റബർ വ്യാപാരം ഉപേക്ഷിച്ചു; ആടുവളർത്തലിലൂടെ ലക്ഷങ്ങൾ വരുമാനം

പെരുന്നാൾ ആവശ്യത്തിനു സുഹൃത്ത് വാങ്ങിയ ആടുകളുടെ വില കേട്ട് സന്തോഷ്  അമ്പരന്നു. മൂന്ന് ആടിന് ഒരു ലക്ഷം രൂപ! കഞ്ഞിവെള്ളവും പ്ലാവിലയും കഴിച്ച് അടുക്കളമുറ്റത്തു ചുരുണ്ടുകൂടി കിടക്കുന്ന ആടിന്റെ ചിത്രം ഒന്നുകൂടി മനസ്സിൽ സങ്കൽപിച്ചു നോക്കി, ‘ഏറിയാൽ മുതിർന്ന ഒന്നിന് പതിനായിരം രൂപ. പതിനായിരം ഗുണം മൂന്ന് മുപ്പതിനായിരം രൂപ. പിന്നെങ്ങനെ ഒരു ലക്ഷം! ഒരു പിടിയും കിട്ടുന്നില്ല...’ അകലെനിന്നു മാത്രം കണ്ടിട്ടുള്ള ആടുജീവിതത്തെ അടുത്തറിയാൻ തീരുമാനിച്ചത് സത്യത്തിൽ മേൽപറഞ്ഞ ‘ലക്ഷ’ത്തിന്റെ കണക്കു കേട്ടാണെന്ന് സന്തോഷ്. ആടുവളർത്തലും വിൽപനയും ഇതുവരെ കരുതിയതുപോലെ നിസ്സാര സംഭവമല്ലെന്നു വൈകാതെ ബോധ്യപ്പെട്ടു. കരുത്തും സൗന്ദര്യവും ഇറച്ചിത്തൂക്കവുംകൊണ്ട് മോഹവില നേടുന്ന സിരോഹിയും ബീറ്റലും ജംനാപാരിയും പോലുള്ള പരദേശികളും നമ്മുടെ സ്വന്തം മലബാറിയുമെല്ലാം ഉൾപ്പെടുന്ന ആടുലോകം വലിയ വിപണിയും കൈനിറയെ വരുമാനവും നേടാവുന്ന ഒന്നാണെന്നും തെളിഞ്ഞു. സംരംഭത്തിനുള്ളമുതൽമുടക്കും പരിപാലനച്ചെലവും പരിമിതവും.

‘‘പാവപ്പെട്ടവന്റെ പശു എന്നൊക്കെ വിളിച്ച് ആടിനെ ചെറുതാക്കരുത്. കുട്ടികൾക്കു നാഴിയുരിപ്പാലു കൊടുക്കാനും ആണ്ടിൽ നാലഞ്ചു കുഞ്ഞുങ്ങളെ വിൽക്കാനും മാത്രം ഉപകാരപ്പെടുന്ന നിസ്സാര ജന്മമല്ല ആടിന്റേത്. മനസ്സു വച്ചാൽ ഒരു സാധാരണ കുടുംബത്തിനു നന്നായി കഴിയാനുള്ള വക ആടു തരും.’’, സന്തോഷിന്റെ വാക്കുകൾക്ക് അനുഭവത്തിന്റെ ബലം. പത്തനംതിട്ട ജില്ലയിലെ അടൂർ തട്ടയിൽ ഉടയൻമുകളിൽ സന്തോഷ് വർഷങ്ങളായി തുടര്‍ന്ന റബർ വ്യാപാരം ഉപേക്ഷിക്കുന്നത് അഞ്ചു വർഷം മുമ്പാണ്. ഷീറ്റിനു വിലയിടിഞ്ഞതോടെ കച്ചവടം കടക്കെണിയിലായി, കട പൂട്ടി. ഇനിയെന്ത് എന്ന്  അന്തിച്ചിരുന്ന കാലത്താണ് ആടു കച്ചവടത്തിലെ ലക്ഷക്കണക്കു കേൾക്കുന്നത്.

വീടിനു പിന്നിലൊരുക്കിയ കൂട്ടിൽ പത്തു മലബാറി ആടുകളുമായി തുടങ്ങിയ സംരംഭം പടിപടിയായി വളർന്നു. മൂന്നു വർഷംകൊണ്ട് എണ്ണം 125 ആയി.  ഇടയ്ക്ക് രോഗബാധിതനായപ്പോൾ അജഗണത്തെ മൂന്നിലൊന്നായി വെട്ടിച്ചുരുക്കി. ആരോഗ്യം വീണ്ടെടുത്തതോടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണു സന്തോഷ്. ആശ്രയിക്കാം ആടിനെ ഇന്ത്യയിൽ കിട്ടാവുന്ന എല്ലാ ഇനങ്ങളെയും വാങ്ങുകയാണ് ആടു ഫാം തുടങ്ങുന്ന പലരും ആദ്യം ചെയ്യുക. അഴകേറിയ ആടിനങ്ങൾ ഏതൊരു ഫാമിന്റെയും അഭിമാനം തന്നെ. എന്നാൽ അഴക് അടുപ്പത്തു വച്ചാൽ  ചോറാവില്ലല്ലോ. നമ്മുടെ കാലാവസ്ഥ, വിപണി, വരുമാനം എന്നിവ പരിഗണിച്ച് സന്തോഷ് മുന്തിയ മാർക്ക് ഇടുന്നത് മൂന്നിനങ്ങൾക്കാണ്. സിരോഹി, ബീറ്റൽ, മലബാറി. ഇടത്തരക്കാർക്ക് ഇണങ്ങുന്നത് ഇവ തന്നെ.

മൂന്നു മാസം പ്രായമെത്തിയ കുഞ്ഞുങ്ങളുടെയും രണ്ടു വയസ്സെത്തുന്ന മുട്ടനാടുകളുടെയും വിൽപനയാണ്  ഫാമിലെ മുഖ്യ വരുമാനം. ഏറ്റവും ആദായകരം കുഞ്ഞുങ്ങളുടെ വിൽപനതന്നെ. അഞ്ചു മാസമാണ് ആടുകളുടെ ഗർഭകാലം. കൃത്യമായ പരിപാലനമെങ്കിൽ ആണ്ടിൽ രണ്ടു പ്രസവം. മലബാറിയെങ്കിൽ ഒറ്റ പ്രസവത്തിൽ ശരാശരി മൂന്നു കുഞ്ഞുങ്ങൾ, രാജസ്ഥാനിയായ സിരോഹിക്കു സാധാരണ ഒറ്റ പ്രസവത്തിൽ ഒരു കുഞ്ഞേ കാണുകയുള്ളൂ.  പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രചാരമുള്ള ബീറ്റലിനാകട്ടെ, മിക്കവാറും രണ്ടു കുഞ്ഞുങ്ങൾ ഉണ്ടാവും. മലബാറിക്കുഞ്ഞുങ്ങൾ മൂന്നു മാസംകൊണ്ട് 6–7 കിലോ മാത്രം തൂക്കമെത്തുമ്പോൾ സിരോഹിയും ബീറ്റലും  അതിന്റെ ഇരട്ടി തൂക്കം നേടും. ആടുകളുടെ വില നിശ്ചയിക്കുന്നതിൽ തൂക്കമാണ് മാനദണ്ഡമെങ്കിലും അഴകും ആരോഗ്യവും കണ്ടുള്ള മോഹവിലയാണ്   കച്ചവടത്തിൽ നിർണായകമെന്നു സന്തോഷ്. മലബാറിക്കുഞ്ഞുങ്ങൾ 3000–3500 രൂപ

നേടുമ്പോൾ ബീറ്റൽ, സിരോഹി ഇനങ്ങൾ 7000 രൂപ വരെ ഉടമയ്ക്കു നേടിക്കൊടുക്കുന്നു. ശരാശരി 20 കിലോ തൂക്കം എത്തുമ്പോൾ പെണ്ണാടിനെ ഇണ ചേർക്കാം.  മലബാറി ഇനത്തിന്അപ്പോഴേക്കും ആറ്–ഏഴ് മാസമെങ്കിലും പ്രായമെത്തണം. എ ന്നാൽ അഞ്ചു മാസംകൊണ്ടുതന്നെ 20 കിലോ തൂക്കവുമായി മറ്റ് രണ്ടിനങ്ങളും പ്രായപൂർത്തിയെത്തും. രണ്ടു വയസ്സെത്തുമ്പോഴേക്കും ബീറ്റൽ  മുട്ടനാടുകൾ ശരാശരി 80 കിലോ, സിരോഹി 110 കിലോ, മലബാറി 55–60 കിലോ എന്നിങ്ങനെ വളരും. ആദ്യ രണ്ടിനത്തിനും 40,000–45,000 രൂപവരെ വിലനേടാനാവുമ്പോൾ മലബാറിക്കും  ലഭിക്കും 20,000 രൂപയോളം. രക്തബന്ധമുള്ളവ തമ്മിലുള്ള ഇണചേരൽ ഒഴിവാക്കാന്‍ മുട്ടനാടുകളെ വർഷംതോറും മാറ്റുന്നതാണു പതിവ്.  നല്ല അഴകും ആരോഗ്യവുമുള്ള പ്രായത്തിൽതന്നെ അവയെ വിൽക്കുകയുമാവാം. പെരുന്നാൾ സീസൺ നോക്കി വിൽപന നടത്താനായാല്‍ മികച്ച വിലയും വിപണിയും ഉറപ്പെന്ന് സന്തോഷ്. അതേസമയം  കേറ്ററിങ് സ്ഥാപനങ്ങൾക്ക് ആണ്ടുവട്ടം ആടിനെ ആവശ്യവുമുണ്ട്.

അഞ്ചോ ആറോ പ്രസവം കഴിയുന്നതോടെ ദുർബലകളാവുന്ന തള്ളയാടുകളെയും വിൽക്കാം. വിലയിൽ അതിമോഹം വേണ്ട. കിട്ടുന്നത് ആദായം. കുഞ്ഞുങ്ങളെ വിൽക്കാനുള്ളതായതിനാല്‍ ആട്ടിൻപാൽ നല്ലൊരു പങ്കും അവയുടെ ആരോഗ്യകരമായ വളർച്ചയ്ക്കായി മാറ്റിവയ്ക്കും. എങ്കിലും  ഇടത്തരം ഫാമിൽപോലും നാലോ അഞ്ചോ ലീറ്റർ പാല്‍ ദിവസവും വിൽക്കാനുണ്ടാവും. മലബാറി ഇനത്തിന് പാലുൽപാദനം നാമമാത്രമെങ്കിൽ സിരോഹിക്കും ബീറ്റലിനും ശരാശരി രണ്ടു ലീറ്റർ ഉറപ്പ്. ലീറ്ററിന് 100രൂപ നൽകി വാങ്ങാൻ ആളുകൾ ഇഷ്ടംപോലെയെന്നു സന്തോഷ്. ആട്ടിൻകാഷ്ഠം മുഖ്യ പങ്കും സ്വന്തം കൃഷിക്കെടുക്കുന്നു.  ഒരു പങ്ക് നീറ്റുകക്ക ചേർത്ത് ഒരാഴ്ചയിടും. അതു വഴി നന്നായി പൊടിഞ്ഞു കിട്ടുന്ന കാഷ്ഠം ചാക്ക് ഒന്നിന് 200 രൂപയ്ക്കു വിൽക്കും. ആടുമേയ്ക്കാൻ വരുന്നോ  ഫാം തുടങ്ങുന്നതിനു മുന്‍പ് മലബാറി ഇനത്തെ വാങ്ങി ആടുകൃഷി പഠിക്കണമെന്നു സന്തോഷ്. മികച്ച പ്രതിരോധശേഷി, നാമമാത്ര പരിപാലനം എന്നിവയാണ് മലബാറിയുടെ ഗുണം. ചെനയുള്ള ആടുകളെ വാങ്ങരുത്. പ്രജനനത്തിന്  ഉപയോഗിച്ച മുട്ടൻ, വയസ്സെത്തിയതോ രക്തബന്ധമുള്ളതോ ആണെങ്കിൽ ദുർബലരായ കുഞ്ഞുങ്ങൾ ജനിച്ചേക്കാം. അതുകൊണ്ട് മൂന്നു മാസം പ്രായമെത്തിയ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വാങ്ങുക. നന്നായി പരിപാലിച്ചാൽ രണ്ടു മാസം കഴിയുമ്പോൾ ഇണചേർക്കാം. തുടർന്ന് അഞ്ചുമാസമെത്തുമ്പോൾ പ്രസവം. വീണ്ടുമൊരു മൂന്നുമാസം കഴിയുമ്പോഴേക്കും ശരാശരി 18 കുഞ്ഞുങ്ങൾ വിൽപനയ്ക്കു തയാർ.

ആടു വളർത്തൽ തുടങ്ങി പത്തു മാസം കഴിയുന്നതോടെ വരുമാനം തുടങ്ങുന്നു.  കുഞ്ഞുങ്ങളിൽ ഒരു പങ്കിനെ വിൽക്കാം. ലക്ഷണമൊത്തവയെ വളർത്താം. ഈ പത്തു മാസത്തിനിടയിൽ കച്ചവടക്കാർ, മറ്റ്ആവശ്യക്കാർ എന്നിവരുമായെല്ലാം ബന്ധംസ്ഥാപിച്ചെടുക്കാം. അതുവഴി ഫാമിൽനിന്നു തന്നെ നേരിട്ട് ആടിനെ വിൽക്കാനുള്ള സാഹചര്യമൊരുങ്ങും. ആടുവളർത്തലിലെ അടിയൊഴുക്കുകളെല്ലാം അതിജീവിക്കുന്നതോടെ  കൂടുതൽ ഇറച്ചിത്തൂക്കം വയ്ക്കുന്ന മറ്റിനങ്ങളിലേക്കും കൈവയ്ക്കാം.ആട്ടിൻകൂടിന് വലിയ ആഡംബരമൊന്നും ആവശ്യമില്ല. ‘മനുഷ്യരെപ്പോലെയല്ല, പരിമിതമായ സ്ഥലത്തും പരസ്പരം സഹകരിച്ചു നിൽക്കാൻ ആടുകൾ തയാറാണെ’ന്ന് സന്തോഷ്. ചുറ്റിയടിക്കാൻ ചുറ്റും കമ്പിവേലിയിട്ട രണ്ടു സെന്റ് സ്ഥലം, നടുവിൽ അഞ്ചടി ഉയരത്തിൽ പട്ടികകൊ ണ്ടു തീർത്ത കൂട്. ഈ സൗകര്യത്തിൽ സന്തുഷ്ടരാണ് സന്തോഷിന്റെ ആടുകൾ. അതേസമയം മുട്ടന്മാർ, ചെനയുള്ളവ, പ്രസവിച്ചവ എന്നിവയ്ക്കെല്ലാം പ്രത്യേകം കള്ളികൾ തിരിച്ചിട്ടുമുണ്ട്. മുട്ടന്മാരെ പരിപാലിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കൂട് നല്ല ബലമുള്ള പട്ടികയിൽതന്നെ തീർക്കണം. അതല്ലെങ്കിൽ മുട്ടന്റെ ഒറ്റ ഇടിക്ക് കൂടു നിലംപൊത്തുമെന്നും സന്തോഷ്.

  

പുൽകൃഷി ചെയ്ത  ശേഷമേ ആടുവളർത്തൽ തുടങ്ങാവൂ. പരിസരങ്ങളിൽനിന്നു പ്ലാവിലയും പച്ചപ്പുല്ലുമെല്ലാം കണ്ടെത്തി തീറ്റച്ചെലവു ഗണ്യമായി കുറയ്ക്കാം. പ്രത്യേക പോഷകമായി കൈത്തീറ്റയുമുണ്ട് സന്തോഷിന്റെ വക. പുളിയരി വേവിച്ചത്, അരിത്തവിട്, കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പെല്ലറ്റ്, ഗോതമ്പുതവിട് എന്നിവ ചേർന്ന ഈ തീറ്റയുടെ അളവ്, ചെനയുള്ളവ, പ്രസവിച്ചവ എന്നിങ്ങനെ ആടുകളുടെ ആരോഗ്യസ്ഥിതിയും ആവശ്യകതയും നോക്കിയാണ് നിശ്ചയിക്കുക. മുതിർന്ന ഒരാടിന്റെ തീറ്റച്ചെലവ് ദിവസം 30 രൂപയിൽ താഴെ നിർത്തിയാലേ ലാഭമുണ്ടാവൂ എന്നും സന്തോഷ്. അത്യാവശ്യം മൃഗചികിൽസയും സംരംഭകൻ പഠിക്കണം. പനിയും ചുമയും ദഹനക്കേടുമാണ് ആടുകൾക്കു പതിവ് അസുഖങ്ങൾ. ആയുർവേദ മരുന്നാണ് ഉത്തമം.

ഇനി പറയുന്നതാണ് ഏറ്റവും സുപ്രധാനമെന്നു സന്തോഷ്. ‘ജോലിക്കാരെ വച്ച് ആടു വളർത്താമെന്നു കരുതരുത്. അത്രയ്ക്കു പങ്കപ്പാടൊന്നുമില്ല ആടുപരിപാലനത്തിന്, ദിവസവും കുളിപ്പിക്കുകയും പത്തു ലീറ്റർ പാലു കറക്കുകയുമൊന്നും വേണ്ടല്ലോ. ഒാരോ ആടുകളെയും അടുത്തറിഞ്ഞ് പരിപാലിക്കണമെങ്കിൽ സംരംഭകൻതന്നെ എല്ലാം നോക്കി നടത്തണം’.

നൂറ്റി ഇരുപത് ആടുകളെ പരിപാലിച്ചിരുന്ന നാളുകളിൽ വർഷം അഞ്ചു ലക്ഷത്തിലേറെ ലാഭം ഇതിലൂടെ ലഭിച്ചിരുന്നു. ആടുകളുടെ എണ്ണം കൂട്ടി അതിലേറെ വരുമാനത്തിലേക്കുകുതിക്കാനൊരുങ്ങുകയാണ് ഇപ്പോൾ ഈ സംരംഭകൻ.

ഫോൺ: 9447345645