടങ്ങളും ആടുകൾക്കു തീറ്റയാണ്. പ്ലാവിൻതടിക്കു മികച്ച വില കിട്ടുന്നുണ്ട്. കുരുമുളകിനു താങ്ങുവൃക്ഷമാക്കാനും പ്ലാവു കൊള്ളാം. നമ്മുടെ നാട്ടിൽ കുടുംബശ്രീ യൂണിറ്റുകളും മറ്റും മുഖേന ചക്കയിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി വിൽപന നടത്താനായാൽ പ്ലാവു പണം കായ്ക്കുന്ന മരം തന്നെ.