വയനാട്ടിലെ വയൽച്ചിത്രം

ജോബി ജോസഫ്

നെൽകൃഷിയിൽ പുതുമകൾ പരീക്ഷിക്കുന്ന വയനാട് സുൽത്താൻബത്തേരിയിലെ പ്രസീദ്കുമാർ തയ്യിൽ

ഇന്റർനെറ്റിൽ  വ്യത്യസ്ത നെല്ലിനങ്ങൾക്കായി പരതുന്നതിനിടയിലാണ് ജപ്പാനിലെ വയൽ പെയ്ന്റിങ്ങുകൾ പ്രസീദിന്റെ കണ്ണിൽപ്പെടുന്നത്. റൈസ് പാഡി ആർട് (rice paddy art / tanbo art) എന്നറിയപ്പെടുന്ന ഈ വയൽചിത്രങ്ങൾ ഫാം ടൂറിസത്തിന്റെ ഭാഗമാക്കി ജാപ്പനീസ് ഗ്രാമമായ ഇനക്കദാത്തെയിലെ കർഷകർ നേട്ടമുണ്ടാക്കുന്നു എന്നുകൂടി കണ്ടതോടെ സ്വന്തം വയലിലും ഒരു കൈ നോക്കിയാലെന്തെന്നായി. ആശയം മോശമായില്ല, വയനാട്ടിലെ നമ്പിക്കൊല്ലിയെന്ന ഉൾനാടൻ ഗ്രാമത്തിലുള്ള പ്രസീദിന്റെ പാടത്ത് ഇന്നു കതിരണിഞ്ഞു നിൽക്കുന്നത് ഒരേയൊരിന്ത്യ ഒരൊറ്റ ജനത. നെൽച്ചെടികൾകൊണ്ടു തീർത്ത ഇ ന്ത്യയുടെ വയൽ ഭൂപടം കാണാൻ സമീപ സ്കൂളിലെ വിദ്യാർഥികളും നാട്ടുകാരുമെല്ലാം കൗതുകത്തോടെ എത്തുമ്പോൾ പ്രസീദ് മനസ്സിൽ മറ്റൊരു ചിത്രം വരയ്ക്കുകയാണ്; അടുത്തകൊല്ലത്തെ വയൽച്ചിത്രം. ഒപ്പം ഫാം ടൂറിസത്തിന്റെ പുതു സാധ്യതകൾ. 

വയലിനെ കാൻവാസാക്കിയുള്ള ജപ്പാനിലെ ത്രി ഡി ചിത്രരചന ഇന്നു ലോകശ്രദ്ധ നേടിയിട്ടുണ്ട്. തങ്ങളുടെ പ്രദേശത്തിന്റെ നെൽകൃഷി പാരമ്പര്യം മാലോകരെ അറിയിക്കാൻ കാൽ നൂറ്റാണ്ടു മുമ്പാണ് ഇനക്കദാത്തെയിലെ കർഷകർ ഇത്തരമൊരു പുതുമ പരീക്ഷിക്കുന്നത്. ഹെക്ടർകണക്കിനു വിശാലമായ വയലുകളിൽ കൂറ്റൻ ചിത്രങ്ങൾ വരയ്ക്കുക. പെയ്ന്റും ബ്രഷും ഉപയോഗിച്ചല്ല, പകരം വിവിധ നിറങ്ങളിലും ഉയരങ്ങളിലുമുള്ള നെൽച്ചെടികൾ കലാഭംഗിയോടെ നട്ടു വളർത്തി. 

നെൽച്ചിത്രങ്ങൾ വ്യാപകമായി മാധ്യമശ്രദ്ധ നേടിയതോടെ ഇനക്കദാത്തെ ഗ്രാമത്തിലേക്ക് സന്ദർശകർ പ്രവഹിച്ചു. ഫാം ടൂറിസത്തിന്റെ പുത്തൻ തന്ത്രങ്ങളിൽ ആയിരങ്ങൾ ആകൃഷ്ടരായി. ഹോളണ്ടിലെറ്റുലിപ്സ് പൂപ്പാടങ്ങളിലൂടെയുള്ള യാത്രകളും ആഘോഷരാവുകളുമെല്ലാം പ്രശസ്തമാണല്ലോ. അതേ ശൈലിയിൽ, സന്ദർശകർക്ക് ഉയരത്തിൽനിന്നു വയൽ പെയ്ന്റിങ് ആസ്വദിക്കാനുള്ള ടവറും വയലേലകളിലൂടെ യാത്ര ചെയ്യാൻ തീവണ്ടിയും ഒരു റെയിൽവേ സ്േറ്റഷൻ തന്നെയും ഇനക്കദാത്തെയിൽ ഒരുക്കി.

 ഒാരോ വർഷവും കൃഷിയിറക്കും മുമ്പ് ആ വർഷത്തെ ചിത്രങ്ങൾ ഏതൊക്കെയാവണം, അതിനായി ഏതൊക്കെ കർഷകർ ഏതൊക്കെ നെല്ലിനങ്ങൾ കൃഷിചെയ്യണം എന്നെല്ലാം ഇനക്കദാത്തെയിലെ ‘പാടശേഖര സമിതി’ തീരുമാനിക്കുന്ന പതിവു വന്നു. ജാപ്പനീസ് പുരാണങ്ങളിലെ ദേവീദേവന്മാർ തുടങ്ങി ഹോളിവുഡ് സുന്ദരി മർലിൻ മൺറോ വരെ വയൽ പെയ്ന്റിങ്ങുകളായി മാറി.

ജപ്പാനോടു മൽസരിക്കാനൊന്നും പ്രാപ്തിയില്ലെങ്കിലും പാഡി ആർട് വയ(ൽ)നാട്ടിലും പരീക്ഷിക്കണമെന്നതു പ്രസീദിന്റെ വാശിയായിരുന്നു. മക്കളായ ആകർഷിമയും ആത്മികയും ഭാര്യ വിശ്വപ്രിയയും പ്രസീദിനൊപ്പം കമ്പ്യൂട്ടറിനു മുമ്പിലിരുന്നു. വയലിൽ വരയ്ക്കാനുള്ള ഡിസൈനുകൾ പലതു പരതി. ആദ്യത്തെ ശ്രമമല്ലേ, ലളിതമായി വരയ്ക്കാവുന്ന ഒന്ന് എന്ന നിലയ്ക്ക് ഇന്ത്യ മതിയെന്നു തീരുമാനിച്ചു. 29 സംസ്ഥാനങ്ങളുടെയും സ്ഥാനത്ത് അതാതിടങ്ങളിൽ പ്രചാരമുള്ള നെല്ലിനം നിശ്ചയിച്ചു. പലതിന്റെയും വിത്തുകൾ വാങ്ങുകയും ചെയ്തു.

ഏതായാലും കൃഷി തുടങ്ങും മുമ്പ് സ്ഥലത്തെ മുതിർന്ന കർഷകനോട് ഈ ‘കൂട്ടുകൃഷി’യെക്കുറിച്ച് പ്രസീദ് അഭിപ്രായം ചോദിച്ചു. കേട്ടപാടെ ആശയം കക്ഷി തള്ളി. ‘‘ഇന്ത്യയൊക്കെ കൊള്ളാം, പക്ഷേ 29 സംസ്ഥാനങ്ങളിലും 29 വിത്ത് വിജയിക്കില്ല. ഒാരോ വിത്തിന്റെയും മൂപ്പ്, ഉയരം എന്നിവയൊക്കെ വ്യത്യസ്തമായിരിക്കും. ഇന്ത്യയാകെ അലങ്കോലമാകാനാണ് സാധ്യത. പല വിത്തിനങ്ങളായതുകൊണ്ട് രോഗ, കീടങ്ങൾക്കും സാധ്യതയുണ്ട്. കശ്മീരിന്റെ ഭാഗത്തെങ്ങാനും വല്ല ചാഴിശല്യവും വന്നു കൃഷി നശിച്ചാൽ, എന്റെ പ്രസീദേ, അതു ചിലപ്പോൾ ദേശീയപ്രശ്നമായി മാറാനും മതി. അതുകൊണ്ട് ഒറ്റ നെല്ലിനംകൊണ്ട് ഇന്ത്യ തീർക്കുക. അതിനായി മറ്റിനങ്ങളെക്കാൾ കൂടിയ ഉയരവും മൂപ്പുമുള്ള ഇനം തിരഞ്ഞെടുക്കുക. കൊയ്യാറായാലും ചായാതെ ചങ്കുറപ്പോടെ നിൽക്കുന്ന നെല്ലിനം. ഇന്ത്യയ്ക്കു പുറത്ത് ഉയരം കുറഞ്ഞ ഇനങ്ങളാവാം. അവ വിളഞ്ഞ് കൊയ്തെടുത്താലും മൂപ്പു കൂടിയ ഇന്ത്യ നെഞ്ചുവിരിച്ചു നിൽക്കും’’. 

ആ വാക്കുകൾ അതേപടി സ്വീകരിച്ചു പ്രസീദ്. നാലു മാസത്തിലേറെ മൂപ്പും നല്ല പച്ചപ്പും കരുത്തും ഉയരവുമുള്ള ബ്ലാക്ക് ജാസ്മിൻ ഇനത്തിന്റെ വിത്തു ലഭിച്ചത് അസമിൽനിന്ന്. ഇന്ത്യയ്ക്കു ചുറ്റുമായി അടുക്കൻ, വലിച്ചൂരി, മഹാമായ, രാംലി തുടങ്ങിയ ഇനങ്ങൾ നട്ടു. പാക്കിസ്ഥാനിൽ കൃഷിയിറക്കിയത് ബസ്മതി.  

കൃഷ്ണ കടാക്ഷം

വയൽച്ചിത്രം  പ്രസീദിന്റെ വെറുമൊരു ആവേശമാണെന്നു കരുതരുത്. നെൽകൃഷിയിലേക്ക് ഇത്തരം കൗതുകങ്ങൾ സന്നിവേശിപ്പിക്കുന്നതിന് രണ്ടു ലക്ഷ്യങ്ങളുണ്ടെന്ന് പ്രസീദ്. പുതുമയാർന്ന ഫാം ടൂറിസം തന്നെ മുഖ്യം. നെൽകൃഷിയെ കൂടുതൽ ആകർഷകവും വരുമാനദായകവുമാക്കി മാറ്റുക എന്നത് അടുത്ത കാര്യം. പത്തു വർഷമായി മുഴുവൻ സമയ നെൽകർഷകനാണ് പ്രസീദ്. അഞ്ചേക്കർ നെൽകൃഷി. രണ്ടരയേക്കർ സ്വന്തം പാടം. ബാക്കി പാട്ടം. വർഷത്തിൽ ഒരു കൃഷി. വെള്ളത്തിനു ക്ഷാമമുള്ളതിൽ പുഞ്ചയില്ല, നഞ്ച മാത്രം. അതിൽനിന്നുള്ള വരുമാനംകൊണ്ടു ജീവിക്കുന്ന കുടുംബം. അവിടെയാണ് പരമ്പരാഗത നെൽകൃഷിക്കാരെക്കാൾ കൂടുതൽ വരുമാനം നേടാനുള്ള പ്രസീദിന്റെ വഴികൾ തെളിയുന്നത്. അപൂർവവും വിശിഷ്ടവുമായ നെല്ലിനങ്ങൾ കണ്ടെത്തി അവ കൃഷിചെയ്ത്, വിത്തായും അല്ലാതെയും അതു വർഷം മുഴുവൻ ചില്ലറയായി വിറ്റ് വരുമാനം. തനി നാടൻ ഇനമായ അടുക്കനും വലിച്ചൂരിയും മുതൽ ബസ്മതി ഇനങ്ങൾവരെ കൗതുകത്തോടെ വാങ്ങാൻ ഒട്ടേറെപ്പേരുണ്ട് എന്നതിനാൽ വിപണി ഉറപ്പെന്നും പ്രസീദ്.

ഇക്കാര്യത്തിൽ പ്രസീദിന്റെ ഭാഗ്യനക്ഷത്രമായി മാറിയത് ഗുജറാത്തി ബസ്മതി എന്നറിയപ്പെടുന്ന കൃഷ്ണ കാമോദ് നെല്ലിനമായിരുന്നു. കൃഷ്ണവർണമാർന്ന ഈ നെല്ലിനം രണ്ടേക്കറിലാണ് ഇന്ന് പ്രസീദ് കൃഷിയിറക്കുന്നത്. ഏക്കറിന് ഒരു ടൺ മാത്രമാണ് വിളവെങ്കിലും ആ നഷ്ടം വില പരിഹരിക്കും. കിലോയ്ക്ക് 200 രൂപയ്ക്കാണ് ഈ കറുത്ത നെല്ലിന്റെ വിൽപന. കതിരുവീശുമ്പോൾ തന്നെ സുഗന്ധം പ്രസരിപ്പിക്കുന്നു ഈ ബസ്മതി നെല്ലിനം. ചോറിനു വേവു കൂടുമെങ്കിലും ആകർഷകമായ രുചിയും ഗന്ധവുമുണ്ട്.

പായസത്തിൽ ചേർത്താൽ കൊഴുപ്പും രുചിയും കൂടുമെന്നതിനാൽ ക്ഷേത്രങ്ങളിൽ നിവേദ്യത്തിനും പായസത്തിനും കൃഷ്ണകാമോദ് ഉത്തമമെന്ന് നെല്ല് വാങ്ങിയ ചിലർ കണ്ടെത്തിയതോടെ ആ വഴിക്കും ആവശ്യക്കാർ കൂടി. ശ്രീകൃഷ്ണന്റെ പേരും നിറവുമുണ്ടെന്നത് ആളുകളിൽ താല്‍പര്യം കൂട്ടുന്നു. കൊയ്യാറാവുമ്പോഴേക്ക് എല്ലാ ചെടികളും  ചാഞ്ഞുവീഴും എന്നതും കൃഷ്ണകാമോദിന്റെ ശീലം.

നെൽകൃഷിയുടെ പാരമ്പര്യശീലങ്ങളെ ഇത്തരം പരീക്ഷണങ്ങളിലൂടെ പരിഷ്കരിക്കണമെന്നു പ്രസീദിന്റെ പക്ഷം. നെൽകൃഷി നിലനിൽക്കണം, ഒപ്പം കർഷകനു മികച്ച വരുമാനവും ലഭിക്കണം. നാട്ടുകാർക്കു നല്ല പാടവും പച്ചപ്പും കണ്ട് ആസ്വദിക്കാനായി നഷ്ടം സഹിച്ചും കൃഷിയിറക്കണം എന്നു പറയുന്നതിൽ എന്തു യുക്തി. മറിച്ച് മികച്ച വരുമാനവും ജീവിത ഭദ്രതയും ഉറപ്പുവരുത്താനുള്ള ആശയങ്ങൾ നെൽകൃഷിയിലുണ്ടോ.... ആരും നിർബന്ധിക്കാതെ തന്നെ കൃഷി ചെയ്യാൻ  കർഷകൻ തയാറാവും. രണ്ടേക്കറിലെ കൃഷ്ണ കാമോദ് വിറ്റ് വർഷം രണ്ടു ലക്ഷം രൂപ ലഭിക്കുമ്പോൾ താൻ നെൽകൃഷി ഉപേക്ഷിക്കുമോ എന്നും പ്രസീദ്.

ഫോൺ: 9447316591