എംപിഐയിൽ പുതിയ പ്ലാന്റ്

മാംസോൽപാദന, വിപണന രംഗത്തു പ്രവർത്തിക്കുന്ന സംസ്ഥാന  പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെറുതല്ലാത്ത ഒരു വിപ്ലവത്തിനു കൂടി തയാറെടുക്കുകയാണ്. ദിവസം 200 വീതം മാടുകളെയും പന്നികളെയും കശാപ്പു ചെയ്തു സംസ്കരിച്ചു മാംസോൽപന്നമാക്കുന്നതിനുള്ള പ്ലാന്റ് 27ന് കൂത്താട്ടുകുളം ഇടയാറിൽ കമ്മിഷൻ ചെയ്യുന്നതോടെ ഇതിനു തുടക്കമാകും.

മാടുകളെയും പന്നികളെയും സംസ്ഥാനത്തു നിന്നു തന്നെ കണ്ടെത്താനുള്ള പദ്ധതിക്കു കൂടിയാണ് പ്ലാന്റിനൊപ്പം ആരംഭിക്കുന്നത്. ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും ഏതാണ്ട് 3,000 കർഷകർക്കു ഗുണം ലഭിക്കുമെന്നാണു പ്രതീക്ഷ. പുതിയ പ്ലാന്റിന്റെ വരവോടെ, മൂല്യവർധിത ഉൽപന്നങ്ങളുടെ വൻ കയറ്റുമതി സാധ്യതയും എംപിഐ ലക്ഷ്യം വയ്ക്കുന്നു.

നിലവിൽ എംപിഐയിൽ മാടുകളുടെ കശാപ്പ് ഇല്ല. സംസ്കരണം മാത്രമാണു നടക്കുന്നത്. ദിവസം കുറഞ്ഞത് 40 പന്നികളുടെ കശാപ്പ് നടക്കുന്നുണ്ട്. 12 ടൺ മാട് മാംസവും 13 ടൺ പന്നി മാംസവും പ്രതിമാസം സംസ്കരിച്ച് വിവിധ ഉൽപന്നങ്ങളാക്കി മാറ്റുന്നു.

എന്നാൽ 31.02 കോടി രൂപ മുടക്കി സ്ഥാപിച്ചിരിക്കുന്ന പുതിയ പ്ലാന്റ് തുറക്കുന്നതോടെ വൻ കുതിച്ചുചാട്ടമാണു മാംസ സംസ്കരണ രംഗത്തുണ്ടാകാൻ പോകുന്നത്. പ്രതിദിനം 200 മാടുകളെ കശാപ്പുചെയ്ത് 22 ടൺ മാംസവും  200 പന്നികളെ കശാപ്പു ചെയ്ത് 28 ടൺ മാംസവും സംസ്കരിക്കാനാകും.

തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽ നിന്നുമൊക്കെയാണ് ഇപ്പോൾ മാടുകളെ എംപിഐയിൽ എത്തിക്കുന്നത്. പന്നിയാകട്ടെ, 25 ശതമാനം ടെൻഡർ മുഖേനെയും 25 ശതമാനം കർഷകരിൽനിന്നു നേരിട്ടുമാണ്.

ശേഷിക്കുന്ന 50 ശതമാനം കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർകെവിവൈ) എന്ന പദ്ധതി മുഖേനെ എംപിഐ സംഭരിക്കുകയാണ്. പന്നിക്കുഞ്ഞുങ്ങളെ സബ്സിഡി നിരക്കിൽ നൽകുകയും ഷെഡ്ഡും ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കാനുള്ള ധനസഹായം നൽകുകയും ചെയ്തശേഷം, ഇവയെ തിരികെ വില കൊടുത്തു വാങ്ങുന്നതാണു പദ്ധതി.

പുതിയ പ്ലാന്റ് വരുമ്പോൾ, ആർകെവിവൈ പദ്ധതിയിലുൾപ്പെടുത്തി മൂരിക്കുട്ടികളെ വളർത്താനുള്ള വഴിയാണ് എംപിഐ ആലോചിക്കുന്നത്. ഇതിനു പുറമേ, പട്ടികവർഗ വകുപ്പുമായി സഹകരിച്ച് ആദിവാസി ഊരുകളിൽ ഇവയെ വളർത്താനുള്ള സാധ്യതയും ആരായുന്നു.

ഇതുവഴി ഒട്ടേറെപ്പേർക്കു വരുമാനം ലഭിക്കുമെന്നും ആരോഗ്യമുള്ള മാടുകളെ മാംസത്തിനായി ലഭിക്കുമെന്നുമാണു പ്രതീക്ഷിക്കുന്നതെന്ന് എംപിഐ എംഡി ഡോ. എ.എസ്. ബിജുലാൽ പറഞ്ഞു. ചാലക്കുടിയിലെ 16 ഏക്കർ സ്ഥലത്ത് മൂരിക്കുഞ്ഞുങ്ങളെ വളർത്താനുള്ള പദ്ധതിയും ആലോചനയിലുണ്ട്.

ഡോ. എ.എസ്. ബിജുലാൽ

വിപണി വിപുലീകരിക്കുന്നു

പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനവും നിയന്ത്രണവും മൂലം ബീഫ് സംസ്കരണം പ്രതിസന്ധിയിലാണ്. ഇതു കേരളത്തിന്, പ്രത്യേകിച്ച് എംപിഐയ്ക്കു വലിയ സാധ്യതയാണെന്ന് ചെയർമാൻ ടി.പി. രമേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് കരുതുന്നു.

വൃത്തിയും ഗുണമേൻമയുമുള്ള ഉൽപന്നങ്ങളായതിനാലും സർക്കാർ നിയന്ത്രണമുള്ളതിനാലും വിശ്വാസ്യതയെക്കുറിച്ച് ചോദ്യമുയരില്ല. നിലവിൽ അഞ്ച് ഡയറക്ട് ഔട്ട്ലറ്റുകളും (തിരുവനന്തപുരം-രണ്ട്, കൊച്ചി-രണ്ട്, ഇടയാർ-ഒന്ന്) മുന്നൂറോളം ഫ്രാഞ്ചൈസികളുമാണുള്ളത്.

എല്ലാ ജില്ലകളിലും മൃഗസംരക്ഷണ വകുപ്പിന്റെ സ്വന്തം കെട്ടിടത്തിൽ പുതിയ ഡയറക്ട് ഔട്ട്ലറ്റുകൾ തുറക്കാനാണു തീരുമാനം. ഇതിനു പുറമേ, മൂല്യവർധിത ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.  മാട്, പന്നി, കോഴി, ആട് എന്നിവയുടെ മാംസത്തിൽനിന്ന് ഏതാണ്ട് 36 മൂല്യവർധിത ഉൽപന്നങ്ങൾ എംപിഐ നിർമിക്കുന്നുണ്ട്. ഇവയിൽ വിദേശത്തു പ്രിയമുള്ളവ കയറ്റുമതി ചെയ്യും.

വൃത്തിയും വേഗവും തരും പ്ലാന്റ്

വൃത്തിയും ഗുണമേൻമയുമാണ് എംപിഐ ഉൽപന്നങ്ങളുടെ പ്രത്യേകത. ഇവ സാക്ഷ്യപ്പെടുത്തുന്നതാണു പുതിയ ഹൈടെക് സ്ലോട്ടർ ആൻഡ് മീറ്റ് പ്രോസസിങ് പ്ലാന്റ്. ഓരോ ഘട്ടത്തിലും വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന നടക്കുമെന്ന് പ്ലാന്റിന്റെ ചുമതലയുള്ള ജനറൽ മാനേജർ ഡോ. സജി ഈശോ, പ്രൊഡക്‌ഷൻ എൻജിനീയർ ആൽബിൻ സി. ജോൺ എന്നിവർ പറഞ്ഞു.

ബയോഗ്യാസ് പ്ലാന്റ്, റെന്ററിങ് പ്ലാന്റ്, മലിനജല സംസ്കരണ പ്ലാന്റ്, ബയോമെത്തനേഷൻ പ്ലാന്റ് എന്നിവയുള്ളതിനാൽ മലിനീകരണ രഹിതം. പൂർണമായും യന്ത്രവൽകൃതമാണ് കശാപ്പും സംസ്കരണവും.

പത്തു ഘട്ടങ്ങളായി പ്ലാന്റിലെ പ്രവർത്തനം തരംതിരിക്കാം

∙ സ്റ്റണ്ണിങ് ബോക്സിലേക്ക് മാടിനെ കടത്തിയശേഷം നെറ്റിയിലെ സ്റ്റണ്ണർ പ്രയോഗത്തിലൂടെ മയക്കുന്നു.

∙ പ്ലാറ്റ്ഫോമിലേക്കെത്തുമ്പോൾ കഴുത്ത് മുറിക്കുന്നു.

∙ രക്തം വാർന്നു പോകാൻ കാലിൽ കൊളുത്തിട്ട് തലകീഴായി തൂക്കിയിടും

∙ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന റെയിലിലൂടെ കടത്തിവിടും

∙ കാലുകൾ മുറിച്ചശേഷം അടുത്ത റെയിലിലേക്ക്

∙ യന്ത്രത്തിൽ തൊലി ഉരിയലിനുശേഷം കഴുകി വൃത്തിയാക്കി അവശിഷ്ടങ്ങൾ ഒഴിവാക്കുന്നു

∙ റയിലിൽ കൂടിത്തന്നെ ചില്ലറിലേക്ക്-12 മണിക്കൂർ ചില്ലിങ്. ഇതിനായി രണ്ടു ചില്ലറുകൾ

∙ സംസ്കരണത്തിനായി പ്രത്യേകം ക്രമീകരിച്ച മേശപ്പുറത്തേക്ക്

∙ മാംസമായി വിൽക്കേണ്ടവ പാക്കിങ് ഏരിയയിലേക്ക്-ശേഷിക്കുന്നവ മൂല്യവർധിത ഉൽപന്നങ്ങളാക്കും

∙ പാക്ക് ചെയ്ത മാംസം കോൾഡ് സ്റ്റോറേജിലേക്ക്

എംപിഐയിൽ ഒരു മാസത്തെ ശരാശരി മാംസ വിൽപന

∙ കാള- 5000 കിലോഗ്രാം

∙ പോത്ത്- 6780 കിലോഗ്രാം

∙ ഇവയുടെ മൂല്യവർധിത ഉൽപന്നങ്ങൾ-1486.3 കിലോഗ്രാം

∙ ചിക്കൻ-22,436 കിലോഗ്രാം

∙ മൂല്യവർധിത ഉൽപന്നങ്ങൾ-1984 കിലോഗ്രാം

∙ താറാവ് 1010-കിലോഗ്രാം

∙ ആട്-278 കിലോഗ്രാം

∙ പന്നി-13,444 കിലോഗ്രാം

∙ മൂല്യവർധിത ഉൽപന്നങ്ങൾ-0.925 കിലോഗ്രാം

ശരാശരി 330 കിലോഗ്രാം തൂക്കമുള്ള ഒരു മാടിനെ അറുക്കുന്നതിലൂടെയുള്ള വരുമാനം

∙ മാംസം- 110 കിലോഗ്രാം. ലഭിക്കുക കിലോയ്ക്ക് 268 രൂപ വീതം

∙ എല്ല്- 70 കിലോഗ്രാം. ലഭിക്കുക കിലോയ്ക്ക് 45 രൂപ വീതം

∙ തൊലി- 1000-1500 രൂപ

∙ മൂല്യവർധിത ഉൽപന്നങ്ങൾ-ഓരോ ഇനത്തിനും പ്രത്യേക വില