വിപ്ലവം, വിപണനം

ബെംഗളൂരുവിൽ നടന്ന ഓർഗാനിക്സ് ആൻഡ് മില്ലറ്റ്സ് ദേശീയ വിപണനമേളയുടെ പ്രവേശനകവാടം വിവിധതരം ധാന്യങ്ങൾ കൊണ്ട് അലങ്കരിച്ചപ്പോൾ.

ജൈവകൃഷിയും ജൈവോൽപന്നങ്ങളും പത്തുവർഷം മുൻപുവരെ ചെറിയ വിഭാഗത്തിനു മാത്രം പരിചിതമായ കാര്യമായിരുന്നു. ഇപ്പോഴിത് ബെംഗളൂരുവിൽ കോടികളുടെ വിപണനം നടക്കുന്ന വ്യവസായമായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലുത് ഉൾപ്പെടെ നൂറോളം ഓർഗാനിക് സ്റ്റോറുകൾ, ജൈവ ഭക്ഷണം മാത്രം വിളമ്പുന്ന ഹോട്ടലുകൾ, ഫോണിൽ ഓർഡർ ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെത്തുന്ന ജൈവ ഉൽപന്നങ്ങൾ എന്നിങ്ങനെ നഗരവാസികളുടെ ഭക്ഷണശൈലി അടിമുടി മാറ്റാൻ ഈ ജൈവ വിപ്ലവത്തിനു സാധിച്ചു. കണ്ണൂർ ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ജൈവ പച്ചക്കറികളും പലചരക്കുകളും ബെംഗളൂരുവിലെ ഓർഗാനിക് സ്റ്റോറുകൾ വഴി ചൂടപ്പം പോലെ വിൽക്കുന്നു. പാട്ടത്തിനെടുത്ത ഭൂമി പാകപ്പെടുത്തി സ്വന്തമായി ജൈവകൃഷി നടത്തുന്ന മലയാളികളുമേറെ. വർഷങ്ങൾകൊണ്ട് ബെംഗളൂരുവിലെ ഭക്ഷണശൈലിയിലുണ്ടായ മാറ്റത്തെ ഇവരും കൗതുകത്തോടെയാണു നോക്കിക്കാണുന്നത്.

ഓർഗാനിക്സ് ആൻഡ് മില്ലറ്റ്സ് ദേശീയ വിപണനമേള സന്ദർശിക്കാനെത്തിയവർ.

ആക്ടിവിസം പോലെയാണു ബെംഗളൂരുവിൽ‌ ജൈവകൃഷി ഉദയം ചെയ്തതെന്ന് ഒരു പതിറ്റാണ്ടിലേറെയായി ജൈവകൃഷിയിൽ വ്യാപൃതനായ മഞ്ജുനാഥ് പറയുന്നു. അമേരിക്കൻ കമ്പനിയിലെ നല്ല ശമ്പളമുള്ള ജോലി രാജിവച്ചാണ് മഞ്ജുനാഥ് ജൈവകൃഷിക്കിറങ്ങിയത്. ബെംഗളൂരുവിൽ ലൂമിയെർ എന്ന പേരിൽ ഓർഗാനിക് ഹോട്ടലും ഓർഗാനിക് സ്റ്റോറും തുടങ്ങുമ്പോൾ സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ ഇതേക്കുറിച്ചു ധാരണ ഉണ്ടായിരുന്നുള്ളു. എന്നാലിപ്പോൾ ജൈവോൽപന്നങ്ങൾക്കു വൻപ്രചാരമാണു ലഭിക്കുന്നത്. വിഷമില്ലാത്ത ഭക്ഷണം കഴിക്കുക എന്നതു മാത്രമാണ് ഇതിന്റെ അടിസ്ഥാനം എന്നൊരു പൊതുധാരണ വളർന്നിട്ടുണ്ട്. എന്നാൽ‌ ഭാവി തലമുറയ്ക്കും ഭൂമിയിലെ സുന്ദര ജീവിതം ആസ്വദിക്കുന്നതിനായി മണ്ണും വായുവും ജലവുമെല്ലാം ശുദ്ധമായി നിലനിർത്തുക എന്ന വലിയ ലക്ഷ്യം പലരും തിരിച്ചറിയുന്നില്ല. പണമുണ്ടാക്കാനുള്ള മാർഗമാണിതെന്നതാണു മറ്റൊരു പ്രചാരണം. കീടനാശിനിയുടെ അംശം തീരെയില്ലാതെ വയൽ ഒരുക്കിയെടുക്കുന്നതിനുള്ള ചെലവ്, ഉൽപന്നങ്ങളുടെ ദൗർലഭ്യം എന്നിങ്ങനെ പല കാരണങ്ങളാലാണു ജൈവ ഉൽപന്നങ്ങൾക്കു വിലകൂടുന്നത്. ഭാവിയിൽ മണ്ണിന്റെ സ്വഭാവം മാറുകയും കൃഷിക്കാവശ്യമായ സാങ്കേതിക സംവിധാനങ്ങൾ വികസിക്കുകയും ചെയ്യുന്നതോടെ വില സാധാരണമാകുമെന്നും മഞ്ജുനാഥ് പറയുന്നു.

കർണാടക ജൈവ, ധാന്യ ഉൽപന്നങ്ങളുടെ ബ്രാൻഡിങ് ലോഗോ- ശ്രേഷ്ഠ കർണാടക, സിരി കർണാടക.

കർഷകർക്കു ജൈവകൃഷിയിൽ പരിശീലനം നൽകി, ഇവരുടെ ജൈവോൽപന്നങ്ങളുടെ ബെംഗളൂരുവിലെ സ്റ്റോറുകൾ വഴി വിൽപന നടത്തുന്ന മലയാളി ദമ്പതികളും ബെംഗളൂരുവിലുണ്ട്. വിഷമില്ലാത്ത പച്ചക്കറികളോടും മറ്റുൽപന്നങ്ങളോടും ബെംഗളൂരു വാസികൾക്കു പ്രിയം ഏറിയിട്ടുണ്ടെന്നു കമ്മനഹള്ളിയിൽ ജൈവോൽപന്ന സ്റ്റോർ നടത്തുന്ന പ്രമോദും ലിൻസിയും പറയുന്നു. തുടക്ക ദിവസങ്ങളിൽ 30–40 പേരെ ജൈവോൽപന്നങ്ങൾ വാങ്ങാനെത്തിയിരുന്നുള്ളൂ. ഇപ്പോഴിത് ഇരുനൂറോളമായി. പ്രകൃതി എന്ന സന്നദ്ധസംഘടന രൂപീകരിച്ചാണു കർണാടകയിലെ കർഷകർക്കു ജൈവകൃഷിയിൽ പരിശീലനം നൽകിയത്. തങ്ങൾതന്നെ പരിശീലിപ്പിച്ചെടുത്ത കർഷകരുടെ ജൈവപച്ചക്കറികളും പലചരക്കുകളും നേരിട്ടുശേഖരിച്ച് കടയിൽഎത്തിക്കുന്നു. ഇടനിലക്കാരില്ലാത്തതിനാൽ കർഷകർക്കും ലാഭം.

ജൈവോൽപന്നങ്ങൾക്കു വിലകൂടാനുള്ള കാരണങ്ങൾ പലതാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. മറ്റു കൃഷിയെ അപേക്ഷിച്ച് പരിചരണം വളരെ കൂടുതൽ വേണം. ഉദാഹരണത്തിനു സാധാരണ കൃഷിയിടത്തിൽ രാസവളം അടിച്ചാൽ പിന്നെ കള, കീടങ്ങളെക്കുറിച്ചു വേവലാതി വേണ്ട. ജൈവതോട്ടത്തിൽ ആളുകളെ ജോലിക്കു നിർത്തിയാണു കള പറിക്കുന്നത്. ബെംഗളൂരുവിൽ വിൽക്കാനുള്ള പല ജൈവ ഉൽപന്നങ്ങളും വളരെ ദൂരെ നിന്നാണ് എത്തിക്കുന്നത്. കേരളം, തമിഴ്നാട് ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ വളരെ കുറഞ്ഞ തോതിൽ കൃഷിചെയ്യുന്ന ഉൽപന്നങ്ങൾ ബെംഗളൂരുവിൽ എത്തിക്കുമ്പോൾ ചെലവുകൂടും. ജൈവ കൃഷിഭൂമി സർട്ടിഫൈ ചെയ്യാനും ലക്ഷക്കണക്കിനു രൂപ വേണ്ടിവരും.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഓർഗാനിക് വ്യവസായത്തിലും ചില കള്ളനാണയങ്ങളുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പറയുന്നു. ബെംഗളൂരുവിൽ ഓർഗാനിക് സ്റ്റോറുകളുടെ എണ്ണം കൂടുന്നതനുസരിച്ച് പലതും പൂട്ടിപ്പോകുന്നുമുണ്ട്. ഡിമാൻഡ് ഉണ്ടെങ്കിലും ‘ഇതൊക്കെ ഓർഗാനിക് ആണോ’ എന്ന സംശയം പലർക്കുമുണ്ട്.