കോഴിവളർത്തലിലൂടെ വർഷം 20 ലക്ഷം രൂപ നേട്ടമുണ്ടാക്കുന്ന വീട്ടമ്മ

വീടിനു മുന്നിൽ എഴുതി വച്ചിട്ടില്ലെങ്കിലും ഇങ്ങനെയൊരു ബോർഡ് മനസ്സിൽ തൂക്കിയിട്ടുണ്ട് സൗദ; ‘ഗ്രാമശ്രീ കോഴികൾ, ഈ വീടിന്റെ ഐശ്വര്യം’. ഇരുപത്തയ്യായിരം ഗ്രാമശ്രീ കോഴികൾ ചിക്കിചികഞ്ഞും കൊത്തിപ്പെറുക്കിയും നടക്കുന്നഫാമിൽ നിന്നുകൊണ്ട് തലശ്ശേരി മേക്കുന്ന് കരിയാട് മത്തിപ്പറമ്പ് മിനർവയിൽ സൗദ എന്ന വീട്ടമ്മ പറയുന്നത്, ഒട്ടേറെ കൃഷികൾ ബാക്കിവച്ച കഷ്ടനഷ്ടങ്ങളിൽനിന്നു കരകയറാൻ സഹായിച്ച കോഴിക്കൃഷിയെക്കുറിച്ചാണ്. 

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ് പത്തു പവൻ സ്വർണം പണയം വച്ച് കൃഷിയിൽ സൗദ ഹരിശ്രീ കുറിക്കുന്നത്. അന്ന് ആരെയും മോഹിപ്പിച്ചിരുന്ന വനിലക്കൃഷിയിൽ ആദ്യ ചുവടുവയ്പ്. മീറ്ററിന് നൂറു രൂപ നൽകി വാങ്ങി പുരയിടത്തിലെ ശീമക്കൊന്നക്കാലിൽ പടർത്തിയ വനിലവള്ളിക്ക് മക്കളെക്കാൾ നല്ല പരിചരണം നല്‍കി.  പണയം വച്ചു കിട്ടിയതിൽ പതിനായിരം രൂപ മുടക്കിയത് വനിലയ്ക്കു തളിക്കാനുള്ള ഇളനീർ വാങ്ങാൻ മാത്രമായിരുന്നുവെന്നു സൗദ. 

ഇളനീർ കുടിച്ചു വളർന്ന വനില പ ക്ഷേ പൂവിട്ടപ്പോഴേക്കും വില കുത്തനെ ഇടിഞ്ഞു, പിന്നാലെ ചെടികൾക്കു വൈറസ് രോഗബാധയും. ചുരുക്കത്തിൽ പത്തു പവന്റെ പണയബാധ്യതയല്ലാതെ പത്തു പൈസയുടെ മെച്ചം വനില തന്നില്ല. അടുത്ത പദ്ധതി പശു വളർത്തൽ. രണ്ടു പശുവിൽ തുടങ്ങി 55 കറവപ്പശുക്കളും പ്രതിദിനം 900 ലീറ്റർ പാലുമായി മികച്ച ക്ഷീര കർഷക എന്ന ഖ്യാതിയും നല്ല വരുമാനവും. ഒപ്പം വൻതോതിൽ മുയൽ, കാടവളർത്തലും. കുളമ്പുകേടും പണിക്കാരുടെ അലംഭാവവും എല്ലാം നോക്കിനടത്തി നിയന്ത്രിക്കാനുള്ള സമയക്കുറവും ചേർന്ന് ഡയറിഫാം ക്രമേണ നഷ്ടത്തിലേക്കു കൂപ്പുകുത്തി. അതോടെ ഒന്നൊഴിയാതെ എല്ലാ പശുക്കളെയും വിറ്റ് ഫാം കാലിയാക്കി. മുയൽ, കാടവളർത്തൽ നിരോധനം വന്നതോടെ അതും പൂട്ടി.  ചെറിയ രീതിയിൽ തുടങ്ങിവച്ചിരുന്ന ഗ്രാമശ്രീ കോഴിവളർത്തലിലേക്ക് സൗദ ശ്രദ്ധയൂന്നുന്നത് അക്കാലത്താണ്.

സൗദയുടെ ഭർത്താവ് സലീം വർഷങ്ങളായി ഗൾഫിൽ ഉദ്യോഗസ്ഥൻ. എല്ലാറ്റിനും ഭർത്താവ് പിൻതുണയ്ക്കുമെങ്കിലും കാർഷികസംരംഭങ്ങൾക്ക് അദ്ദേഹത്തിന്റെ സാമ്പത്തിക പിൻബലം ഉപയോഗിക്കില്ലെന്ന് സൗദ മുമ്പേ തീരുമാനിച്ചിരുന്നു. നഷ്ടം വന്നാലും ലാഭം വന്നാലും സ്വന്തം ഇടപാട് എന്ന നിലപാട്. നാലു പെൺമക്കളെ വളർത്തലും കൃഷിയുമെല്ലാം സൗദ അനായാസം ചുമലേറ്റിയത് ഈ ആത്മവിശ്വാസം കൊണ്ടുതന്നെ. പറഞ്ഞുവന്നത്, ഒന്നല്ല  ഒട്ടേറെ തിരിച്ചടികളുണ്ടായിട്ടും കൃ ഷി ഉപേക്ഷിക്കാൻ തയാറാവാത്ത ഉൾക്കരുത്തിനെക്കുറിച്ചാണ്.

ഏതായാലും ഗ്രാമശ്രീ കോഴികൾ സൗദയെ തുണച്ചു. മൃഗസംരക്ഷണ വകുപ്പിന് വർഷം ഒരു ലക്ഷത്തിനടുത്ത് ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന എഗ്ഗർ നഴ്സറിയുടെ ഉടമയാണിന്നു സൗദ. ഈ വർഷം കോഴികളുടെ എണ്ണം ലക്ഷത്തിനും മുകളിൽ പോകും. പുരയിടത്തോടു ചേർന്നുകിടക്കുന്ന ഒരേക്കർ സ്ഥലം വാങ്ങാനും മകളെ വിദേശത്ത് മെഡിസിനു പഠിപ്പിക്കാനുമെല്ലാം പണം ചെലവിടുന്നത് സൗദയാണ്. കോഴിവളർത്തലിലൂടെ വർഷം 20 ലക്ഷം രൂപയോളം നേട്ടമുണ്ടെന്ന് ഈ വനിത പറയുമ്പോൾ അതിൽ ലാഭത്തിന്റെ കണക്കുകളെക്കാൾ തെളിയുന്നത് അഭിമാനത്തിന്റെ തിളക്കം.

എഗ്ഗർ നഴ്സറി

ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി രണ്ടു മാസം വളർത്തി വിൽക്കുന്ന സംരംഭം എന്ന് എഗ്ഗർ നഴ്സറിയെക്കുറിച്ചു ലഘുവായി പറയാം. സർക്കാർ പദ്ധതികളിലേക്ക് കോഴികളെ വില്‍ക്കാൻ ഉദ്ദേശിക്കുന്നവർക്കു മൃഗസംരക്ഷണ വകുപ്പു നൽകുന്ന എഗ്ഗർ നഴ്സറി ലൈസൻസ് ലഭിച്ചപ്പോൾ കോഴിക്കൂടു നിർമിക്കാൻ സൗദയ്ക്ക് അധികം മെനക്കെടേണ്ടി വന്നില്ല; കാലികളൊഴിഞ്ഞ തൊഴുത്ത് കോഴികൾക്കു കൂടായി. തള്ളക്കോഴികളുടെ ചിറകിനുള്ളിലെ ചൂട് കോഴിക്കുഞ്ഞുങ്ങൾക്കു കൃത്രിമമായി നൽകുന്ന ബ്രൂഡിങ് സംവിധാനം, കുടിവെള്ള സൗകര്യം, തീറ്റപ്പാത്രം എന്നിവയും കൂടു സുരക്ഷിതമാക്കാനുള്ള നൈലോൺ വലയും ഒരുക്കി. എഗ്ഗർ നഴ്സറി പദ്ധതിയിലൂടെ ലഭിച്ച 1000, ആർകെവിവൈ പദ്ധതിയിലൂടെ 500  എന്നിങ്ങനെ 1500 ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ സംരംഭം ചുരുങ്ങിയ കാലംകൊണ്ട് ലക്ഷം കോഴികളിലേക്കെത്തിയത് മൃഗസംരക്ഷണ വകുപ്പിന് താൻ വിതരണം ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളില്‍ ഉത്തമ ബോധ്യമുള്ളതുകൊണ്ടാണെന്നു സൗദ.

മൃഗസംരക്ഷണ വകുപ്പിന്റെ സ്കൂൾ പൗൾട്രി, വിധവകൾക്കുള്ള പദ്ധതി എന്നിവയിലേക്ക് നിശ്ചിത സമയത്തു നിശ്ചിത സ്ഥലത്ത് നിശ്ചിത എണ്ണം ഗ്രാമശ്രീ കോഴികളെ സൗദ എത്തിക്കും. വടക്കൻ ജില്ലകളിലെ സർക്കാർ പൗൾട്രി ഫാമുകളിൽനിന്നെല്ലാം കോഴിക്കുഞ്ഞുങ്ങളെ വാങ്ങാൻ സൗദയ്ക്ക് അനുമതിയുണ്ട്. പോരാതെ വന്നാൽ സ്വകാര്യ ഹാച്ചറികളിൽനിന്നു വാങ്ങും. നിലവിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് വിതരണം. ഈ പരിധി വരും വർഷങ്ങളിൽ വർധിക്കാനിടയുണ്ട്. ഏതായാലും ഇപ്പറഞ്ഞ ജില്ലകളിലും സമീപജില്ലകളിലും ഇങ്ങനെയൊരു ഗ്രാമശ്രീ സാമ്രാജ്യം മറ്റാർക്കെങ്കിലുമുള്ളതായി സൗദയ്ക്കറിയില്ല.

തൊഴുത്തിന് ഒരു നില കൂടി പണിത് ഏതാണ്ട് 15,000 ചതുരശ്രയടിയിലാണ് സൗദയുടെ എഗ്ഗർ നഴ്സറി ഇന്നു പ്രവർത്തിക്കുന്നത്. അഞ്ചു ബാച്ചുകളിലായി പലപ്രായത്തിലുള്ള  25,000 കോഴികൾ ഇവിടെ ഒരേ സമയം വളരുന്നു. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിനെ 21 രൂപ നിരക്കിൽ വാങ്ങി രണ്ടു മാസം വളർത്തി പ്രതിരോധ വാക്സിനുകളെല്ലാം നൽകി വിതരണത്തിനു പാകമാകുമ്പോഴേക്കും കുഞ്ഞിന്റെ വിലയും പരിപാലനച്ചെലവും ഉൾപ്പെടെ 75–80 രൂപ മുടക്കു വരും. ഒരു കോഴിക്ക് 100 രൂപയാണ് മൃഗസംരക്ഷണ വകുപ്പ് സൗദയ്ക്കു നൽകുന്നത്. േകാഴിയൊന്നിന് 20–25 രൂപ ലാഭം. തീറ്റ, വാക്സിനേഷൻ, കോഴികൾ പരസ്പരം കൊത്തുകൂടാതിരിക്കാനായി ചുണ്ടു മുറിക്കൽ എന്നിവയിലുള്ള കൃത്യതയും ജാഗ്രതയും മൂലം ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെത്തന്നെ വിതരണം ചെയ്ത് വിശ്വാസ്യത നിലനിർത്താൻ സൗദയ്ക്കു കഴിയുന്നു. വർഷം ഒരു ലക്ഷം കോഴികൾക്കാണ് ആവശ്യമെങ്കിലും ഡിമാൻഡു കൂടുന്ന പക്ഷം രണ്ടോ മൂന്നോ ലക്ഷം കോഴികളെ വളർത്താനും സൗദയ്ക്കു നല്ല ധൈര്യം.

മണ്ണുത്തി വെറ്ററിനറി കോളജിലെ പൗൾട്രി സയൻസസ് വിഭാഗം വികസിപ്പിച്ചെടുത്ത സങ്കരയിനം ഗ്രാമശ്രീ കോഴികൾ തവിട്ടുനിറമുള്ള മുട്ടയിടുന്നവയാണ്.

അഞ്ചര മാസം പ്രായമെത്തുമ്പോൾ മുട്ടയിട്ടു തുടങ്ങി ആദ്യ വർഷം 180–200 മുട്ടയിടും. അടുക്കളമുറ്റത്ത് അഴിച്ചുവിട്ടു വളർത്താൻ പറ്റിയ ഈയിനം 20–25 എണ്ണം പരിപാലിച്ചാൽതന്നെ ഒരു സാധാരണ വീട്ടമ്മയ്ക്ക് മുട്ട വിൽപനയിലൂടെ ചെറു വരുമാനം നേടാൻ കഴിയുമെന്നു സൗദ. അതുകൊണ്ടുതന്നെ കോഴി വിതരണം ഒരു വനിതാ ശാക്തീകരണ പ്രവൃത്തി കൂടിയായാണ് സൗദ കാണുന്നത്.

ഫോൺ: 9048809727