കോടികൾ ചെലവിട്ട് ആധുനിക സംവിധാനങ്ങളോടെ ഡെയറി ഫാം

കൊല്ലം ചിറക്കരത്താഴത്ത് പത്തു കോടി രൂപയോളം ചെലവിട്ടു പ്രവർത്തനമാരംഭിച്ച ജെ. കെ. ഡെയറി ഫാമിൽ നിൽക്കുമ്പോൾ ഫാം ഉടമ ജയകൃഷ്ണൻ തന്നെ തേടിയെത്തിയ ഒരു ഫോൺവിളിയെക്കുറിച്ചു പറഞ്ഞു. ഗൾഫിൽ നിന്നാണ്. അയാൾക്കു നാട്ടിൽ വലിയൊരു ഡെയറി ഫാം തുടങ്ങണം. പ്രവാസം വിട്ട് നാട്ടിലേക്കു മടങ്ങിയ പലരും ഇപ്പോൾ ആ മേഖലയിലാണത്രെ.  ജയകൃഷ്ണനെക്കുറിച്ച് എവിടെയോ കേട്ടു. ഫാം തുടങ്ങാനുള്ള വിവരങ്ങൾ അത്യാവശ്യമായി വേണം. 

ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം ജയകൃഷ്ണൻ അയാളോടു പറഞ്ഞു, ‘താങ്കൾ എന്റെ ഫാമിൽ വന്ന് രണ്ടുമാസം ജോലിചെയ്യൂ. ഫാം തുടങ്ങണോ വേണ്ടയോ എന്ന് അതിനു ശേഷം തീരുമാനിക്കാം. ഇത്രകാലവും ജോലി ചെയ്തു നേടിയ പണം താങ്കൾ വെറുതെ കളയരുത് എന്നെനിക്ക് ആഗ്രഹമുണ്ട്’. ചെറുപ്പക്കാരനു പക്ഷേ, മറുപടി ഇഷ്ടപ്പെട്ടില്ലെന്നു ജയകൃഷ്ണൻ. 

‘ഒരനുഭവം കൂടി പറയാം’, ജയകൃഷ്ണൻ തുടരുന്നു. ‘പശുക്കളെ വേണോ എന്നു ചോദിച്ചൊരു ഫോൺ കോൾ. ഗൾഫ് ജീവിതം വിട്ട് ഡെയറി ഫാം തുടങ്ങിയ സംരംഭകനാണ്. ഇപ്പോൾ എല്ലാറ്റിനെയും വിറ്റ് ഫാം പൂട്ടാൻ പോകുന്നു. കാരണം ഇതാണ്, ‘അവറ്റകളുടെ മണം സഹിക്കാൻ പറ്റുന്നില്ല. ചാണകത്തിന്റെ മണം സാരമില്ല. മൂത്രത്തിന്റെ ഗന്ധം... ഹൊ, അസഹനീയം’,  മൂത്രമൊഴിക്കാത്ത പശുവിനെ കിട്ടില്ലല്ലോ എന്നു ചോദിച്ചു പോയി. ഫാം ടൂറിസത്തിന്റെ ഭാഗമായി വാങ്ങിയതാണു പോലും. ‘എങ്കിൽപിന്നെ ഇരുപതിനു പകരം രണ്ടെണ്ണം പോരായിരുന്നോ?’ ഉത്തരമില്ല. ഇങ്ങനെയൊക്കെ വേണമെന്ന് ആരോ പറഞ്ഞു, അങ്ങനെയൊക്കെ ചെയ്തു, അത്രതന്നെ. പ്രവാസിയാവട്ടെ, പുതു സംരംഭകനാവട്ടെ വ്യവസായ അടിസ്ഥാനത്തിൽ ഡെയറി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള സന്ദേശവും ഉപദേശവും മേൽപ്പറഞ്ഞ സംഭവങ്ങളിലുണ്ടെന്നു ജയകൃഷ്ണൻ.

സ്മാർട് ജീവിതം

സ്േറ്ററ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം സ്വദേശി ജയകൃഷ്ണൻ ജോലി രാജിവച്ച് ഐസിഡി എന്ന ബാങ്ക് കോച്ചിങ് സ്ഥാപനം തുടങ്ങുന്നത് 22 വർഷം മുമ്പ്. പശുക്കളോടുള്ള ഇഷ്ടംകൊണ്ട് അക്കാലത്തുതന്നെ ചെറിയൊരു ഫാമും തുടങ്ങി. സ്ഥാപനം പിൽക്കാലത്ത് കല്ലുവാതുക്കലിലെ വിശാലമായ കാമ്പസിലേക്കു വളർന്നു. കാന്റീനിലേക്കുള്ള പാലിനായി പശുക്കളുടെ എണ്ണവും വർധിപ്പിച്ചു. വൻകിട വ്യവസായം എന്ന നിലയിൽ പശുവളർത്തൽ മനസ്സിൽ കയറുന്നത് അതോടെ. ഇന്ത്യയിലും വിദേശത്തുമുള്ള ഡെയറി ഫാമുകൾ സന്ദർശിക്കുകയും താമസിച്ചു പഠിക്കുകയും ചെയ്തപ്പോഴാണ് െഡയറി വ്യവസായത്തിന്റെ ആഴവും വ്യാപ്തിയും തിരിച്ചറിഞ്ഞത്. അനുഭവങ്ങളുടെ ബലത്തിൽ എട്ടു മാസം മുമ്പ് ചിറക്കരത്താഴത്തെ ആറേക്കറിൽ അത്യാധുനിക സൗകര്യങ്ങളോടെ െജ.കെ. ഫാം തുടങ്ങി. 

‘ഇന്ത്യയിലെ മുൻനിര ഫാമുകളിൽ പലരുടെയും പ്രശ്നം പാലിന്റെ വിലയാണ്. കേരളത്തിൽ പക്ഷേ അതു പ്രശ്നമല്ല. മാന്യമായ വില ലഭിക്കുന്നുണ്ട്. ചെന പിടിക്കാതിരിക്കൽ, അകിടുവീക്കം എന്നിവയാണ് ഇവിടെ ക്ഷീര കർഷകന്റെ നട്ടെല്ലൊടിക്കുന്നത്.  ജനിതകമേന്മയുള്ള ഉരുക്കളുടെ കുറവും കായികാധ്വാനത്തിന് ആളെ കിട്ടാനില്ലാത്തതും മറ്റു പ്രതിസന്ധികൾ. ഉയർന്ന പാലുൽപാദനമില്ലാതെ, ഫാം വ്യവസായം ലാഭത്തിലെത്തില്ല. ഗുണമേന്മയുള്ള കാലിസമ്പത്തും ശാസ്ത്രീയ തീറ്റക്രമവും വി‍ജയത്തിനു സുപ്രധാനം. അതിനു പ്രതികൂലമാകുന്ന ഘടകങ്ങള്‍ പരിഹരിക്കണം. അനുകൂല ഘടകങ്ങൾ നിലനിർത്തണം. യന്ത്രവൽക്കരണത്തിന്റെയും ഒാട്ടമേഷന്റെയുമെല്ലാം ഗുണം അവിടെയാണ്’, ജയകൃഷ്ണന്റെ വാക്കുകൾ. 

 സാങ്കേതികവിദ്യയുടെ കരുത്ത്

ഡെയറി ഫാം സാങ്കേതികവിദ്യകളുടെ കാര്യത്തിൽ ലോകത്തിലെ മുൻനിര സ്ഥാപനമായ ഡിലാവലാണ് ജെ.കെ. ഫാമിന്റെ കരുത്ത്. ഡിലാവൽ ഇന്ത്യൻ സാഹചര്യങ്ങളിൽ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് ഫാമിന്റെ നിർമിതി. 200 കറവപ്പശുക്കൾക്ക് പാർക്കാവുന്ന പ്രധാന കെട്ടിടത്തിന് 24,000 ചതുരശ്രയടിയാണ് വിസ്തൃതി. ചെന നിറഞ്ഞവ, കുഞ്ഞുങ്ങൾ, കിടാരികൾ എന്നിങ്ങനെ 100 പശുക്കൾക്കു പാര്‍ക്കാന്‍ സൗകര്യമുള്ള 15,000 ചതുരശ്രയടി വരുന്ന മറ്റൊരു കെട്ടിടവുമുണ്ട്. പശുക്കളെ കെട്ടിയിടാതെ സ്വന്ത്രമാക്കി വിടുന്ന ലൂസ് ഹൗസിങ് സിസ്റ്റമാണ് ഫാമിൽ. നിലവിലുള്ള 70 കറവപ്പശുക്കളുൾപ്പെടെ 140 എണ്ണത്തിനെ പരിപാലിക്കാൻ ആകെയുള്ളത്  എട്ടു ജോലിക്കാർ.   ഫാമില്‍ കായികാധ്വാനം കുറവായതിനാല്‍ പശുക്കളുടെ എണ്ണം 300  എത്തിയാലും ഇത്രയും േപര്‍ മതിയാവും.  

രാവിലെ നാലുമണിക്ക് പശുക്കൾക്കുള്ള റേഷനുമായി ടിഎംആർ വാഗൺ ഫാമിലേക്കു വരുമ്പോൾതന്നെ പശുക്കൾക്കറിയാം കറവയ്ക്കു സമയമായെന്ന്. ഒരേ സമയം പതിനാറു പശുക്കളെ പത്തു മിനിറ്റിനുള്ളിൽ കറക്കാവുന്ന മിൽക്കിങ് പാർലറിന്റെ റാമ്പിലെത്തുമ്പോൾത്തന്നെ ഒാരോ പശുവിന്റെയും കഴുത്തിൽ പിടിപ്പിച്ചിരിക്കുന്ന ട്രാൻസ്പോണ്ടറിലൂടെ പശു ഏതെന്നും ഉൽപാദനം എത്രയെന്നുമുള്ള വിവരങ്ങൾ കമ്പ്യൂട്ടറിലെത്തും. പിറന്നുവീഴുമ്പോൾ തന്നെ ഘടിപ്പിക്കുന്ന ഈ ട്രാൻസ്പോണ്ടറാണ് ഫാമിനുള്ളിൽ പശുവിന്റെ ജീവിതത്തെ എക്കാലവും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.

ബയോ ഫോം നിറച്ച ടീറ്റ് ഡിപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കിയ അകിടിൽ മിൽക്കിങ് ക്ലസ്റ്റർ ഘടിപ്പിക്കാൻ നിമിഷങ്ങൾ മതി. അകിടിൽ രക്തത്തിന്റെയോ പഴുപ്പിന്റെയോ  നേരിയ അംശമുണ്ടെങ്കിൽപ്പോലും പ്രവർത്തനം നിലയ്ക്കുന്ന ഉയർന്ന സാങ്കേതികവിദ്യയിലുള്ള മിൽക് പാർലർ സംവിധാനമാണിത്. തുടർന്ന്, മനുഷ്യസ്പർശമില്ലാതെ കറന്നെടുക്കുന്ന പാൽ നേരെ ശീതീകരണ സംവിധാനത്തിലേക്കും അവിടെനിന്ന് പായ്ക്കറ്റുകളിലാക്കി വിപണിയിലേക്കും. 

കറവയ്ക്കു ശേഷം ലാക്ടിക് ആസിഡ് സംയുക്തം ചേർന്ന ലാക്ടിസാൻ അകിടിൽ പുരട്ടുന്നു. പാൽ ചുരത്തിയ ശേഷവും മുലക്കാമ്പുകളുടെ അറ്റത്തെ  മസിലുകൾ അൽപ നേരത്തേക്ക് വികസിച്ചിരിക്കും. ഇതുമൂലം കറവ കഴിഞ്ഞ പശു നിലത്തു കിടന്നു വിശ്രമിക്കുമ്പോൾ അകിടിൽ അണുബാധയുണ്ടാവാം. ഈ പ്രശ്നത്തെ ലാക്ടിസാൻ ആവരണം പ്രതിരോധിക്കും. മാത്രമല്ല, കറവ കഴിഞ്ഞു തിരിച്ചെത്തുമ്പോഴേക്കും ആഹാരം മുന്നിലെത്തുന്നതിനാൽ ഉടനെ കിടക്കുന്ന സ്ഥിതി തന്നെ ഒഴിവാകുന്നു. കറവയിലെ ഈ വൃത്തിയും പ്രോട്ടോക്കോളും മൂലം  ആറു മാസത്തിനിടെ അകിടുവീക്കത്തിന്റെ രണ്ട് കേസുകൾ മാത്രമാണ് ഇവിടെയുണ്ടായിട്ടുള്ളതെന്ന് ജയകൃഷ്ണൻ. അതുതന്നെയാണ് നിർണായക നേട്ടവും.

കറവ കഴിഞ്ഞ് പതിനാറു പശുക്കൾക്കും ഒരുമിച്ച് റാമ്പിൽനിന്ന് അതിവേഗം പുറത്തിറങ്ങാവുന്ന റാപ്പിഡ് എക്സിറ്റ് പാർലറാണ് ഇവിടെയുള്ളത്. സമയലാഭം തന്നെ നേട്ടം. പാർലറിൽനിന്നു പുറത്തേക്കു നടന്നുപോകുമ്പോൾത്തന്നെ പശുക്കളുടെ ഭാരം പതിവായി പരിശോധിക്കപ്പെടുന്നുണ്ട്. ട്രാൻസ്പോണ്ടറിൽനിന്നു ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്യുന്ന സോഫ്റ്റ്്െവയർ, ഭാരക്കുറവു കാണിക്കുന്നവ, ബീജാധാനത്തിന് സമയമായവ, കുളമ്പ് മുറിക്കേണ്ടവ എന്നിങ്ങനെ ഒാരോന്നിനെയും സംബന്ധിച്ചു  വിവരങ്ങൾ നൽകുന്നു. ഒാരോന്നും അതത് ആവശ്യങ്ങളിലേക്ക് യന്ത്രസംവിധാനങ്ങളാൽത്തന്നെ നയിക്കപ്പെടുന്നു. പാർലറിൽ നിന്നു പുറത്തേക്കുള്ള വഴിയിൽ കുളമ്പ് അണുനാശിനിയിൽ മുങ്ങാനുള്ള ഫുട് ഡിപ് സംവിധാനം. ചാണകം കൃത്യമായ ഇടവേളകളിൽ വടിച്ചു മാറ്റുന്ന ഒാട്ടമാറ്റിക് ഡങ് സ്ക്രാപ്പർ തൊഴുത്തിനെ സദാ വൃത്തിയാക്കി വയ്ക്കുന്നു. ഒരു കോടി രൂപ ചെലവിട്ട് നിർമിച്ച ബയോഗ്യാസ് പ്ലാന്റിലേക്കാണ് ചാണകവും മൂത്രവും എത്തുന്നത്. ബയോഗ്യാസിനെ വൈദ്യുതിയാക്കി മാറ്റുന്ന ബയോ ജനറേറ്റർ എട്ടു മണിക്കൂർ നേരത്തേക്കുള്ള വൈദ്യുതി ലഭ്യമാക്കുന്നു. 

എച്ച് എഫ് പോലുള്ള വിദേശ ജനുസ്സുകൾ അന്തരീക്ഷ ആർദ്രത കൂടിയ നമ്മുടെ സാഹചര്യം അത്രയൊന്നും സഹിക്കുന്ന വയല്ല. രാജ്യാന്തരനിലവാരമുള്ള ഡെയറി ഫാനുകളും മിസ്റ്റ് സ്പ്രേയറും ഫാമിലെ അന്തരീക്ഷം ആശ്വാസകരമായി നിലനിർത്തുന്നു. ഒാട്ടമാറ്റിക് ഡ്രിങ്കറുകളുടെ അരികിലെത്തിയാൽ കുടിവെള്ളം ഇരമ്പിയെ ത്തും. മസാജിങ് മനുഷ്യർക്കു മാത്രമല്ല, പശുക്കൾക്കും ഉണർവു പകരും. ശരീരം ചൊറിഞ്ഞുകിട്ടാനും മസാജ് ചെയ്യാനും ഉതകുന്ന കൗ ബ്രഷിനരികിൽ ക്യൂ നിൽക്കുന്ന പശുക്കളും കൗതുകകരമായ കാഴ്ച തന്നെ.

ഫോൺ: 9895674634

വെബ്സൈറ്റ്: jkfarmsdairy.com

ലാഭത്തിലേക്കുള്ള ചുവടുകൾ

ഉയർന്ന ഉൽപാദനശേഷിയുള്ള പശുക്കളെ തേടിപ്പോകുമ്പോൾത്തന്നെ മികച്ച ജനിതകഗുണമുള്ള പശുക്കുട്ടികളെ വളർത്തിയെടുക്കാനും ജെ.കെ. ഫാം ശ്രദ്ധവയ്ക്കുന്നു. അതുകൊണ്ടുതന്നെ ഫാമിലുണ്ടാകുന്ന പശുക്കുട്ടികളുടെ പരിപാലനം ഏറെ കരുതലോടെയാണ്. പശുക്കുട്ടി ജനിക്കുമ്പോൾത്തന്നെ അതിനുള്ള ഫീഡ് റേഷൻ നിശ്ചയിക്കപ്പെടുന്നു. ജനിച്ച് ആദ്യ  ഇരുപതു ദിവസം പാൽ മാത്രം. പിന്നീട് മൂന്നു മാസം പ്രായമെത്തും വരെ പാൽപ്പൊടി കലക്കിയത്. ഒപ്പം ചെറിയ അളവിൽ പെല്ലറ്റ്. പിറന്ന് ആദ്യ ആഴ്ച ജോലിക്കാർ തന്നെ പാൽക്കുപ്പിയിൽനിന്ന് നേരിട്ടു നൽകുന്നു. ശേഷം ഒാരോ കിടാവിനും അതിന്റെ റേഷൻ അനുസരിച്ചുള്ള പാലും പാൽപ്പൊടിയും പെല്ലറ്റും ഒാട്ടമാറ്റിക് കാഫ് ഫീഡർ വഴി നല്‍കുന്നു.  ഇന്ത്യയിൽ ഈ സംവിധാനമുള്ള അപൂർവ ഫാമുകളിലൊന്നാണ് ജെ.കെ. കിടാവ് ഇതിനു മുന്നിലെത്തിയാൽ അതിലെ സെൻസർ, ട്രാൻസ്പോണ്ടറിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് നിശ്ചിത േറഷൻ നല്‍കുന്നു. കൂടുതലില്ല, കുറവുമില്ല.

ഫാമിലെ ഒാരോ പശുവിനും റേഷൻ ഈ രീതിയിൽത്തന്നെയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പാലുൽപാദനശേഷിക്ക് ആനുപാതികമായി സാന്ദ്രിത തീറ്റയും പരുഷാഹാരവും കൃത്യമായ അളവിൽ കലർത്തി നൽകുന്ന ടിഎംആർ(Total Mixed Ration)  രീതിയാണ് ഇവിടെയുള്ളത്. അതനുസരിച്ച് ഒാരോ വിഭാഗത്തിനുമുള്ള തീറ്റ തയാറാക്കി പശുക്കളുടെ മുന്നിലെത്തിക്കുന്ന ടിഎംആർ വാഗൺതീറ്റവിതരണം  അനായാസമാക്കുന്നു. 

 ഏതു വ്യവസായസംരംഭവും ലാഭത്തിലെത്താൻ സമയമെടുക്കും. പാൽ ഉൽപാദനശരാശരി ദിവസം പതിമൂന്നു ലീറ്ററിൽ നിലനിർത്തിയാൽ ഫാമിന്റെ പ്രവർത്തനച്ചെലവ് നേടാം. ഈ ലക്ഷ്യം ഏറക്കുറെ എത്തിപ്പിടിച്ചു കഴിഞ്ഞു. വരും വർഷങ്ങളിൽത്തന്നെ മുടക്കുമുതൽ തിരിച്ചു പിടിക്കാനും ക്രമേണ ലാഭത്തിലേക്ക് എത്താനും കഴിയുെമന്നാണ് ജയകൃഷ്ണന്റെ പ്രതീക്ഷ. 

ഇവിടെ താമസിച്ച് ഡെയറി ഫാം സംരംഭത്തെക്കുറിച്ചു പഠിക്കാനാഗ്രഹിക്കുന്നവർക്ക് അതിനു  സൗകര്യമൊരുക്കി   സംസ്ഥാനത്തു ഫാം ടൂറിസത്തിനും പുതിയ മുഖം നൽകുകയാണ് ജയകൃഷ്ണൻ. അതിഥികള്‍ക്കായി ഫോർ സ്റ്റാർ സൗകര്യമുള്ള പത്തു മുറികള്‍ ആറേക്കർ വരുന്ന ഈ ഫാമിനുള്ളിൽ തയാര്‍.  ഡിലാവലുമായി ചേർന്ന് ഡെയറി പരിശീലന കോഴ്സ് തുടങ്ങാനുള്ള ചർച്ചകൾ സജീവം. ദക്ഷിണേന്ത്യയിലെ ഏറ്റവും ആധുനിക ഡെയറി ഫാമുകളിലൊന്നില്‍നിന്ന് ഏറ്റവും നൂതനമായ അറിവുകളും അനുഭവങ്ങളും ആവശ്യക്കാർക്കു നൽകുകയാണു ലക്ഷ്യം.  ലാഭം ഒരു മോശപ്പെട്ട വാക്കല്ല എന്നും ജയകൃഷ്ണൻ ഒാർമിപ്പിക്കുന്നു.