ഞണ്ടുപെട്ടി പണപ്പെട്ടി

സ്വയം രൂപകൽപന ചെയ്ത ഞണ്ടുപെട്ടികൾക്കു സമീപം ജോർജ് ജെയിംസ്

കെട്ടിടം നിർമിക്കാതെ, വാടക നൽകാതെ സ്വന്തമായൊരു ഐട‌ി ബിസിനസ് നടത്തുന്ന വൈക്കം പെരിങ്ങ‍ാട്ടുപ്ലാവിൽ ജോർജിന്റെ ചിന്തകളെ ഞണ്ടിറുക്കിത്തുടങ്ങിയിട്ടു നാലു വർ‌ഷമേ ആയിട്ടുള്ളൂ. വീട്ടിലിരുന്ന് ഡോളറുകൾ സമ്പാദിക്കുകയും മറ്റുള്ളവർക്ക് അതിനുള്ള അവസരമൊരുക്കുകയും ചെയ്യുമ്പോഴും ഐടി രംഗത്തെ അസ്ഥിരത അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. ദീർഘകാലം നിലനിൽക്കുന്നതും സ്വന്തം മുദ്ര പതിഞ്ഞതുമായ പുതുസംരംഭത്തിനായുള്ള അന്വേഷണം ഈ യുവാവിനെ എത്തിച്ചത് ഞണ്ടുകൃഷിയിൽ. സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിൽ സാങ്കേതികവിദഗ്ധയായ ഭാര്യ ദിവ്യയാണ് ഞണ്ട് തോടിനുള്ളിൽ ഡോളറുണ്ടെന്നു ചൂണ്ടിക്കാണിച്ചത്. എന്നാൽ അതോടൊപ്പം ആവശ്യാനുസരണം ഞണ്ടുകളെ കിട്ടുന്നതിലുള്ള പ്രയാസങ്ങൾ ഈ രംഗത്തെ സംരംഭകരുടെ തലവേദനയാണെന്നും തിരിച്ചറിഞ്ഞു. വലിയ കുളങ്ങളിൽ ഞണ്ടിന്റെ പരിപാലനവും സുരക്ഷയും ഉറപ്പാക്കാനുള്ള തടസ്സങ്ങൾതന്നെയായിരുന്നു കാരണം. വിവിധ സംരംഭങ്ങളുടെ അടിസ്ഥാനപ്രവർത്തനം കൃത്യമായി മനസ്സിലാക്കി സോഫ്റ്റ്‌വെയർ സൊലൂഷനുകൾ തയാറാക്കിയിരുന്ന ജോർ‍ജിനു ഞണ്ടുകൃഷിയിലും സമഗ്രമാറ്റത്തിനുള്ള സാധ്യത വ്യക്തമായി.

വായിക്കാം ഇ - കർഷകശ്രീ

വാതിൽപ്പുറങ്ങളിൽനിന്നു മേൽക്കൂരയുടെ കീഴിലേക്കു ഞണ്ടുകൊഴുപ്പിക്കൽ മാറ്റുന്നതിനുള്ള ശ്രമമായിരുന്നു പിന്നെ. നാലു വർഷം നീണ്ട കഠിനാധ്വാനം. കേട്ടവരെല്ലാം നിരുത്സാഹപ്പെടുത്തി. വീട്ടുകാരും വിദഗ്ധരും സംരംഭകരും അരുതെന്നു പറഞ്ഞപ്പോഴും ശ്രമിച്ചുനോക്കാമെന്നു പറഞ്ഞു കൂടെ നിന്നത് ഭാര്യ മാത്രമായിരുന്നെന്നു ജോർജ് പറയുന്നു. പരസ്പരം പിടിച്ചുതിന്നുന്ന ഞണ്ടുകളെ പെട്ടികൾക്കുള്ളിലാക്കി ഏകാന്ത തടവിൽ തീറ്റ നൽകി വളർത്തുകയായിരുന്നു ലക്ഷ്യം. അതേസമയം അവയ്ക്കു വളരാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുകയും വേണം. ഉപ്പുവെള്ളമായിരുന്നു ആദ്യവെല്ലുവിളി. പെട്ടിക്കുള്ളിൽ നിറയ്ക്കാനാവശ്യമായ ഉപ്പുവെള്ളം കണ്ടെത്തണം. വൈക്കം കായലിലെ വെള്ളത്തിന് ഉപ്പുണ്ട്. എന്നാൽ ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ്. കടപ്പുറത്ത് ടാങ്കർ ലോറിയുമായി ചെന്ന് പണിപ്പെട്ടാണ് ഉപ്പുവെള്ളം വീട്ടിലെത്തിച്ചത്.

പെട്ടിയുടെ രൂപകൽപനയും ഏറെ സങ്കീർണമായിരുന്നു. ഓരോ യൂണിറ്റിനും വേണ്ട ഉപ്പുവെള്ളം എത്തിക്കുന്നതിനും തിരികെ ഫിൽറ്ററിലേക്ക് കൊണ്ടുപോകുന്നതിനും മാലിന്യങ്ങൾ പുറന്തള്ളുന്നതിനുമൊക്കെ പര്യാപ്തമായ അകത്തള (ഇൻഡോർ) യൂണിറ്റായിരുന്നു ലക്ഷ്യം. പല തരം പ്ലാസ്റ്റിക് പെട്ടികളും കുഴലുകളുമൊക്കെ ചേർത്ത് വിവിധ മാതൃകകൾ സ്വയം നിർമിച്ച് പരീക്ഷണം നടത്തി. ഞണ്ടിനെക്കുറിച്ചും കൃഷിരീതിയെക്കുറിച്ചുമൊക്കെ പറഞ്ഞുതരാൻ സന്നദ്ധതയും അറിവുമുള്ളവർ ചുരുക്കം. ഗൂഗിൾ തുണയ്ക്കെത്തിയതിനാൽ വിദേശത്തുനിന്നുള്ള ഒട്ടേറെ ഗവേഷണഫലങ്ങളും അറിവുകളും കിട്ടാതിരുന്നില്ല. വിദേശരാജ്യങ്ങളുമായി ദിവസേന ഇടപെടുന്ന ഐടി ബിസിനസിനിടെയായിരുന്നു ഊ പരീക്ഷണങ്ങൾ.

ഞണ്ടുകൊഴുപ്പിക്കൽ പെട്ടി

ഏറ്റവും വലിയ വെല്ലുവിളിയും അധ്വാനവും ജലശുദ്ധ‍ീകരണമായിരുന്നു. കടൽവെള്ളം സ്ഥിരമായി ലോറിയിലെത്തിക്കുക പ്രായോഗികമല്ല‍ാത്തതിനാൽ‌ ലഭ്യമായ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുകയേ നിവൃത്തിയുള്ളെന്നുവന്നു. അക്വാകൾച്ചർ മേഖലയിൽ നിലവിലുള്ള ഫിൽറ്ററുകളൊന്നും ജോർജിന്റെ ആശയങ്ങൾക്കനുസരിച്ചായിരുന്നില്ല. വെള്ളത്തിലെ അമോണിയം നീക്കം ചെയ്യുന്ന സംവിധാനം രൂപപ്പെടുത്തിയതാണ് ഈ ഗവേഷണ തപസ്യയിലെ യഥാർഥ വിജയമെന്നു ജോർജ്. മലിനമായ ജലത്തിൽ ചെറുതും വലുതുമായ കുമിളകളുണ്ടാക്കി പ്രോട്ടീൻ മാലിന്യങ്ങൾ വേർതിരിക്കുന്ന സംവിധാനമാണ് അരിക്കൽ പ്രക്രിയയുടെ ആദ്യഘട്ടം. തുടർന്ന് എയ്റോബിക് ബാക്ടീരിയയുടെ സഹായത്തോടെ അമോണിയത്തെ അമോണിയം നൈട്രൈറ്റായും തുടർന്ന് അനെയ്റോബിക് ബാക്ട‍ീരിയയെ ഉപയോഗിച്ച് അമോണിയം നൈട്ര‍േറ്റായും മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. ഈ രണ്ടു ഘട്ടവുമുള്ള ഫിൽറ്ററുകളാണ് തന്റെ സംവിധാനത്തിന്റെ വിജയരഹസ്യമെന്നു ജോർജ് ചൂണ്ടിക്കാട്ടി. പായലുകൾ (ആൽഗ) വളർത്തി അമോണിയം നൈട്രേറ്റിനെ ആഗിരണം ചെയ്യുന്നതോടെ വെള്ളം പൂർണമായി ശുദ്ധിയാകുന്നു. പായ‍ലുകൾക്ക് പകരം അക്വാപോണിക്സ് രീതിയിൽ പച്ചക്കറികൾ വളർ‌ത്തിയും അമോണിയം നൈട്രേറ്റിനെ നീക്കം ചെയ്യാമെന്ന് ജോർജ് ച‍ൂണ്ടിക്കാട്ടി. അമോണിയം നൈട്രേറ്റ് നീക്കംചെയ്ത വെള്ളം കാർബൺ ഫിൽറ്ററിലൂടെയും അൾട്രാ വയലറ്റ് ഫിൽറ്ററിലൂടെയും കടത്തിവിട്ടശേഷമാണ് വീണ്ടും ഞണ്ടുപെട്ടികളിലെത്തിക്കുക. വിഷാംശമില്ലാത്തതും പ്രാണവായുസമ്പന്നവും അണുബാധയില്ലാത്തതുമായ വെള്ളത്തിൽ ഞണ്ടുകളുടെ തൂക്കവും നിലവാരവും കൂടുമെന്ന് ജോർജ് ചൂണ്ടിക്കാട്ടി.

വെർട്ടിക്കൽ ഫാം എന്ന പേരിൽ പരിമിതമായ സ്ഥലത്ത് പെട്ടികളടുക്കി ഞണ്ട് വളർത്തുന്ന രീതി ചൈനയിലും മറ്റ് വിദേശരാജ്യങ്ങളിലുമുണ്ട്. എന്നാൽ മറ്റേതെങ്കിലും സ്രോതസിൽനിന്നുള്ള ജലം സ്ഥിരമായി നൽകിയാണ് അവ പ്രവർത്തിക്കുന്നത്. സംഭരണിയിലെ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ വെർട്ടിക്കൽ ക്ര‍ാബ് ഫാറ്റനിങ് സംവിധാനമായിരിക്കും ഇതെന്നു ജോർജ് പറഞ്ഞു. തീരെ കുറച്ചു സ്ഥലം മതിയെന്നതും മോഷണം, മലിനീകരണം എന്നിവ തടയുമെന്നതും ഈ സംവിധാനത്തിന്റെ മേന്മയാണ്. ശുദ്ധീകരിച്ച ജലത്തിൽ വളരുന്ന ഞണ്ടിന് ആരോഗ്യവും ശുചിത്വവും കൂടുതലുണ്ടെന്നതിനാൽ മികച്ച വിലയും കിട്ട‍ും.

നൂറ് പെട്ടികളുടെ പൈലറ്റ് പദ്ധതിയായി പ്രവർത്തനമാരംഭിച്ച ഈ സംവിധാനം ആയിരം പെട്ടികളുടെ വാണിജ്യസംരംഭമായി വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം. അതോടൊപ്പം കുറഞ്ഞ സമയത്തിനുള്ളിൽ പെട്ടികൾ വൃത്തിയാക്കാവുന്ന സംവിധാനവും ഏർപ്പെടുത്തും.

ബൃഹത്തായ കയറ്റുമതി വിപണിയുള്ള ഞണ്ടുകൃഷിയിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് ജോർജ് പ്രതീക്ഷിക്കുന്നത്. ഏഴു ലക്ഷം രൂപയെങ്കിലും മുടക്കാൻ താൽപര്യമുള്ളവർക്ക് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം.

ഫോൺ– 8606175426