കൂവ എന്ന കാവലാൾ

കൂവ

പാലാ അന്തീനാട് സ്വദേശി സന്തോഷ് പുതിയിടം കൂവക്കൃഷി തുടങ്ങിയിട്ട് ഇരുപത്തിമൂന്നു വർഷമെത്തുന്നു. അന്നു കൂവപ്പൊടിക്കു ലഭിച്ചിരുന്ന വില കിലോയ്ക്ക് 150 രൂപ. ഇന്നു വിൽക്കുന്നത് 800 രൂപയ്ക്ക്. ആയിരത്തിനും ആയിരത്തി ഇരുനൂറിനും വില്‍ക്കുന്നവരും കുറവല്ലെന്നു സന്തോഷ്. ഏതായാലും ഇക്കാലങ്ങൾക്കിടയിലൊന്നും കൂവപ്പൊടിയുടെ വിപണിവില കൂടിയതല്ലാതെ കുറഞ്ഞ ചരിത്രമില്ല. കൂവയുടെ ഔഷധമൂല്യത്തെക്കുറിച്ചാവട്ടെ ആളുകൾക്കിന്നു കൂടുതൽ അവബോധമുണ്ടുതാനും.

വായിക്കാം ഇ - കർഷകശ്രീ

ഒന്നരയേക്കറിൽ മഞ്ഞ, നീല കൂവ ഇനങ്ങൾ കൃഷിചെയ്താണു തുടക്കം. അന്ന് വിത്തു കൊണ്ടുവന്നതിലുണ്ടായിരുന്ന തട തിരഞ്ഞെടുത്ത് കൈകൊണ്ട് അരച്ചു പൊടിയാക്കി വിറ്റപ്പോൾ കിലോയ്ക്ക് 150 രൂപ ലഭിച്ചു. അതോടെ കൃഷി തുടർന്നു. കൂവ അരച്ചെടുക്കാനായി സന്തോഷ് സ്വന്തം നിലയ്ക്കു തന്നെ ചെറിയ യന്ത്രവും വികസിപ്പിച്ചു. മണിക്കൂറിൽ അമ്പതു കിലോ അരച്ചെടുക്കാവുന്ന യന്ത്രം.

പുതുമഴയ്ക്ക് വിത്തിട്ട് നവംബർ മുതൽ മേയ് വരെ നീളുന്ന വിളവെടുപ്പ്, അതാണു രീതി. വിത്തു നട്ടാൽ പിന്നെ പരിപാലനമൊന്നും ആവശ്യമില്ല. കിഴങ്ങിനു സാമാന്യം കയ്പുള്ളതിനാൽ എലിയുൾപ്പെടെ പതിവുശല്യക്കാർക്കു കൂവയോടു താൽപര്യമില്ല. പലരുടെയും കൃഷിയിടങ്ങളിൽ കൂവ താനേ മുളച്ചുയർന്ന് വളർന്നിരുന്നു മുമ്പ്. കുട്ടികൾക്കു കുറുക്കിക്കൊടുക്കാൻ ആവശ്യത്തിനുള്ളതു പറിച്ചെടുക്കും, അത്ര തന്നെ. അതിനു സമയമില്ലാത്തവരും നഗരങ്ങളിൽ താമസിക്കുന്നവരുമെല്ലാം അന്നു കൂവപ്പൊടി വാങ്ങിയിരുന്നു. അതുകൊണ്ടാണ് ചിലരെങ്കിലും ഏതാനും വർഷങ്ങൾക്കു മുമ്പ് കൂവക്കൃഷി തുടങ്ങിയത്.

സംസ്കരിച്ചെടുത്ത കൂവപ്പൊടിയുമായി സന്തോഷ്

കൂവയുടെ വിപണി ക്രമേണ വിശാലമായിത്തുടങ്ങിയെന്ന് സന്തോഷ്. ആണ്ടിൽ 25,000 കിലോയിലേറെ കൂവക്കിഴങ്ങ് ഉൽപാദിപ്പിക്കുന്ന കർഷകനായി സന്തോഷ് പിന്നീട് വളർന്നു. മണിക്കൂറിൽ 350 കിലോ അരച്ചെടുക്കാവുന്ന ശേഷിയിലേക്കു യന്ത്രവും വളർന്നു. പത്തു കിലോ കൂവയ്ക്ക് ഒരു കിലോ പൊടി, അതാണു കണക്ക്. അതായത് വർഷം ശരാശരി 2500 കിലോ പൊടിയാണ് സന്തോഷിന്റെ ഉൽപാദനം. സമീപകാലത്തു പക്ഷേ സന്തോഷ് കൃഷിവിസ്തൃതി കുറച്ചു. കർഷകരിൽനിന്ന് കിലോയ്ക്കു 15 രൂപ നിരക്കിൽ കിഴങ്ങു സംഭരിക്കാൻ തുടങ്ങി.

കൂവക്കിഴങ്ങ് അരച്ചു നൽകുന്നുമുണ്ട്. കിലോയ്ക്ക് അഞ്ചു രൂപയാണ് നിരക്ക്. വർഷം പതിനഞ്ചു ടണ്ണെങ്കിലും ഇപ്പോൾ അരച്ചു നല്‍‌കുന്നുണ്ടെന്നും അതിനർഥം കൂവക്കൃഷി കൂടുതൽ പ്രചാരം നേടുന്നുണ്ട് എന്നതു തന്നെയെന്നും സന്തോഷ്.

മുലപ്പാലിനു തുല്യമാണ് കൂവപ്പൊടി എന്നാണു ഖ്യാതി. ശിശുക്കൾക്ക് മുലപ്പാലിനു പിന്നാലെ ആദ്യ ഭക്ഷണം എന്ന നിലയിൽ കൂവപ്പൊടി കുറുക്കി നൽകാം. കുട്ടികളിൽ ഛർദ്ദി പോലുള്ള അസ്വാസ്ഥ്യങ്ങളുണ്ടാവുമ്പോൾ നിർജ്ജലീകരണമുണ്ടാകും. അപ്പോൾ കൂവ കുറുക്കി നൽകുന്നത് ഊർജവും ഉന്മേഷവുമുണ്ടാക്കുമെന്ന് സന്തോഷ്. കൂവകൊണ്ടു തയാറാക്കുന്ന പാനീയം ദഹനപ്രശ്നങ്ങൾ നീക്കി വയറിന് ആശ്വാസവും നൽകും. കൂവയെ ബ്രാൻഡു ചെയ്ത് ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നമായി ഇറക്കുന്ന സംരംഭകർക്കു തന്നെയാണ് തന്റെ ഉൽപാദനത്തിന്റെ നല്ല പങ്കും സന്തോഷ് കൈമാറുന്നത്.

സമീപകാലത്ത് വിദേശമലയാളികളും കൂവയോടു മികച്ച താൽപര്യം കാണിക്കുന്നുണ്ടെന്ന് സന്തോഷ്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം നിസ്സാര രോഗങ്ങൾക്കുപോലും ആശുപത്രിച്ചെലവു ഭീമമാണ്. കൂവ ശീലമാക്കിയതോടെ ഉദരസംബന്ധമായ ചെറിയ അസുഖങ്ങളൊക്കെ അതിലൂടെ പരിഹരിക്കാനും ഒഴിവാക്കാനും കഴിയുന്നുണ്ടത്രെ. ഇപ്പോൾ പനിക്കാലമാണല്ലോ. പനിയുള്ളപ്പോൾ ആരോഗ്യവും ഉന്മേഷവും നൽകാൻ ഉത്തമ പാനീയമാണ് കൂവ കുറുക്കിയതെന്നു സന്തോഷ് കൂട്ടിച്ചേർക്കുന്നു.

ഫോൺ: 9447746706